5 ദിവസം കൊണ്ട് 750 കോടി; അമിത് ഷായെ അഭിനന്ദിച്ച് രാഹുലിന്‍റെ കുത്ത്

amit-rahul-social-media
SHARE

കര്‍ണാടക വിധിയെഴുത്തിന് ശേഷം സോഷ്യല്‍ലോകത്ത് വീണ്ടും കോണ്‍ഗ്രസ് ബിജെപി പോര്. ഇത്തവണ അമിത് ഷായെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം എന്ന് അവകാശപ്പെടുന്ന നോട്ടുനിരോധനത്തിന്റെ പിന്നിലെ കള്ളക്കളികള്‍ തുറന്നുകാട്ടിയാണ് രാഹുലിന്റെ ട്വീറ്റ്. നോട്ടു നിരോധനത്തിനു ശേഷം 500, 1000 നോട്ടുകളുടെ നിക്ഷേപം ഏറ്റവും കൂടുതൽ വന്നത് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണു രാഹുലിന്റെ പരിഹാസം.

‘താങ്കർ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് പഴയ നോട്ടുകൾ മാറ്റിക്കൊടുത്തതിൽ ഒന്നാം സ്ഥാനം നേടിയതിന് അഭിനന്ദനങ്ങൾ. അഞ്ചു ദിവസം കൊണ്ട് 750 കോടി. കോടിക്കണക്കിന് ഇന്ത്യക്കാർ നോട്ടുനിരോധനത്തിൽ കഷ്ടമനുഭവിച്ചപ്പോൾ താങ്കളുടെ നേട്ടത്തിനു അഭിവാദ്യങ്ങൾ’– ട്വിറ്ററിൽ രാഹുൽ കുറിച്ചു. നിരോധിച്ച നോട്ടുകൾ ഏറ്റവുമധികം സ്വീകരിച്ച ബാങ്കിന്റെ ഡയറക്ടർ, നോട്ടുനിരോധനത്തിനു ശേഷം 81% കൂടുതൽ സമ്പന്നമായ പാർട്ടിയുടെ പ്രസിഡന്റ് എന്നിങ്ങനെ വിശേഷിപ്പിച്ച് അമിത് ഷായുടെ ചിത്രവും രാഹുൽ പങ്കുവച്ചിട്ടുണ്ട്. 

2016 നവംബർ എട്ടിനു നോട്ടുനിരോധനം പ്രാബല്യത്തിൽ വന്നതു മുതൽ നവംബർ 14 വരെ 745.59 കോടിയുടെ നിക്ഷേപം നടന്നെന്നാണ് വിവരാവകാശ രേഖയിൽ ‌വ്യക്തമാക്കുന്നത്. മുംബൈയിലെ  ഒരു സാമൂഹികപ്രവര്‍ത്തകന്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് വിവരം പുറത്ത് വന്നത്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അമിത് ഷായാണ് ഇപ്പോഴും ബാങ്കിന്റെ ഡയറക്ടര്‍. നിക്ഷേപം നടന്നതില്‍ രണ്ടാം സ്ഥാനം രാജ്‌കോട്ടിലെ സഹകരണ ബാങ്കിനാണ്. ഇതിന്റെ ചെയര്‍മാന്‍ ഗുജറാത്ത് ക്യാബിനറ്റ് മന്ത്രിയായ ജയേഷ്ഭായ് റഡാഡിയയാണ്. 693 കോടി മൂല്യമുള്ള പഴയ കറന്‍സിയാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.

MORE IN INDIA
SHOW MORE