രാജ്നിവാസിൽ കേജ്‌രിവാളിന്റെ 'കുത്തിയിരിപ്പ്', ഗതിമാറുന്ന ദേശീയ രാഷ്ട്രീയം

kejriwal
SHARE

സമരവും ഭരണവുമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ നയം. ലഫ്റ്റനന്‍റ് ഗവര്‍ണറുമായി, കേന്ദ്രസര്‍ക്കാരുമായി നിരന്തരം കലഹത്തിലാണ് കേജ്‍രിവാള്‍. സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത ജനസ്വാധീനവും വാര്‍ത്താപ്രധാന്യവുമാണ് കേജ്‍രിവാളിന്‍റെയും ആംആദ്മിപാര്‍ട്ടിയുടെയും രാഷ്ട്രീയമൂലധനം. ഡല്‍ഹി മുഖ്യമന്ത്രി ഇത്തവണ നടത്തിയ സമരത്തിന് പിന്തുണയുമായി പിണറായി വിജയന്‍ ഉള്‍പ്പെടെ നാല് മുഖ്യമന്ത്രിമാര്‍ പരസ്യമായി രംഗത്തെത്തിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് വാതില്‍ തുറന്നു.

മുഖ്യമന്ത്രിയായ ശേഷം അരവിന്ദ് കേ‍ജ്‍രിവാള്‍ നിരന്തരം സമരത്തിലും പ്രക്ഷോഭത്തിലുമായിരുന്നെങ്കിലും ഡല്‍ഹിയുടെ അതിരുകള്‍ക്കപ്പുറത്ത് അതിന് കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ, ദേശീയരാഷ്ട്രീയത്തിന്‍റെ മുഖം മാറി. അതുകൊണ്ടുതന്നെ രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രിയുടെ സമരം പുതിയ സാധ്യതകളാണ് തുറന്നിടുന്നത്. ജൂണ്‍ 11 നാണ് അരവിന്ദ് കേജ്‍രിവാള്‍ നാടകീയമായ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരുമുഖ്യമന്ത്രിയും നടത്തിയിട്ടില്ലാത്ത അപൂര്‍വസമരം. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്‍റെ ഒൗദ്യോഗിക വസതിയായ രാജ്നിവാസില്‍ കേജ്‍രിവാളും മൂന്ന് മന്ത്രിമാരും കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധസമരം നടത്തുന്ന െഎ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നതടക്കമുള്ളവയായിരുന്നു കേജ്‍രിവാളിന്‍റെ ആവശ്യങ്ങള്‍. 

ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവിയെന്ന ആവശ്യം നേരത്തെ മുതല്‍ കേജ്‍രിവാള്‍ ഉന്നയിച്ചുവരുന്നതാണ് അതും സമരത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്നു. സമരം ലഫ്റ്റനന്‍റ് ഗവര്‍ണറുടെ നേരെയാണെങ്കിലും ലക്ഷ്യം നരേന്ദ്ര മോദിയാണ്. ഈ ലക്ഷ്യവും സമരത്തിന്‍റെ ടൈമിങ്ങുമാണ് ദേശീയ രാഷ്ട്രീയത്തില്‍ പ്രധാനം. അതുമനസിലാക്കിയാണ് പിണറായി വിജയനും മമത ബാനര്‍ജിയും ചന്ദ്രബാബുനായ്ഡുവും എച്ച് ഡി കുമാരസ്വാമിയും കൃത്യമായ നീക്കം നടത്തിയത്. സമരം നടത്തുന്ന ഒരു മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് നാല് മുഖ്യമന്ത്രിമാര്‍ രംഗത്തെത്തുകയെന്ന അപൂര്‍വത. കേജ്‍രിവാളിനെ കാണാന്‍ ശ്രമിച്ചെങ്കിലും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനാല്‍ പിണറായി അടക്കമുള്ളവര്‍ക്ക് സാധിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നാല് മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.    

ദേശീയതലത്തില്‍ ബിജെപിക്കെതിരെ വിശാലസഖ്യം രൂപം കൊള്ളുന്നതിനിടയിലാണ് എന്‍ഡിഎ ഇതരപാര്‍ട്ടികള്‍ ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേജ്‍രിവാളിനെ പിന്തുണച്ചത്. വിശാലസഖ്യത്തിനായി അരയും തലയും മുറുക്കിയിറങ്ങിയ മമത മുഖ്യമന്ത്രിമാരുടെ യോജിച്ചുള്ള നീക്കത്തിന് ചരട് വലിച്ചു. പിണറായി വിജയന്‍ ദേശീയതലത്തില്‍ സുപ്രധാന ചുവടുവച്ചതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസാണ് ഈ നീക്കത്തിനിടയില്‍ ഉത്തരം മുട്ടി നിന്നത്. കേജ്‍രിവാളിനെ കൂടുതല്‍ പരസ്യമായി പിന്തുണക്കാന്‍ ഡല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിനെ അനുവദിക്കുന്നില്ല. മമത ലക്ഷ്യമിടുന്നത് കോണ്‍ഗ്രസും ബിജെപിയുമില്ലാത്ത മുന്നണിയാണെന്ന വിലയിരുത്തലുകളെ കൂടുതല്‍ പ്രസക്തമാക്കുന്നതാണ് ഡല്‍ഹിയിലെ രാഷ്ട്രീയ നീക്കങ്ങള്‍.  

MORE IN INDIA
SHOW MORE