ഇനി അവനെ അങ്ങ് കൊന്നേക്കൂ..’; പ്രതീക്ഷ കൈവിട്ട് പേരറിവാളന്‍റെ അമ്മ

perarivalan-apruthammal
SHARE

കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി ഇൗ അമ്മ നിയമത്തിനോട് പോരാടുകയാണ്. ആവശ്യം രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മകന് നീതി ലഭിക്കണം. അമ്മയുടെ പേര് അര്‍പ്പുതാമ്മാള്‍. മകന്‍റെ പേര് പേരറിവാളന്‍. മകന്റെ മോചനദിവസം സ്വപ്നം കണ്ടാണ് ഇൗ അമ്മ ഉണരുന്നതും ഉറങ്ങുന്നതും. അതുകൊണ്ട് തന്നെ കഴിഞ്ഞ 27 വര്‍ഷമായി മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ അര്‍പ്പുതാമ്മള്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുന്നു. ഇപ്പോള്‍ അവരുടെ വാക്കുകള്‍ ഇങ്ങനെയാണ്. ‘എനിക്ക് 71 വയസ്സായി. പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകന്‍ പേരറിവാളന്‍ നിരപരാധിയാണ്. കഴിഞ്ഞ 27 വര്‍ഷമായി അവന്‍ ശിക്ഷ അനുഭവിക്കുന്നു. അവനെ സ്വതന്ത്രനാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വേദനയറിയാതെ ഒന്ന് അവനെ കൊന്നു തന്നാല്‍ മതി. മകന്‍ ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് അതു തന്നെയാണ്’ അമ്മയുടെ വാക്കുകള്‍.

1991 മുതല്‍ തുടങ്ങിയതാണ് മകന് നീതിതേടി ഇൗ അമ്മ അലയാന്‍.  രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ പേരറിവാളന് പ്രായം പത്തൊന്‍പത്. കഴിഞ്ഞ വര്‍ഷം ലഭിച്ച പരോള്‍ ഒഴികെ അവനെ സ്വതന്ത്രനാക്കാന്‍ കഴിഞ്ഞില്ലെന്ന് അമ്മ പറഞ്ഞു. ജയിലിനുള്ളില്‍ കിടന്ന് അവന്‍ മരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഇങ്ങനെ പീഡിപ്പിക്കാതെ അവന് ദയാവധം അനുവദിക്കണമെന്നും അര്‍പ്പുതാമ്മള്‍ ആവശ്യപ്പെടുന്നു. അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ പ്രതിചേര്‍ക്കപ്പെട്ട  ഏഴുപേരേ വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ട്  തമിഴ്‌നാട് സര്‍ക്കാര്‍ രാഷ്ട്രപതിക്ക് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അത് അനുവദിക്കാന്‍ കഴിയില്ലെന്നും പ്രതികളെ വിട്ടയയ്ക്കാന്‍ കഴിയില്ലെന്നും റാംനാഥ് കോവിന്ദ് വ്യക്തമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച് ഒൗദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നാണ് പേരറിവാളന്റെ അഭിഭാഷകന്‍ പറയുന്നത്.

MORE IN INDIA
SHOW MORE