ആര്‍ക്കുണ്ട് ഗുണം? നോട്ടുനിരോധനത്തില്‍ മലക്കംമറിഞ്ഞ് നിതീഷ് കുമാര്‍; അമ്പരന്ന് ബിജെപി

demonetisation-nitish-kumar
SHARE

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നോട്ടുനിരോധനത്തെ ചോദ്യം ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എത്ര പേര്‍ക്ക് ഇതുകൊണ്ട് നേട്ടമുണ്ടായി എന്ന് ചോദിച്ച നിതീഷ് കുമാര്‍ സമ്പന്നരെ സംരക്ഷിക്കുന്ന ബാങ്കുകള്‍ക്കെതിരെയും ആഞ്ഞടിച്ചു. 

''ഞാന്‍ നോട്ടുനിരോധനത്തെ പിന്തുണച്ചിരുന്നു. പക്ഷേ ആ തീരുമാനം കൊണ്ട് എത്ര പേര്‍ക്ക് ഗുണമുണ്ടായി? പണമുള്ളവര്‍ അത് മറ്റൊരിടത്തേക്ക് മാറ്റി. പണം മാറ്റാന്‍ സമ്പന്നര്‍ക്ക് എല്ലാ സഹായങ്ങളും ബാങ്കുകള്‍ ചെയ്തുകൊടുത്തു'', പട്നയില്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയില്‍ നിതീഷ് കുമാര്‍ പറഞ്ഞു. 

വായ്പ തിരിച്ചടപ്പിക്കുന്നതിന് സാധാരണക്കാരില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം എന്തുകൊണ്ട് സമ്പന്നരോടും പ്രമുഖരോടും കാണിക്കുന്നില്ല? വായ്പയെടുത്ത് മുങ്ങുന്ന വമ്പന്മാരില്‍ ഈ ജാഗ്രത എന്തുകൊണ്ടില്ലെന്നും നിതീഷ് കുമാര്‍ ചോദിച്ചു.

''ബാങ്കിങ് വ്യവസ്ഥയില്‍ അടിമുടി മാറ്റം വരണം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും ഇത്തരത്തില്‍ പെരുമാറുന്നത് ആശ്ചര്യപ്പെടുത്തുന്നു. ഞാന്‍ കുറ്റപ്പെടുത്തുകയല്ല, ആശങ്ക അറിയിക്കുകയാണ്.''

ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിയെ വേദിയിലിരുത്തിയായിരുന്നു നിതീഷ് കുമാറിന്‍റെ പരാമര്‍ശങ്ങള്‍. ''അദ്ദേഹം നോട്ടുനിരോധനത്തെ പിന്തുണച്ചിരുന്നു''എന്ന് മാത്രമാണ് മോദി പ്രതികരിച്ചത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ പോലും നോട്ടുനിരോധനത്തെ പിന്തുണച്ച് രംഗത്തെത്തിയ ആളാണ് നിതീഷ് കുമാര്‍. പെട്ടെന്നുണ്ടായ നിലപാടുമാറ്റത്തിന്‍റെ കാരണമറിയാതെ അമ്പരപ്പിലാണ് ബിജെപി. 

MORE IN INDIA
SHOW MORE