പ്രേതബാധയോ? തൊഴിലാളികളുടെ പേടി മാറ്റാൻ ശ്മശാനത്തിൽ കിടന്നുറങ്ങി എംഎൽഎ

tdp-mla
SHARE

തൊഴിലാളികളുടെ പേടി മാറ്റാൻ ശ്മശാനത്തിൽ കിടന്നുറങ്ങി ആന്ധ്രാ പ്രദേശിലെ ടിഡിപി എംഎൽഎ നിമ്മല രാമ നായിഡു. വെസ്റ്റ് ഗോദാവരിയിലെ പാലക്കോളിലുള്ള ശ്മശാന നവീകരണ തൊഴിലാളികളാണ് പ്രേതബാധയുണ്ടെന്ന പ്രചാരണത്തിൽ പേടിച്ച് ജോലിക്കെത്താൻ മടിച്ചത്. ഇതോടെ ശ്മശാനത്തിലെത്തിയ എംഎൽഎ, അവിടെയിരുന്ന് ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. 

ശ്മശാനത്തിൽ എവിടെ നോക്കിയാലും മാലിന്യക്കൂമ്പാരമാണ്. ശവസംസ്കാരം നടത്താനെത്തുന്ന തൊഴിലാളികൾക്ക് ഒന്ന് മുഖം കഴുകാനോ കുളിക്കാനോ ഉള്ള സൗകര്യമില്ല. ശ്മശാന നവീകരണത്തിനുള്ള ഫണ്ട് ലഭിച്ചെങ്കിലും കരാറേറ്റെടുക്കാൻ ആരുമെത്തിയില്ല. ഒടുവിൽ നിർമാണം ഏറ്റെടുക്കാൻ ഒരു കരാറുകാരൻ തയ്യാറായപ്പോൾ, ജോലിക്കെത്താൻ തൊഴിലാളികൾക്ക് ഭയം.  ശ്മശാനത്തിൽ പ്രേതബാധയുണ്ടെന്ന് അടുത്തിടെ ആരോ പ്രചരിപ്പിച്ചു. ഇത് കേട്ടുപേടിച്ചാണ് തൊഴിലാളികൾ വരാതിരുന്നത്. 

ഒടുവിൽ ജോലിക്കാരുടെ പേടി മാറ്റാൻ എംഎൽഎ നേരിട്ടിറങ്ങി. ഒരു രാത്രി മുഴുവൻ എംഎൽഎ ശ്മശാനത്തിൽ കിടന്നുറങ്ങി. തന്ത്രം ഫലിച്ചു. അധികം വൈകാതെ എല്ലാ തൊഴിലാളികളും ജോലിക്കെത്തി. 

പിന്നാലെ എംഎൽഎയുടെ പ്രതികരണമെത്തി; ''സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയല്ലേ, ജനങ്ങളുടെ ഗുഡ് ബുക്കിൽ ഇടം നേടേണ്ടത് നമ്മുടെ ആവശ്യമല്ലേ?'' 

ഏതായാലും ഏറ്റെടുത്ത സാഹസം പെട്ടെന്ന് അവസാനിപ്പിക്കാൻ എംഎൽഎ തയ്യാറല്ല. കുറച്ചുദിവസം കൂടി ശ്മശാനത്തിൽ തന്നെ അന്തിയുറങ്ങാനാണ് തീരുമാനം. 

MORE IN INDIA
SHOW MORE