അംബാനിമാർക്ക് ആവോളം അച്്‍ഛേദിൻ

pva-jio-institute-t
SHARE

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നു മോദി സര്‍ക്കാര്‍. ഒരു ട്വിറ്റര്‍ പോസ്റ്റിലൂടെ ജനങ്ങളെ അറിയിച്ച ആ തീരുമാനത്തെക്കൂടി ഇഴകീറാതെ വയ്യ. എന്തെന്നാല്‍ ഇതുവരെ പിറക്കാത്ത ഒരു സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി ഉയര്‍ത്തപ്പെടുന്നത്. ഒരു ട്രോള്‍ പരിഹാസത്തിനപ്പുറം പരിശോധിക്കപ്പെടണം ഈ തീരുമാനം. എന്തെന്നാല്‍ ഇത് തീര്‍ത്തും ഒളിച്ചുകടത്തുന്ന സ്വകാര്യ താല്‍പര്യങ്ങളാണ്.  അംബാനിമാര്‍ അകത്തുകയറുന്ന പിന്‍വാതിലുകള്‍ക്ക് മുന്നില്‍ പ്രതിരോധക്കോട്ടകളുയരുക തന്നെ വേണം.

2016-17 ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാജ്യത്തെ മികച്ച ഇരുപത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിക്കുന്നത്. പത്ത് സ്വാകാര്യസ്ഥാപനങ്ങളേയും പത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളേയും തിരഞ്ഞെടുത്ത് ഫണ്ട് അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എന്‍.ഗോപാലസ്വാമി അധ്യക്ഷനായ, വിദ്യാഭ്യാസ വിദഗ്ധരായ രേണു ഖട്ടോര്‍, തരുണ്‍ ഖന്ന എന്നിവരടങ്ങുന്ന സമിതി അതിനായി രൂപംകൊള്ളുകയുമുണ്ടായി. സമിതിക്ക് ലഭിച്ച 114 അപേക്ഷകളില്‍ നിന്ന് ഇരുപത് സ്ഥാപനങ്ങളെ തിരഞ്ഞെടുത്തെങ്കിലും  ശ്രേഷ്ഠപദവി നല്‍കാന്‍ പര്യാപ്തമായി ഒടുവില്‍ ആറെണ്ണം മാത്രമേ തിരഞ്ഞെടുക്കപ്പെട്ടുള്ളൂ. മൂന്ന് സര്‍ക്കാര്‍ സ്ഥാപനവും മൂന്ന് സ്വകാര്യ സ്ഥാപനവും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡല്‍ഹി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുംബൈ എന്നിവയായിരുന്നു ആ ആറില്‍ ഉള്‍പ്പെട്ട മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. 1964 ല്‍ സ്ഥാപിതമായ രാജസ്ഥാനിലെ ബിര്‍ല ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്, 1953 ല്‍ സ്ഥാപിതമായ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ എന്നിവയാണ് സ്വകാര്യസ്ഥാനങ്ങളിലെ രണ്ടുപേരുകള്‍. അവക്കൊപ്പമാണ് മുകേഷ് അംബാനിയും നിത അംബാനിയും സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും ഇടംപിടിക്കുന്നത്. വിവിധമേഖലകളെ സംയോജിപ്പിക്കുന്ന പഠനശാഖകള്‍, ആവിര്‍ഭാവ സാങ്കേതിക വിദ്യകളില്‍ ഗവേഷണം, ലോകോത്തര നിലവാരമുള്ള ഭൗതിക സാഹചര്യം തുടങ്ങി അനേകം വ്യവസ്ഥകള്‍ ഒത്തുവരുന്നവര്‍ക്ക് മാത്രം ഉറപ്പാക്കാന്‍ കഴിയുന്ന പദവിയാണ് കടലാസിലുള്ള ഒരു സ്ഥാപനത്തെ തേടിയെത്തുന്നത്. 

വോട്ടുവീഴ്ത്താന്‍ പ്രകടനപത്രികകളില്‍ ഇല്ലാത്ത പുഴക്ക് വരെ പാലം കെട്ടും രാഷ്ട്രീയപാര്‍ട്ടികള്‍. എന്നാല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങളെ 

ഒരു ദിവസം കൊണ്ട് കടലാസില്‍ കെട്ടിയുയര്‍ത്തുന്ന മാജിക് ഈ മോദി സര്‍ക്കാരിന് മാത്രം സാധിക്കുന്നതാണ്. വിശദീകരിച്ചും ന്യായീകരിച്ചും കുറിപ്പുകളേറെ പുറത്തിറക്കുന്നുണ്ടെങ്കിലും ഇത് അംബാനിക്കുള്ള കുടപിടുത്തം തന്നെയാണ്. ഒപ്പം വിദ്യാഭ്യാസമേഖലക്കുള്ള അപായമണിയും

ജിയോ സ്ഥാപനം ഇന്ന് നിര്‍ദേശം മാത്രമാണ്. ക്യാംപസില്ല, ഫാക്കല്‍റ്റിയില്ല, കോഴ്സുകളില്ല, എന്തിന് നമ്മള്‍ ഗൂഗിളില്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന തിരഞ്ഞുനോക്കിയാല്‍ ഒരു വെബ്പേജുപോലും കാണാനാകില്ല. സമൂഹമാധ്യമങ്ങളിലും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ട്വിറ്ററില്‍ കാണാനാകുക ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നപേരില്‍ പ്രതിഷേധക്കാര്‍ തീര്‍ത്ത പാരഡി അക്കൗണ്ട് മാത്രമാണ്. അങ്ങനെയാതൊരുമേല്‍വിലാസവുമില്ലാത്ത ആദ്യ ആലോചനകളില്‍ മാത്രം നില്‍ക്കുന്ന ഒരു സ്ഥാപനമാണ് ശ്രേഷ്ഠമാക്കപ്പെടുന്നത്.  ആ ശ്രേഷ്ഠ പദവിയിലൂടെ അവരെ തേടിയെത്തുന്നത് 1000 കോടിയുടെ ധനസഹായം മാത്രമല്ല. പിറക്കുന്നതിന് മുന്‍പേ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലാത്ത സ്വതന്ത്ര-സ്വയംഭരണ പദവിയാണ് അംബാനി ഇന്‍സ്റ്റിറ്റ്യൂട്ടിന് സാധ്യമാകുന്നത്. ലാഭേച്ഛക്കപ്പുറം പ്രവര്‍ത്തിക്കുന്ന വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളവര്‍ ആനുകൂല്യങ്ങള്‍ക്കായി ക്യൂ നിന്ന് കാലുകഴക്കുന്ന കാലത്താണ് സര്‍ക്കാര്‍ പിറവിയെടുക്കും മുന്നേ സ്വര്‍ണത്തൊട്ടിലൊരുക്കി അംബാനിക്കായി കാത്തിരിക്കുന്നത്. 

എല്ലാവിവാദങ്ങള്‍ക്കും മറുപടിയും ഇവര്‍ അച്ചടിച്ചുവച്ചിട്ടുണ്ട്. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഗ്രീന്‍ഫീല്‍ഡ് കാറ്റഗറിയിലൂടെയാണ് തിരഞ്ഞെടുത്തത്. എന്താണ് ഗ്രീന്‍ഫീല്‍ഡ് കാറ്റഗറി. നിലവില്‍ വന്നിട്ടില്ലെങ്കിലും പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിനും ശ്രേഷ്ഠപദവി നല്‍കാനുള്ള വകുപ്പാണത്. ഓര്‍ക്കണം ഇരുപത് സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ ചുമതലപ്പെട്ട് ആറുസ്ഥാനങ്ങള്‍ മാത്രമേ ആ യോഗ്യതക്കരികിലൂള്ളൂ എന്ന് കണ്ടെത്തിയവരാണ് , ജെഎന്‍യുവിനേയും അശോക യൂണിവേഴ്സിറ്റിയേയുമെല്ലാം പടിക്ക് പുറത്തുനിര്‍ത്തിയവരാണ് അംബാനിക്കായി പുതിയ വാതില്‍ തുറന്നിടുന്നത്. 

വിശദീകരണം, യുജിസി ചട്ടം 6.1 ഉപവകുപ്പ് ഉദ്ധരിച്ചാണ്. നിര്‍ദ്ദിഷ്ഠ പദ്ധതികളേയും പരിഗണിക്കാമത്രേ. ‌അപ്രകാരം ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രൂപരേഖ വിലയിരുത്തിയാണ് സമിതി ശ്രേഷ്ഠപദവി വച്ചുനീട്ടാന്‍ തീരുമാനമെടുത്തത്. അതായത് ഏക്കറുകണക്കിന് സ്ഥലമുള്ള, കോടിക്കണക്കിന് ഫണ്ടുള്ള,  ഇന്ത്യയിലുടനീളം സ്കൂള്‍ നെറ്റ്‌വര്‍ക്കുകളുള്ള ഒരു ഗ്രൂപ്പ് പുണെ കേന്ദ്രമായി ഒരു ലോകോത്തര സ്ഥാപനം കെട്ടിയുയര്‍ത്തുമ്പോള്‍ അതിന് ശ്രേഷ്ഠപദവി നല്‍കേണ്ടെയെന്ന് മറുചോദ്യം. യുജിസി ചട്ടം ഇതിനായി ഭേദഗതി വരുത്തിയെന്ന വിവാദവും ഉയരുന്നുണ്ട്. ഇനി ചട്ടം ഭേദഗതി ചെയ്തായാലും  ചെയ്യാതെആയാലും ഇവിടെയെല്ലാം അംബാനി അകത്തുകയറുന്നത് കോര്‍പറേറ്റ് വിധേയത്വം എത്രമേല്‍ ആഴത്തിലായെന്നതിന്റെ പ്രകടമായ തെളിവുതന്നെയാണ്. അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ സൂചനകൂടിയാണ്. പൊതുസ്ഥാപനങ്ങളെ തഴഞ്ഞും കോര്‍പറേറ്റുകള്‍ക്ക് കുടപിടിക്കുന്നതിന്റെ കാഴ്ച കൂടിയാണ്. അംബാനിക്കായി പരസ്യമോഡലായ മോദിയുടെ ഇന്ത്യ എത്രമേല്‍  സ്വകാര്യതാല്‍പര്യങ്ങളിലേക്ക് ചായുന്നുവെന്നതുകൂടി കാണണം. 

ഇരട്ടപ്രഹരം തന്നെയാണ് ഇവര്‍ വിദ്യാഭ്യാസമേഖലക്ക് എല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് ജെഎന്‍യുവായാലും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായാലും ഹൈദരാബാദ് സര്‍വകലാശാലയായാലും കാവിവല്‍ക്കരിക്കാന്‍ കഷ്ടപ്പെടുന്നവര്‍ മറുവശത്ത് അതേ മേഖലയെ വിറ്റുതുലക്കാന്‍ പിന്‍വാതിലുകള്‍ തുറന്നിടുന്നു. ട്രോള്‍ വാറിനപ്പുറം ഉയരണം പ്രതിഷേധം. ആദ്യം പറഞ്ഞതില്‍ അവസാനിപ്പിക്കാം. അംബാനിമാര്‍ അകത്തുകയറുന്ന പിന്‍വാതിലുകള്‍ക്ക് മുന്നില്‍ പ്രതിരോധക്കോട്ടകളുയരുക തന്നെ വേണം.

MORE IN INDIA
SHOW MORE