മദ്യപിച്ചെത്തിയ ഡ്രൈവര്‍ യുവതിയുമായി പറന്നു; മനഃസ്സാന്നിധ്യം രക്ഷയായത് ഇങ്ങനെ

ola-driver
SHARE

രാത്രി വിമാനത്താവളത്തിലേക്ക് പോകാൻ ടാക്സി വിളിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ. കാറിലിരുന്ന് യുവതി ഉറക്കെ അലറിവിളിച്ചത് കേട്ട ടോൾ ഗേറ്റ് ഉദ്യോഗസ്ഥരാണ് യുവതിയെ രക്ഷപെടുത്തിയത്. യുവതിയുടെ സമയോചിത ഇടപെടലാണ് സംഭവത്തിൽ നിർണായകമായത്.

ബംഗളുരുവിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. വിമാനത്താവളത്തിലേക്ക് പോകാൻ രാത്രി 11.30യോടെ യുവതി ഒല ടാക്സി ബുക്ക് ചെയ്തു. ബനസ്വദിയിൽ നിന്നാണ് യുവതി ടാക്സിയിൽ കയറിയത്. എന്നാൽ വിമാനത്താവളത്തിലേക്കുള്ള വഴി പോകാതെ ദേവനഹള്ളിയിലേക്കാണ് കാർ പോയത്. ട്രാഫിക് സിഗ്നലുകളിലും പ്രധാന ജംഗ്ഷനുകളിലും അമിതവേഗത്തിൽ പാഞ്ഞതോടെ യുവതിക്ക് സംശയം തോന്നി. 

സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിനങ്ങനെ; ''എയർപോർട്ടിലേക്കുള്ള വഴിയല്ല പോകുന്നതെന്ന് മനസ്സിലായതോടെ പേടി തോന്നി. ദൂരെനിന്നുതന്നെ ടോൾ ഗേറ്റ് കണ്ടിരുന്നു. രക്ഷപെടണമെങ്കിൽ ഇതാണ് അവസാനവഴിയെന്ന് ഉള്ളിൽ തോന്നി. കാറിന്റെ ഗ്ലാസില്‍ തട്ടി ഉറക്കെ അലറിവിളിച്ചു. ടോൾ ഗേറ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും മറ്റ് ഡ്രൈവർമാരും അത് കണ്ടു. കൈകാണിച്ചിട്ടും നിർത്താതെ പോയതോടെ ടാക്സിയെ അവരിൽ കുറച്ചുപേർ ചെയ്സ് ചെയ്തു. 400 മീറ്റർ പിന്നിട്ടപ്പോഴേക്കും അവർ ഡ്രൈവറെ പിടികൂടി. ''

യുവതിയുടെ മനസ്സാന്നിധ്യമാണ് അവരെ രക്ഷിച്ചതെന്ന് പൊലീസും പറയുന്നു. ആന്ധ്രാ പ്രദേശ് സ്വദേശി സുരേഷ് കുമാറിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു.  സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നെന്നാണ് വിവരം.  

സംഭവത്തിൽ യുവതിക്ക് പിന്തുണ അറിയിച്ച് ഒല അധികൃതർ രംഗത്തെത്തി. ടാക്സി ഒലയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കുമെന്നും ഒല അധികൃതർ അറിയിച്ചു. 

ഒരു മാസം മുൻപ് ബംഗളുരുവിൽ ഒല ഡ്രൈവർ, കാറിനുള്ളിൽ കയറിയ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.  

MORE IN INDIA
SHOW MORE