2019: പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ല വലിയ കാര്യം; രാഹുലിന് തേജസ്വിയുടെ ടിപ്സ്

rahul,-tejaswi
SHARE

2019  'കൈ' പ്പിടിയിലാക്കാൻ അടവുകൾ പലതും പയറ്റുകയാണ് കോൺഗ്രസ്. ചെറുപാർട്ടികൾ പലരും ഒപ്പം ചേരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. 2019 ലേക്ക് കോൺഗ്രസിനും രാഹുലിനും ചില ഉപദേശങ്ങളുണ്ട് ആർജെഡി നേതാവ് തേജസ്വി യാദവിൻറെ പക്കൽ. 

പ്രധാനമന്ത്രിസ്ഥാനാർത്ഥി ആരാണെന്നുള്ളത് രണ്ടാമതു മാത്രം പരിഗണിക്കേണ്ട കാര്യമാണെന്നാണ് തേജസ്വിയുടെ പക്ഷം. ഒന്നാം യുപിഎ സർക്കാരിൻറെ കാലത്ത് മൻമോഹൻസിങ്ങ് പ്രധാനമന്ത്രിയാകണമെന്നു തീരുമാനിച്ചത് തിരഞ്ഞെടുപ്പിനു ശേഷമാണെന്നും ആർജെഡി നേതാവ് ഓർമ്മിപ്പിച്ചു.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദിയുള്ളത് ബിജെപിക്ക് ഗുണകരമാവില്ലേ എന്ന ചോദ്യത്തോട് എൻഡിഎയിൽ തർക്കങ്ങളുണ്ടെന്നും  സഖ്യം നിലനിൽക്കുന്ന കാര്യത്തിൽ യാതൊരുറപ്പുമില്ലെന്നും തേജസ്വി പ്രതികരിച്ചു. 

ഭരണഘടനയും രാജ്യത്തെ ജനാധിപത്യ സംവിധാനവുമെല്ലാം അപകടകരമായ അവസ്ഥയിലാണ്. ആർഎസ്എസ് നിയമം രാജ്യത്ത് നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യക്കാവശ്യം കള്ളം പറയാത്ത, പറയുന്നതു പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയെ ആണ്. വലിയ പാർട്ടി എന്ന നിലയില്‍ മറ്റുള്ളവരെ ഒപ്പം കൂട്ടേണ്ടതിൻറെ കൂടുതൽ ഉത്തരവാദിത്വവും കോൺഗ്രസിനാണ്. തങ്ങളുടെ താത്പര്യം മാത്രമല്ല, സഖ്യകക്ഷികളുടെ താത്പര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാകണം കോൺഗ്രസിൻറെ തിരഞ്ഞെടുപ്പു നീക്കങ്ങളെന്നും പ്രമുഖ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തേജസ്വി പറ‍ഞ്ഞു.

പ്രതിപക്ഷ ഐക്യനിരയിൽ വിള്ളലുണ്ടെന്ന വാർത്തകൾ ആർജെഡി നേതാവ് നിഷേധിച്ചു. രാഹുൽ ഗാന്ധി നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാതിരുന്നത് താൻ സ്ഥലത്തില്ലാതിരുന്നതു കൊണ്ടായിരുന്നുവെന്നും ആർജെഡിയെ പ്രതിനിധീകരിച്ച് മനോജ് ധാ വിരുന്നിൽ പങ്കെടുത്തിരുന്നവെന്നും തേജസ്വി ചൂണ്ടിക്കാട്ടി. 

MORE IN INDIA
SHOW MORE