ജനസമ്മതി കുറഞ്ഞാല്‍ അപ്പോഴെത്തും ‘വധഭീഷണി’; മോദിയെ പരിഹസിച്ച് കോൺഗ്രസ്

narendra-modi
SHARE

എപ്പോഴോക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മതി കുറയുന്നുവോ അപ്പോഴൊക്കെ വധിക്കാൻ പദ്ധതി എന്ന വാർത്ത പുറത്തുവരാറുണ്ടെന്ന് കോൺഗ്രസ്. ഇത് മോദിയുടെ പഴയ തന്ത്രമാണെന്നും കോൺഗ്രസ് നേതൃത്വം പരിഹസിച്ചു. 'മോദി മുഖ്യമന്ത്രിയായിരുന്ന കാലം തൊട്ടേയുള്ള തന്ത്രമാണ്. എപ്പോഴൊക്കെ അദ്ദേഹത്തിന് ജനപിന്തുണ കുറയുന്നുവോ, ഉടൻ വധഭീഷണിക്ക് പദ്ധതി എന്ന വാര്‍ത്ത പുറത്തുവരും. ഇതെപ്പോഴും ഇങ്ങനെയാണ് എന്ന് ഞാൻ പറയുന്നില്ല. ഇതിലെ സത്യാവസ്ഥ പരിശോധിക്കണം'. കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.

ഭീമ കോറിഗോൺ കലാപവുമായി ബന്ധപ്പെട്ട് പുണെ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഈ വിവരം. രാജീവ് ഗാന്ധി വധത്തിനു സമാനമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരിക്കുന്നുവെന്നാണ് പുനെ പൊലീസ് വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കത്തും തങ്ങളുടെ കയ്യിൽ ഉണ്ടെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അഞ്ചു പേരുടെ വീട്ടിൽ നിന്നുമാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ഭീമ കോറിഗൺ കലാപവുമായി ബന്ധപ്പെട്ട് ദലിത് ആക്ടിവിസ്റ്റ് സുധീര്‍ ധവാലെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, ഹേഷ് റാവുത്ത്, ഷോമ സെന്‍, റോണ വില്‍സണ്‍ എന്നിവരെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

റോണ വിൽസണിന്‍റെ വീട്ടിൽ നിന്നായിരുന്നു പൊലീസിന് കത്ത് ലഭിച്ചത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ രീതിയിൽ മറ്റൊരു വധം ആസൂത്രണം ചെയ്യുന്നതിനെ കുറിച്ച് കത്തിൽ വ്യക്തമാമായ സൂചനകളുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമമെന്ന് കത്തിൽ സൂചനയുളളതായി കത്ത് ഉദ്ദരിച്ച് ഗവൺമെന്റ് പ്ലീഡർ ഉജ്ജ്വല പവാർ കോടതിയെ ധരിപ്പിച്ചു.

MORE IN INDIA
SHOW MORE