പൗരനെ കൊലയ്ക്ക് കൊടുക്കുന്ന പൊലീസ്; ഇന്ത്യൻ പൊലീസ് എങ്ങോട്ട്?

police
SHARE

കേരളത്തില്‍ പൊലീസ് വിവാദങ്ങളുടെ നടുവിലാണ്. വീഴ്ച്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്‍റെ ഹാങ് ഓവറുമായാണ് ഇന്ത്യയിലെ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. പൊലീസിനോട് ഇന്ത്യന്‍ ജനതയുടെ സമീപനമെന്താണ്? പൊലീസിനെ ആര്‍ക്കാണ് പേടി? ആര്‍ക്കാണ് വിശ്വാസം? ഈ ചോദ്യങ്ങളുടെ ഉത്തരം ഇന്ത്യയുടെ സാമൂഹയാഥാര്‍ഥ്യങ്ങളുമായി ആഴത്തില്‍ ഇഴചേര്‍ന്നുകിടക്കുന്നു. 22 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ പൊലീസ് സംവിധാനത്തെക്കുറിച്ച് നിര്‍ണായകമായ ചില കണ്ടെത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്.

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകം, കെവിന്‍റെ ദുരഭിമാനക്കൊല, മലപ്പുറത്തെ തിയറ്റര്‍ പീഡനം കേരളത്തില്‍ പൊലീസിന്‍റെ പ്രോഗ്രസ് കാര്‍ഡില്‍ അടുത്തയിടെ വീണ ബ്ലാക്മാര്‍ക്കുകള്‍. തൃശൂര്‍ സ്വദേശിയായ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന്‍റെ തൊട്ടടുത്ത ദിവസം ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. 

ഇതെല്ലാം കേരളത്തിലെ പൊലീസിന്‍റെ കാര്യം. നൂറ്റിമുപ്പത്തിയഞ്ച് കോടി ജനങ്ങളുള്ള ഇന്ത്യയെന്ന മഹാരാജ്യത്ത് പൊലീസും പൗരന്മാരും തമ്മിലുള്ള ബന്ധം എങ്ങിനെയാണ്. അഞ്ചുപേരെയെടുത്താല്‍ അതില്‍ രണ്ടാള്‍ക്ക് പൊലീസിനെ ഭയമാണെന്നാണ് കണ്ടെത്തല്‍. ഇതിന് ഞെട്ടിക്കുന്നൊരു സമൂഹികവശം കൂടിയുണ്ട്. സ്ത്രീകള്‍, ദലിതര്‍, മുസ്‍ലിംകള്‍ എന്നിവര്‍ക്കാണ് പൊലീസിനെ ഒട്ടും വിശ്വാസമില്ലാത്തത്. ഭയമുള്ളത്. സവര്‍ണര്‍ക്ക് പൊലീസിനെ ഒട്ടും പേടിയില്ലെന്ന് പഠനം പറയുന്നു. മതവിഭാഗങ്ങളെ പ്രത്യേകം പരിശോധിച്ചാല്‍ സിഖുകാര്‍ക്കാണ് ഏറ്റവും അധികം പൊലിസ് ഭീതിയുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സിഖുകാര്‍ക്കാണ് ഭയം ഏറെയുള്ളത്. സ്വതന്ത്രാന്തര ഇന്ത്യയുടെ ചിരത്രത്തിലെ ചില മുറിവുകളുമായി സിഖുക്കാരുടെ പൊലീസ് ഭീതിക്ക് ബന്ധമുണ്ട്. 1970 കള്‍ മുതല്‍ പഞ്ചാബില്‍ സജീവമായിരുന്ന സിഖ് ഭീകരവാദം അടിച്ചമര്‍ത്താന്‍ പൊലീസ് ഉപയോഗിച്ച നടപടികളും സുവര്‍ണക്ഷേത്രത്തിലെ സൈനിക നീക്കവും ഭീതിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് പേടിയില്‍ പഞ്ചാബിന് പിന്നിലുള്ളത് തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ്.  

ദക്ഷിണേന്ത്യയിലെ മുസ്‍ലിംകളില്‍ പൊലീസിനോട് അവിശ്വാസവും ഭയവും കൂടുതലാണ്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഭീകരവാദത്തിന്‍റെ പേരില്‍ നടന്ന നടപടികള്‍ മുസ്‍ലിംകളെ പൊലീസില്‍ നിന്ന് അകറ്റുന്നു. രാജ്യത്ത് കൂടുതല്‍ വിചാരണാ തടവുകാരുള്ള വിഭാഗമായതിനാലാണ് മുസ്‍ലിംകള്‍ക്ക് പൊലീസില്‍ അവിശ്വാസം നിലനില്‍ക്കാന്‍ കാരണം. ഇന്ത്യയിലെ വിചാരണത്തടവുകാരുടെ കണക്കെടുത്താല്‍ 55 ശതമാനവും ദലിത്, ആദിവാസി, മുസ്‍ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. പൊലീസിലെ മുസ്‍ലിം പ്രാതിനിധ്യം വളരെ കുറവാണെന്നതും അവശ്വാസത്തിന്‍റെ കനം കൂട്ടുന്നു. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ മുസ്‍ലിം തടവുകാര്‍ കുറവുള്ള സംസ്ഥാനങ്ങളിലെന്നാണ് കേരളമാണെന്നത് ആശ്വാസം നല്‍കുന്നു. പൊലീസിനോട് നിര്‍ഭയമായി സഹായമഭ്യര്‍ഥിക്കാന്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും സാധിക്കുന്നില്ലെന്നത് സേനയുടെ ആണ്‍മേല്‍ക്കോയ്മയുടെ ദുര്‍മുഖം വെളിവാക്കുന്നു. നിയമപാലനത്തിലെ ജാതീയ വിവേചനങ്ങള്‍ ലജ്ജിപ്പിക്കുന്നതാണ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ പൊലീസ് പീഢനങ്ങളെ ഭയന്ന് കഴിയുമ്പോള്‍ മേല്‍ജാതിയില്‍പ്പെട്ടവര്‍ക്ക് തെറ്റുചെയ്താലും ഇല്ലെങ്കിലും പൊലീസ് എന്നുകേള്‍ക്കുമ്പോള്‍ ഒരുകൂസലുമില്ല. പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സമാധാനപൂര്‍ണമായ സാമൂഹികാന്ത:രീക്ഷം ഉറപ്പാക്കാനുമാണ് പൊലീസ് സംവിധാനമുള്ളത്. എന്നാല്‍ ഉറക്കം കെടുത്തുന്ന, ഭയം വിതയ്ക്കുന്ന മര്‍ദക ഉപകരണമായി ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്നവര്‍ മാറുന്നത് ജനാധിപത്യത്തിലെ നെറികേടാണ്. ബ്രിട്ടീഷ് ഭരണത്തിന്‍റെ അധികാര ദുര്‍മേധസ് പൊലീസിനെ വിട്ടൊഴിയാന്‍ എത്രനാള്‍വേണം.  

MORE IN INDIA
SHOW MORE