സമാനലിംഗത്തിലും ജീവിതപങ്കാളിയാകാം; അനുകൂലിച്ച് സുപ്രീം കോടതി

homesexual-sc
SHARE

ജീവിതപങ്കാളി എതിര്‍ലിംഗത്തിലുളളവര്‍ തന്നെ ആകണമെന്നില്ലെന്ന് സുപ്രീംകോടതി. സ്വന്തം ലിംഗത്തില്‍പ്പെട്ടവരെ പങ്കാളിയായി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഭരണഘടനാബെഞ്ചിന്‍റെ പരാമര്‍ശം.

ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം, ഇഷ്ടമുളള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുളള അവകാശം ഉറപ്പുനല്‍കുന്നതാണ്. ഹാദിയ കേസിലും ഇക്കാര്യം അടിവരയിട്ടു വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളി സ്വന്തം ലിംഗത്തില്‍ നിന്നോ, എതിര്‍ലിംഗത്തില്‍ നിന്നോ ആകാമെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢൻ നിരീക്ഷിച്ചു.

സ്വവര്‍ഗരതി കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പിന്‍റെ സാധുത മാത്രമെ ഭരണഘടനാബെഞ്ച് പരിശോധിക്കുകയുളളുവെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. എന്നാല്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുളള അവകാശം സ്ഥാപിച്ചുകിട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. മുന്നൂറ്റിയെഴുത്തിയേഴാം വകുപ്പ് ഭരണഘടനാവിരുദ്ധമാണ്. സ്വവര്‍ഗരതി എന്നത് വ്യക്തിയുടെ തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമാണെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. 

അന്‍പത് വര്‍ഷം പഴക്കമുളള നിയമത്തിലെ വ്യവസ്ഥകള്‍ സാമൂഹ്യമാറ്റത്തിന് അനുസരിച്ച് പുതുക്കപ്പെടേണ്ടതാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. കേസില്‍ ഭരണഘടനാബെഞ്ചിന് മുന്നില്‍ നാളെയും വാദം തുടരും.

MORE IN INDIA
SHOW MORE