സ്ത്രീകൾ ആശ്വസിക്കാൻ വരട്ടെ; പ്രസവാവധി നീട്ടിയുള്ള നിയമം ‌ജോലി നഷ്ടപ്പെടുത്തും

women-work
SHARE

സ്ത്രീകളുടെ തൊഴിൽ രംഗത്തെ മുന്നേറ്റവും കടന്നുവരവും ലക്ഷ്യം വച്ച് സർക്കാർ നടപ്പാക്കുന്ന പുതിയ നിയമം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സർവെ ഫലം. സ്ത്രീകളുടെ പ്രസവാവധിയുടെ ദൈർഘ്യം നീട്ടിക്കൊണ്ടുള്ളതാണ് പുതിയ നിയമം . കാനഡ , നോർവെ എന്നീ രാജ്യങ്ങൾക്കു ശേഷം ഏറ്റവും മികച്ച സ്ത്രീ പുരോഗമന തൊഴിൽമേഖല ഇന്ത്യയായിരിക്കുമെന്നാണ് സർക്കാർ ഉറപ്പ് നൽകുന്നത്. എന്നാൽ നിയമം സ്ത്രീകളുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്നാണ് ടീം ലീസ് സർവീസസിന്റെ സർവെ ഫലം വ്യക്തമാക്കുന്നത്. 

ചെറുകിട വ്യവസായ സ്ഥാപനങ്ങളും സ്റ്റാർട്ട് അപ്പുകളും സ്ത്രീകൾക്ക് തൊഴിൽ നൽകുന്നതിൽ നിന്നും പിന്തിരിയാൻ ഈ നിയമം കാരണമാകും. 2019 മാർച്ച് ആകുമ്പോഴേക്കും പത്തോളം തൊഴിൽ മേഖലകളിൽ 1.1 ദശലക്ഷം മുതൽ 1.8 ദശലക്ഷം സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് കണക്ക്. ഇന്ത്യ പോലൊരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല വാർത്തയല്ല.പല മേഖലകളിലെയും തൊഴിൽ ശക്തി കുറയാൻ ഇത് കാരണമാകും. എത്ര പുരോഗമനം വാദിച്ചാലും ഇപ്പോഴും സ്ത്രീകൾ മികച്ച തൊഴിൽ നേടുന്നതിന് സമൂഹം വിലക്ക് കൽപ്പിക്കുന്നുണ്ട്. സമ്പന്ന കുടുംബങ്ങളിലെ വിദ്യാഭ്യാസമുള്ള സ്ത്രീകൾ ഭൂരിഭാഗവും ജോലി ചെയ്യുന്നവരല്ല. പ്രായമായ കുടുംബാംഗങ്ങളെ പരിചരിക്കുന്നതിനും കുട്ടികളെ നോക്കുന്നതിനുമായി പല സ്ത്രീകളും തൊഴിൽ ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്.വീട്ടിലെ പുരുഷന്റെ വരുമാനം കൊണ്ട് ജീവിക്കാൻ സാധിക്കാതെ വരുമ്പോൾ മാത്രമാണ് രാജ്യത്ത് ഭൂരിഭാഗം സ്ത്രീകളും തൊഴിൽ തേടുന്നത്.

ഈ സാഹചര്യത്തിൽ സ്ത്രീകൾ കൂടുതലായി തൊഴിൽ രംഗത്തേക്ക് കടന്നു വരുന്നത് പ്രോൽസാഹിപ്പിക്കാനാണ് നരേന്ദ്രമോദി സർക്കാർ സംഘടിത മേഖലയിലെ  പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി കൂട്ടിയത്. അതും ശമ്പളത്തോടുകൂടി. എന്നാൽ ചെറുകിട സ്ഥാപനങ്ങൾക്ക് ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുക. ഒരു സ്ഥാപനത്തിലെ അഞ്ചിൽ രണ്ട് സ്ത്രീ തൊഴിലാളികൾ പ്രസവാവധിയിൽ പ്രവേശിച്ചാൽ സ്ഥാപനം നിർത്തേണ്ടി വരുമെന്നാണ് പല തൊഴിൽദാതാക്കളും പറയുന്നത്. മറ്റ് രാജ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിനായുള്ള സഹായം ലഭിക്കുമെന്നും എന്നാൽ ഇവിടെ അതില്ലെന്നും ഇവര്‍ പറയുന്നു. എന്തായാലും നിയമം സ്ത്രീകൾക്ക് ദോഷകരമായി മാത്രമേ ബാധിക്കൂവെന്നാണ് സർവെ ഫലം വ്യക്തമാക്കുന്നത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.