2019 അത്ര എളുപ്പമാവില്ലെന്ന് ബിജെപിയോട് ജെഡിയു; സീറ്റുവിഹിതം പറയാനും ആവശ്യം

nitish-kumar-modi
SHARE

അമിത ആത്മവിശ്വസത്തിന് വകയില്ലെങ്കിലും തികഞ്ഞ ആത്മവിശ്വാസം കൈവിടാതെയാണ് ബിജെപിയുടെ മുന്നോട്ടുള്ള പോക്ക്. 2019ല്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍‌ച്ച സ്വപ്നം കാണുന്ന ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ് ഘടകകക്ഷികളില്‍ നിന്നും നേരിടേണ്ടി വരുന്നത്. ഇതില്‍ വലിയ തലവേദന സൃഷ്ടിക്കുന്നത് ജെഡിയുവാണ്. പരസ്യപ്രസ്താവനകളിലൂടെയും വിമര്‍ശനങ്ങളിലൂടെയും മോദിയെയും ബിജെപിയെയും നീതിഷ് കുമാര്‍ അടുത്തിടെയായി കടന്നാക്രമിക്കുകയാണ്. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പുതിയ ആവശ്യവുമായി അദ്ദേഹം രംഗത്തെത്തി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കും 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുമുള്ള സഖ്യകക്ഷികളുടെ സീറ്റ് സംബന്ധിച്ച് എന്‍.ഡി.എയ്ക്കുള്ളില്‍ കൃത്യമായ കരാറുണ്ടായിരിക്കണമെന്നാണ് ജെഡിയു ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 2014 പോലെ അത്ര എളുപ്പമായിരിക്കില്ല 2019 എന്ന് ബിജെപിയെ ഒാര്‍മിപ്പിച്ചാണ് ജെ.ഡി.യു ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം സീറ്റിന്റെ എണ്ണം സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച വന്നിട്ടില്ലന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

എല്ലാവരും ഒരുമിച്ചിരുന്ന് പാര്‍ട്ടികളുടെ വിഹിതം തീരുമാനിക്കണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് ന്യായമായ തീരുമാനങ്ങളുണ്ടാവണം. ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ 31 എണ്ണം എന്‍.ഡി.എ നേടിയാണ് അധികാരത്തിലെത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ 53 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ 71 സീറ്റുകളില്‍ ജെ.ഡി.യു വിജയം നേടിയിരുന്നു. ‘രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയ്ക്ക് ലോക്‌സഭയില്‍ ആറ് അംഗങ്ങളുണ്ട്. എന്നാല്‍ ബീഹാറില്‍ രണ്ട് എം.എല്‍.എമാര്‍ മാത്രമാണുള്ളത്. ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍.എല്‍.എസ്.പിയ്ക്ക് ലോക്‌സഭയില്‍ മൂന്ന് സീറ്റുകളുണ്ട്. അവര്‍ക്ക് നിയമസഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രമേയുള്ളൂ. അതേ സീറ്റുകള്‍ ഇപ്പോള്‍ കൊടുത്താല്‍ അവര്‍ തൃപ്തരാകുമോ?’ ജെ.ഡി.യു ചോദിക്കുന്നു. മുന്‍പ് നോട്ടുനിരോധനത്തെ വിമര്‍ശിച്ചും ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ടും നിതീഷ്കുമാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിയു ബിജെപിയോട് കണക്കുപറയുന്നത്.

നേരത്തെ ബിജെപിക്ക് 15, ജെഡിയുവിന് 25 എന്ന ഫോര്‍മുല മുന്നോട്ടുവച്ചതും മുന്നണിയില്‍ വലിയ പൊട്ടലും ചീറ്റലും സൃഷ്ടിച്ചിരുന്നു.

MORE IN INDIA
SHOW MORE