അമിത് ഷാ വാരിക്കൂട്ടിയ അസാധു നോട്ടുകള്‍

ibw-amit-shah-t
SHARE

നോട്ട് നിരോധനം കൊണ്ട് നരേന്ദ്ര മോദി ശരിക്കും ലക്ഷ്യംവെച്ചത് എന്തായിരുന്നു? പത്തൊന്‍പത് മാസങ്ങള്‍ക്കിപ്പുറവും രാജ്യത്തിന് കൃത്യമായ ഉത്തരമില്ല. പന്തിനനുസരിച്ച് ഗോള്‍ പോസ്റ്റ് മാറ്റുന്നതുപോലെ നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യങ്ങള്‍ മാറ്റിമാറ്റി പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ, പുതിയ ചില കഥകള്‍ പുറത്തുവരുമ്പോള്‍ നോട്ട് നിരോധനത്തിന്‍റെ ഉദ്ദേശശുദ്ധി പൂര്‍ണമായും സംശയത്തിന്‍റെ നിഴലിലാണ്.  

2016 നവംബര്‍ എട്ടിനാണ് നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അതുവരെ വിനിമയത്തിലുണ്ടായിരുന്ന അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അതോടെ അസാധുവായി. 

എന്തിനായിരുന്നു ജനങ്ങള്‍ ഇക്കണ്ട ത്യാഗമെല്ലാം സഹിച്ചത്? ക്ഷപ്പെട്ട് സമ്പാദിച്ച പണത്തിനായി ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ മണിക്കൂറുകളോളം ക്യൂ നിന്നത് ? കര്‍ഷകര്‍ ആത്മഹത്യചെയ്തത്? കച്ചവടക്കാര്‍ നട്ടംതിരി‍ഞ്ഞത്? നോട്ട് നിരോധനത്തിന് പിന്നിലെ അറിയാക്കഥകള്‍ ഒാരോന്നായി പുറത്തുവരികയാണ്. പക്ഷെ, ഇതുവരെ പുറത്തുവന്നതെല്ലാം മഞ്ഞുമലയുടെ അറ്റംമാത്രമാണെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. നിരോധിക്കപ്പെട്ട നോട്ടുകള്‍ ഏറ്റവും അധികം നിക്ഷേപിക്കപ്പെട്ടത് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലാണെന്നാണ് വിവരാവകാശ രേഖ. നവംബര്‍ എട്ട് മുതല്‍ 14 വരെ അഞ്ച് ദിവസത്തിനിടെ, 745.59 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കില്‍ നടന്നത്. ഇതുനുശേഷം സഹകരണ ബാങ്കിലൂടെ നിക്ഷേപം നടത്തുന്നത് ധനമന്ത്രാലയം അവസാനിപ്പിച്ചിരുന്നു എന്നതാണ് സുപ്രധാന വസ്തുത. 

അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്‍റെ ഒൗദ്യോഗിക വെബ്സൈറ്റ് പ്രകാരം വര്‍ഷങ്ങളായി അമിത് ഷാ ബാങ്കിന്‍റെ ഡയറക്ടറാണ്. തീര്‍ന്നില്ല, രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കാണ് നിരോധിത നോട്ടുകളുടെ നിക്ഷേപത്തില്‍ രണ്ടാം സ്ഥാനത്ത്. ഗുജറാത്തിലെ ബിജെപി മന്ത്രി ജയേഷ്ഭായി വിത്തല്‍ഭായി രാദാദ്യ ചെയര്‍മാനായ ബാങ്കാണിത്. 693.19 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് ഇവിടെ നിക്ഷേപിച്ചത്. ബിജെപിയുമായി ബന്ധമുള്ള ഗുജറാത്തിലെ 11 ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത് 3118.5 കോടി രൂപയുടെ അസാധുനോട്ടുകളാണ്. രാജ്യത്ത് സഹകരണ ബാങ്കുകളിലെത്തിയ 22,270 കോടിയുടെ നിക്ഷേപത്തില്‍ 14293.71 കോടി രൂപയുടെ നിക്ഷേപവും ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകള്‍ക്കാണ് ലഭിച്ചത്. 

കള്ളനോട്ട് ഇല്ലാതാക്കുക, ഭീകരഭീഷണി ഇല്ലാതാക്കുക എന്നിവയായിരുന്നു നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യമായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ പ്രോല്‍സാഹിപ്പിക്കുക, നോട്ട് ഉപയോഗം കുറക്കുക എന്നിവയാണ് ലക്ഷ്യങ്ങളെന്ന് പിന്നീട് വിശദീകരിച്ചു. പക്ഷെ, യഥാര്‍ഥലക്ഷ്യം അതൊന്നുമായിരുന്നില്ലെന്ന് ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഒപ്പം മോദിയുടെ അഴിമതി വിരുദ്ധതയുടെ ചെമ്പ് തെളിഞ്ഞുകൊണ്ടിരിക്കുന്നു.

വിമര്‍ശിച്ചവരെ പരിഹസിച്ച് വായടപ്പിക്കാനും ജനങ്ങളെ രാജ്യസ്നേഹം പറഞ്ഞ് കൂടെ നിര്‍ത്താനുമാണ് നരേന്ദ്ര മോദി ശ്രമിച്ചത്. നോട്ട് നിരോധം ഏല്‍പ്പിച്ച പരുക്ക് സമ്പദ് വ്യവസ്ഥ ഇനിയും മറികടന്നിട്ടില്ല. നോട്ട് നിരോധനത്തോടെ ഭീകരര്‍ മാളത്തിലൊളിക്കുമെന്ന് പറഞ്ഞവര്‍ പത്തൊന്‍പത് മാസങ്ങള്‍ക്കിപ്പുറം ഭീകര ഭീഷണി വര്‍ദ്ധിച്ചുവെന്ന് പറഞ്ഞ് ജമ്മുകശ്മീരില്‍ സഖ്യസര്‍ക്കാരിനെ താഴേയിട്ടു. നോട്ട് നിരോധനത്തിലൂടെ ഇല്ലാതായ ഭീകരതയും കശ്മീരിലെ ഭീകരതയും വേറെവേറെയാണെന്നായിരിക്കും ഇനി നിരത്താനിരിക്കുന്ന ന്യായീകരണം. തൊടുന്യായങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലവരാണ് നാടുവാഴുന്നത്. അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കിന്‍റെ കണക്കുകള്‍ പുറത്തുവിട്ട നബാര്‍ഡ് സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തി. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കാണെന്നും അസാധുനോട്ടുകളുടെ റെക്കോര്‍ഡ് നിക്ഷേപമുണ്ടായതില്‍ അസ്വാഭാവികതയില്ലെന്നുമാണ് നബാര്‍ഡിന്‍റെ വാദം. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെ 98 ശതമാനം അക്കൗണ്ടുകള്‍ വഴിയുമെത്തിയത് രണ്ടര ലക്ഷത്തില്‍ താഴെ രൂപ വീതമാണെന്നാണ് വിശദീകരണം. പക്ഷെ ഇതുകൊണ്ടൊന്നും സംശയത്തിന്‍റെ പുകമറ മായുന്നില്ല. അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ കമ്പനിയുടെ ആസ്തി ക്രമാതീതമായി  വര്‍ദ്ധിച്ചുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കും രാജ്യത്തിന്‍റെ പ്രധാനസേവകനോ, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സര്‍വാധിപതിയോ ഒരുവാക്ക് പോലും മിണ്ടിയിട്ടില്ല. നോട്ട് നിരോധനം പരാജയമായിരുവെന്ന് ഏതാണ് തെളിഞ്ഞുകഴിഞ്ഞു. എന്നാല്‍ അതിന്‍റെ മറവില്‍ നടന്ന ക്രമക്കേടുകളുടെ സത്യാവസ്ഥ ഇനിയും പുറത്തുവരേണ്ടിയിരിക്കുന്നു. എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാന്‍ കഴിയില്ലല്ലോ!   

അക്രമങ്ങളെയും അഴിമതികളെയും കുറിച്ച് പറയുന്നതിനിടയില്‍ ഉള്ളുതൊടുന്ന ചില നല്ല കാഴ്ച്ചകളും പങ്കുവയ്ക്കണമല്ലോ. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ ഒരു സ്കൂളിലെ കുട്ടികളും അവരുടെ ചങ്കായ ജി ഭഗവാന്‍ എന്ന അധ്യാപകനും രാജ്യമാകെ ചര്‍ച്ചയായി. അധ്യാപക വിദ്യാര്‍ഥി ദൃ‍ഢ ബന്ധത്തിലെ ഉദാത്തമാതൃകയാണ് ഭഗവാന്‍മാഷും കുട്ടികളും. മാണിക്യക്കല്ലായ മാഷ് നല്‍കുന്നത് തിരിച്ചറിവിന്‍റെ ചില പാഠങ്ങളാണ്. 

ഒരധ്യാപകനെ വിദ്യാര്‍ഥികള്‍ക്ക് എത്രത്തോളം സ്നേഹിക്കാന്‍ കഴിയും? ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വെളിഗരം സര്‍ക്കാര്‍ സ്കൂളിലെ ഈ കാഴ്ച്ചകള്‍.  പ്രിയപ്പെട്ട അധ്യാപകന്‍ സ്ഥലം മാറിപ്പോകാന്‍ ഒരുങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ ഒന്നാകെ വട്ടം പിടിച്ചു. വിടില്ല, വിടില്ല എന്നു പറഞ്ഞ് വാവിട്ടുകരഞ്ഞു. കാല്‍ക്കല്‍ വീണു. സ്കൂള്‍ ഗേയ്റ്റ് അടച്ച് സ്നേഹ മതില്‍ തീര്‍ത്തു. മക്കളെപ്പോലെ സ്നേഹിച്ച കുട്ടികളുടെ കുരുത്തക്കേടിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകതെ അധ്യാപകനും പൊട്ടിക്കരഞ്ഞു. ജി ഭഗവാന്‍ മാഷും അദ്ദേഹത്തിന്‍റെ വിദ്യാര്‍ഥികളും അങ്ങിനെ രാജ്യത്ത് നന്മയുടെ ഒരധ്യായം എഴുതിച്ചേര്‍ത്തു. വെളിഗരം സ്കൂളിലെ വികാര നിര്‍ഭരമായ കാഴ്്ച്ചകള്‍ കാണുന്നവരുടെയെല്ലാം ഇടനെഞ്ചില്‍ വിങ്ങലനുഭവപ്പെടും. കണ്ണുകള്‍ അറിയാതെ നിറയും. 

ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ അവഗണിക്കപ്പെട്ടിരുന്ന, അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയ സര്‍ക്കാര്‍ സ്കൂളിലേയ്ക്ക് നാല് വര്‍ഷം മുന്‍പാണ് 24 വയസുള്ള അധ്യാപകനെത്തുന്നത്. ഒരു നിയോഗം പോലെ. സ്നേഹത്തിന്‍റെ മധുരച്ചൂരല്‍ കൊണ്ട് ആ അധ്യാപകന്‍ കുട്ടികളുടെ മനസുകീഴടക്കി. കളിക്കൂട്ടുകാരനായി. കഥകള്‍ പറ‍ഞ്ഞു. വീട്ടുവിശേഷങ്ങള്‍ ചോദിച്ചു. പാഠപുസ്തകങ്ങളെ ഇഷ്ടപ്പെടാന്‍ പഠിപ്പിച്ചു. ക്ലാസ് മുറിയുടെ ചുവരുകള്‍ക്കപ്പുറം സ്വപ്നങ്ങള്‍ കാണാന്‍ പ്രചോദിപ്പിച്ചു. ഇംഗ്ലീഷിനോടുള്ള പേടിമാറ്റി. വിജയങ്ങള്‍ സമ്മാനിച്ചു. സ്കൂളിലേക്ക് കുട്ടികളെയെത്തിക്കാന്‍ മുന്നിട്ടിറങ്ങി. സാധാരണക്കാരായ ഒരുപാട് രക്ഷിതാക്കള്‍ക്ക് മക്കളെക്കുറിച്ചുള്ള പ്രതീക്ഷകളുടെ താക്കോലായി അങ്ങിനെ ആ മാഷ്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായതിനേക്കാള്‍ കൂടുതല്‍ അധ്യാപകരുണ്ടായതിനാലാണ് ഭഗവാന്‍ മാഷിന് സ്ഥലം മാറിപ്പോകേണ്ട സാഹചര്യമുണ്ടായത്. എന്നാല്‍, വിദ്യാര്‍ഥികളുടെ വേറിട്ട പ്രതിഷേധം താല്‍ക്കാലികമായി വിജയം കണ്ടു. സ്ഥലംമാറ്റം ഉടന്‍വേണ്ടെന്ന് തീരുമാനമായി. എന്നാല്‍ ഭഗവാന്‍ മാഷ് ഹീറോയായത് പലര്‍ക്കും അത്രപിടിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ മാനസീകമായി തളര്‍ത്തി. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പലരുടെയും കണ്ണിലെ കരടാണ് മാഷിന്ന്. 

ഇതുപോലെയൊരു അധ്യാപകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയവരുണ്ടാകാം. അല്ലെങ്കില്‍ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച അധ്യാപകനെ ഒാര്‍മ്മകളില്‍ നിന്ന് വീണ്ടെടുത്തവരുണ്ടാം. ഏതായാലും ഭഗവാന്‍ മാഷ് നാടിനും നമുക്കെല്ലാവര്‍ക്കും നല്‍കുന്നത് രണ്ട് പ്രധാനപ്പെട്ട പാഠങ്ങളാണ്. പൊതുവിദ്യാലയങ്ങളെ മികവുറ്റതാക്കാനുള്ള ചൂണ്ടുപലകയാണ് ഒന്ന്. ഒരധ്യാപകന്‍ എങ്ങിനെയൊക്കെയായിരിക്കണം എന്ന മാര്‍ഗരേഖയാണ് മറ്റൊന്ന്. ഇന്ത്യയെന്ന അരപ്പട്ടിണിക്കാരന്‍റെ നാടിന്‍റെ നാളെകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിലനില്‍ക്കുന്നത് ഗ്രാമങ്ങളിലാണ്.  അവിടെയുള്ള പൊതുവിദ്യാലയങ്ങളിലാണ്. എന്നാല്‍ അവഗണനയുടെ ഇരുള്‍മൂടിക്കിടക്കുകയാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളും. തകര്‍ന്നുവീഴാവുന്ന കൂരകളില്‍ കുരുന്നുകള്‍ അക്ഷരമഭ്യസിക്കുന്നു. ജീവിതത്തിന്‍റെ പരീക്ഷകളില്‍ തോറ്റ് എങ്ങുമെത്താതെ പോകുന്നു. മാറ്റത്തിന്‍റെ,  മുന്നേറ്റത്തിന്‍റെ പുതിയ ചരിത്രങ്ങളെഴുതാന്‍ ഈ നാടിന് ഒരുപാട് ഭഗവാന്‍‌മാഷുമാരെ ആവശ്യമുണ്ട്. ഭൂഗോളത്തിന്‍റെ സപ്ന്ദനം മാത്തമാറ്റിക്സിലാണെന്ന് പ്രഖ്യാപിച്ച് ലാടം കെട്ടിയ ബൂട്ടുകൊണ്ട് കുട്ടികളുടെ കണ്ണില്‍ നിന്ന് പൊന്നീച്ച പാറിക്കുന്ന ചാക്കോമാഷുമാരല്ല യഥാര്‍ഥ മാതൃകയെന്ന് വെളിഗര സ്കൂളിലെ കാഴ്ച്ചകള്‍ പറഞ്ഞുതരും. അഞ്ചു മുതല്‍ പതിനേഴുവയസുവരെയുള്ള പ്രായത്തില്‍ ഒരു കുട്ടി 25,000 മണിക്കൂര്‍ സ്കൂളില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. വ്യക്തിത്വവും ഭാവിയും നിര്‍ണയിക്കുന്ന സുപ്രധാന കാലയളവ്. ഒാരോ വിദ്യാര്‍ഥിയെയും ചുവടുപിഴയ്ക്കാതെ മുന്നോട്ടുകൊണ്ടുപോകേണ്ടത് അധ്യാപകരാണ്. ഭഗവാന്‍ മാഷേപ്പോലുള്ളവരുടെ പ്രസക്തി അടിവരയിടുന്നത് ഇവിടെയാണ്. 

ഒരധ്യാപകന് പിഴയ്ക്കുമ്പോള്‍ ഒരു തലമുറയാണ് പെരുവഴിയിലാകുന്നത്. വിദ്യാലയങ്ങളില്‍ നന്മയുടെ വെളിച്ചം വിതറുന്ന ഭഗവാന്‍ മാഷുമാര്‍ ഒരുപാടുണ്ടാകട്ടെ. അതേ, മാഷാണ് മാഷേ മാഷ്.

MORE IN INDIA
SHOW MORE