എന്തുകൊണ്ട് ഞാന്‍ ബിജെപി വിട്ടു...? ഉറ്റവന്‍റെ കുറ്റപത്രം; ഞെട്ടി പാര്‍ട്ടി കേന്ദ്രങ്ങള്‍

shivam-shankar-singh
SHARE

നരേന്ദ്ര മോദി സർക്കാരിന്റെ പൊളളത്തരങ്ങൾ എണ്ണിയെണ്ണി പറഞ്ഞും എന്തുകൊണ്ട് ഞാൻ ബിജെപിയിൽ നിന്ന് രാജിവെച്ചുവെന്ന് വിശദീകരിച്ചും നിരവധി സംസ്ഥാനങ്ങളിൽ ബിജെപിക്കായി പ്രചരണം നടത്തിയ ശിവം ശങ്കർ സിങ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പിന് വൻ സ്വീകാര്യത. ശിവം ശങ്കർ സിങിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് അക്ഷരാർത്ഥത്തിൽ പ്രധാനമന്ത്രി നരന്ദ്രമോദിക്കും ബിജെപിക്കുമെതിരെയുളള കുറ്റംപത്രമെന്ന് സമൂഹമാധ്യമങ്ങൾ വിശേഷപ്പിക്കുകയും ചെയ്തു. 

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ശൗര്യ ഡോവലിന്റെ നേതൃത്വത്തിലുളള ഇന്ത്യ ഫൗണ്ടോഷനിൽ സീനിയർ ഫെലോയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിവര വിശകലന വിദഗ്ദനുമായിരുന്ന ശിവം ശങ്കർ സിങ്ങിന്റെ വെളിപ്പെടുത്തലുകൾ ബിജെപിയെ പ്രതിരോധത്തിലേയ്ക്ക് തളളിവിട്ടു. 

മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുളള നൻമകളും വീഴ്ചകളും എണ്ണിപ്പറഞ്ഞാണ് ശിവം ശങ്കർ സിങ് ബിജെപിയിൽ കലാപക്കൊടി നാട്ടിയത്. റോഡ് നിർമ്മാണം അതിവേഗത്തിലാക്കിയതും ഗ്രാമങ്ങളിൽ അതിവിപുലമായ രീതിയിൽ വൈദ്യുതി കണക്ഷൻ വർധിച്ചതും മോദി സർക്കാരിന്റെ നേട്ടമായി ശിവം ശങ്കർ എടുത്തു കാണിക്കുന്നു. അഴിമതി കുറഞ്ഞതും, സ്വച്ഛ് ഭാരത് പദ്ധതിയും ഉജ്ജ്വല യോജനയുമെല്ലാം നേട്ടമായി ശിവം ശങ്കർ എടുത്തു കാണിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്കുളള സൗകര്യങ്ങൾ വർധിച്ചതും നേട്ടമാണ്. ക്രമസമാധന നില മെച്ചപ്പെട്ടതും നേട്ടമായി ശിവം ശങ്കർ എടുത്തു കാണിക്കുന്നു.

ഇതൊക്കെ നേട്ടങ്ങളായി കാണുമ്പോഴും ബിജെപിയിൽ താൻ കാണുന്ന പ്രധാന പരാജയം മഹത്തായ പല കാര്യങ്ങളും നശിപ്പിക്കുകയും സാരമായ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് ശിവം ശങ്കർ തുറന്നടിക്കുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യ സംവാദം തീരെ ഇല്ലാതായെന്നും ഭരണകൂടം അസത്യങ്ങളെ സത്യമായി പ്രചരിപ്പിക്കുകയും പിന്നീട് തെളിവുസഹിതം കണ്ടുപിടിക്കപ്പെട്ടാല്‍ പോലും അതില്‍ ഒരു കുറ്റബോധവും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നുവെന്നും ശിവം ശങ്കര്‍ പറയുന്നു. 

തിരഞ്ഞെടുപ്പ്​ ബോണ്ടുകള്‍ എന്ന പേരില്‍ അഴിമതി നിയമപരമാക്കുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ പ്രകാരം അടിസ്ഥാനപരമായി അഴിമതിയെ നിയമവിധേയമാക്കുകയും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കെടുക്കാന്‍ കോര്‍പ്പറേറ്റുകളെയും വിദേശ ശക്തികളെയും അനുവദിക്കുകയും ചെയ്തുവെന്ന് ശിവം ശങ്കർ കുറ്റപ്പെടുത്തുന്നു. 

നോട്ട് അസാധുവാക്കൽ വൻ പരാജമായിരുന്നു. അറിഞ്ഞു കൊണ്ട് ദുരിതത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമായിരുന്നു അത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർത്തുവെന്ന് ബോധ്യമായിട്ടും മോദി പരാജയം സമ്മതിക്കാൻ തയ്യാറായില്ല. 

shivam-shankar-singh-bjp

യാതൊരു തയ്യാറെടുപ്പുകളുമില്ലാതെയാണ് ചരക്കുസേവന നികുതി നടപ്പാക്കിയത്. വ്യാപാര മേഖലയുടെ നട്ടെല്ല് തകർക്കാൻ ജിഎസ്ടി കാരണമായി. ചെറുകിട വ്യവസായങ്ങൾ പൂട്ടേണ്ട സ്ഥിതിയായി. പാളിച്ചകൾ ജനങ്ങളോട് തുറന്നു പറയാതെ, ജിഎസ്ടിയുടെ പോരായ്മകൾ അവരുമായി ചർച്ച ചെയ്യാതെ ഓടിയോളിക്കുകയായിരുന്നു സർക്കാർ. 

സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും ബിജെപി ദുരുപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. മോദിക്കോ പാര്‍ട്ടി അധ്യക്ഷന്‍ അമിത്​ ഷാക്കോ എതിരെ എന്തെങ്കിലും പറഞ്ഞാല്‍ അന്വേഷണ ഏജന്‍സികളെ കൊണ്ട് അവരെ പീഡിപ്പിക്കുന്ന അവസ്ഥ വന്നു. 

ആസൂത്രണ കമ്മീഷന്‍ ഇല്ലാതായതോടെ രാജ്യത്തെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭ്യമല്ലാതായി.  വിവരശേഖരണത്തിന്റെ ഏറ്റവും പ്രധാന ഉറവിടമായിരുന്നു ഇത്. സര്‍ക്കാര്‍ പദ്ധതികളും അത് എങ്ങനെ പോകുന്നുവെന്നതും അവര്‍ ഓഡിറ്റ് ചെയ്യുന്നു. അതുപോയതോടെ സര്‍ക്കാര്‍ തരുന്ന വിവരങ്ങള്‍ വിശ്വസിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലാതായി. സർക്കാർ എന്ത് കണക്ക് അവതരിപ്പിച്ചാലും അത് വിശ്വസിക്കേണ്ട ഗതി വന്നു. നീതി ആയോഗിന് ആസൂത്രണ കമ്മീഷന്റെ കടമയല്ല ഉളളത്. അതൊരു ഉപദേശക പബ്ലിക് റിലേഷൻസ് സ്ഥാപനമായാണ് പ്രവർത്തിക്കുന്നത്. 

കലിഖോ ഫൂലിന്റെ ആത്മഹത്യക്കുറിപ്പും ജഡ്ജി ലോയയുടെ മരണവും സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് കൊലപാതകവും അന്വേഷിക്കുന്നതിൽ സർക്കാർ അമ്പേ പരാജയപ്പെട്ടു. പല ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടായില്ല. ഉന്നാവോയിൽ ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ എം.എല്‍.എയെ പാർട്ടി പരസ്യമായി പിന്തുണച്ചു.  ബിജെപി എം എല്‍ എ മാനഭംഗം ചെയ്ത പെണ്‍കുട്ടിയുടെ പിതാവിന്റെ മരണം കൃത്യമായി  അന്വേഷിച്ചില്ല.

വിദേശ നയം പൂര്‍ണ പരാജമായിരുന്നു. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കു ലഭിക്കുന്ന ആദരവിന് കാരണം നമ്മുടെ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയും ഐ.ടി മേഖലയുമാണ്. അത് മോദിജി കാരണം പെട്ടെന്ന് ഉണ്ടായ ഒന്നല്ല. ഇന്ത്യയിലുള്ള ബീഫിന്റെ പേരിലുള്ള കൊലകളും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണികളും കാരണം ചിലപ്പോള്‍ ആ ആദരവ് കുറഞ്ഞിട്ടുണ്ടാവാം.

തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. ഓരോ നീറുന്ന പ്രശ്നത്തെയും പ്രതിപക്ഷത്തിന്റെ നാടകമായി അവതരിപ്പിച്ച് പുച്ഛിച്ചു തളളുകയാണ് മോദി സർക്കാർ ചെയ്യുന്നത്. 

പെട്രോളിന്റെയും ഡീസലിന്റെയും ഉയര്‍ന്ന വില നിയന്ത്രിക്കാനോ പിടിച്ചു നിർത്താനോ ചെറുവിരൽ അനക്കുന്നില്ല. യു.പി.എ കാലത്ത് ഇന്ധനവില വര്‍ധനക്കെതിരെ ശബ്ദമുയര്‍ത്തിയവര്‍ ക്രൂഡ്​ ഒായില്‍ വില അന്നത്തേതിനേക്കാള്‍ കുറഞ്ഞ സാഹചര്യത്തിലും കുതിച്ചുയര്‍ന്ന എണ്ണവിലയെ ന്യായീകരിക്കുന്നു.

അടുത്ത പൊതു തിരഞ്ഞെടുപ്പിലും വ്യാജ ദേശീയത ഉത്തേജിപ്പിക്കാനും ധ്രുവീകരണത്തിനുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്​.

സര്‍ക്കാറിനെതിരെ ശബ്​ദിച്ചാല്‍ നിങ്ങളെ ദേശവിരുദ്ധനാക്കുന്നു. ബി.ജെ.പി നേതാക്കളുടെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലുകള്‍ ദേശീയത-ദേശവിരുദ്ധത, ഹിന്ദു-മുസ്​ലിം, ഇന്ത്യ-പാകിസ്ഥാന്‍ സംവാദങ്ങള്‍ മാത്രംഫോക്കസ് ചെയ്യുന്നു.  യഥാര്‍ഥ പ്രശ്നങ്ങളെ തമസ്കരിക്കുന്നു.ഇന്ത്യയുടെ പ്രതീക്ഷ നരേന്ദ്ര മോദിയില്‍ കണ്ടാണ്  2013 മുതല്‍ ബി.ജെ.പി അനുയായി ആയതെന്നും ഇപ്പോള്‍ അതെല്ലാം പൂര്‍ണമായി അസ്തമിച്ചുവെന്നും ശിവം ശങ്കര്‍ സിങ്​​ വ്യക്തമാക്കുന്നു.

MORE IN INDIA
SHOW MORE