ജെഡിയുവിനെ ഒപ്പംനിര്‍ത്താന്‍ ബി.ജെ.പി; അമിത്ഷാ നിതീഷ് കുമാറുമായി ചര്‍ച്ച നടത്തി

amithshah-nitish-t
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തി. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം തന്നെയായിരുന്നു ചര്‍ച്ചകളിലെ പ്രധാന വിഷയം. ഇടഞ്ഞുനില്‍ക്കുന്ന ജനതാദള്‍ യുവിനെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. 

രാവിലെ പട്നയിലെത്തിയ അമിത് ഷായ്‍ക്കായി നിതീഷ് കുമാര്‍ ഒരുക്കിയ പ്രഭാത ഭക്ഷണത്തിലെ പ്രധാന വിഭവം സീറ്റ് വിഭജന ചര്‍ച്ചകളായിരുന്നു.  ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ് റായും കൂടെയുണ്ടായിരുന്നു. ആകെയുള്ള നാല്‍പത് സീറ്റുകളില്‍ ഇരുപത് എണ്ണം വേണമെന്നാണ് ജനതാദള്‍ യുവിന്റെ ആവശ്യം. എന്നാല്‍ ബി.ജെ.പിയും സഖ്യകക്ഷികളായ എല്‍.ജെ.പിയും ആര്‍.എല്‍.എസ്.പിയും കൂടി കഴിഞ്ഞ തവണ നേടിയത് 31 സീറ്റാണ്. ബി.ജെ.പി ഒറ്റയ്‍ക്ക് ഇരുപത്തിരണ്ടും. ഈ സാഹചര്യത്തില്‍ ജനതാദളിന് മാത്രം ഇരുപത് സീറ്റ് നല്‍കാനാവില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്. പരമാവധി പത്ത് സീറ്റ് നല്‍കുമെന്നാണ് ബി.ജെ.പി അറിയിച്ചിട്ടുള്ളത്. ബാക്കി സീറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ന് രാത്രി അമിത് ഷായ്‍ക്കായി നിതീഷ് ഒരുക്കിയ വിരുന്നില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മഹാസഖ്യം വിട്ട് നിതീഷ് ബി.ജെ.പിയുമായി സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ഇതാദ്യമായിട്ടാണ് അമിത് ഷാ ബിഹാറിലെത്തുന്നത്. 

MORE IN INDIA
SHOW MORE