ഗൗരി ലങ്കേഷ് വെടിയേറ്റ് വീണിടത്ത് ബിജെപിയും വീണു; കോൺഗ്രസിന് വൻജയം

rr-nagar-election
SHARE

ബുള്ളറ്റ് കൊണ്ട് ഗൗരിയുടെ അക്ഷരങ്ങളെ നിശബ്ദരാക്കാൻ ശ്രമിച്ചവർക്ക് ചൂണ്ടുവിരൽ കൊണ്ട് ജനത്തിന്റെ ചുട്ട മറുപടി. രാജ്യം നടുങ്ങിയ ഗൗരി ലങ്കേഷ് വധക്കേസ് വഴി ശ്രദ്ധേയമായ കർണാടകയിലെ രാജരാജേശ്വരി നഗർ(ആർആർ നഗർ) മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയ്ക്ക് വമ്പൻ വിജയം. കോൺഗ്രസ് സ്ഥാനാർഥി മുനിരത്ന 25,492 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഒരു ഘട്ടത്തിൽ പോലും ബിജെപി സ്ഥാനാർഥി മുനിരാജു ഗൗഢയ്ക്ക് ലീഡ് െചയ്യാനായില്ല എന്നതും ശ്രദ്ധേയം.  

ജെഡിഎസും കോൺഗ്രസും പ്രത്യേകം മൽസരിച്ച മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർഥി ജി.എച്ച് രാമചന്ദ്ര മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസിന്റെ വിജയത്തോടെ നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 79 ആയി. 

ഗൗരി ലങ്കേഷ് വധത്തിന്റെ വിധിയെഴുത്ത് കൂടിയായി ആർആർ നഗർ ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് മണ്ഡലം പൂർണമായി കൈപിടിയിലൊതുക്കിയെന്ന് പറയാം. കോൺഗ്രസ് സ്ഥാനാർഥി ലഭിച്ച വോട്ടുകൾ ഇതിലേക്ക് വിരൽചൂണ്ടുന്നു. 1,08,064 വോട്ടുകളാണ് കോൺഗ്രസിന്റെ മുനിരത്ന ഇവിടെ നേടിയത്. ബിജെപി സ്ഥാനാർഥി മുനിരാജ ഗൗഢയ്ക്ക് 82,572 വോട്ടുകളെ നേടാനായുള്ളൂ. അധികാരത്തിൽ കോൺഗ്രസ് –ജെഡിഎസ് സഖ്യമാണെങ്കിലും ആർആർ നഗറിൽ ഒറ്റയ്ക്കാണ് ഇരുപാർട്ടികളും ജനവിധി തേടിയത്.  പക്ഷേ 60,360 വോട്ടുകൾ മാത്രമേ  ജെഡിഎസിന് നേടാൻ കഴിഞ്ഞുള്ളൂ. എന്നാൽ കോൺഗ്രസ് വിജയത്തെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തെത്തി. കർണാടക എല്ലായിപ്പോഴും മതസൗഹാർദത്തിനൊപ്പമാണെന്ന് ഒരിക്കൽ കൂടി ആർആർ നഗർ തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ആർആർ നഗറിൽ ഗൗരി ലങ്കേഷ് വധം ബിജെപിയെ തിരിഞ്ഞുകൊത്തിയിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ക്കെതിരായ വിധിയാണ് ഇതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.  2017 സപ്തംബർ അഞ്ചിന് രാത്രി എട്ടുമണിയോടെയാണ് മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്. പിന്തുടർന്നെത്തിയ അക്രമികൾ ആർആർ നഗറിലെ അവരുടെ വസതിക്ക് മുന്നിൽ വച്ചാണ് ഗൗരി ലങ്കേഷിനെതിരെ വെടിയുതിർത്തത്.

MORE IN INDIA
SHOW MORE