സ്റ്റെര്‍ലൈറ്റ് പൂട്ടാതെ വിവാഹമില്ലെന്ന് ശപഥം; ഇന്ന് ജീവനറ്റ് മോര്‍ച്ചറിയിൽ; തമിഴരശന്‍റെ കഥ ഇങ്ങനെ

anti-sterlite-protest
SHARE

വര്‍ഷം 1996, തന്‍റെ ഇരുപത്തിമൂന്നാം വയസിലാണ് ആദ്യമായി തമിഴരശന്‍ സ്റ്റെര്‍ലൈറ്റിനെതിരായ പോരാട്ടത്തിനിറങ്ങുന്നത്. കമ്പനിയുടെ തുടക്ക കാലഘട്ടമായിരുന്നു അത്. ഇത്തരമൊരു ഫാക്ടറിയുടെ അപകടം മുന്നില്‍കണ്ട് സമരത്തിനിറങ്ങിയ പയ്യനെ അന്നാരും അത്ര ഗൗരവത്തിലെടുത്തില്ല. പക്ഷേ പതിയെ പതിയെ അവന്‍ ജനമനസുകളില്‍ ഇടം നേടി. അവനെ കേള്‍ക്കാന്‍ ആളുകളുണ്ടായി. ചെറുതും വലുതുമായ സമരങ്ങളിലെല്ലാം തമിഴരശന്‍റെയും കുടുംബത്തിന്‍റെയും സാന്നിധ്യമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയി. സ്റ്റര്‍ലൈറ്റ് കമ്പനി വളര്‍ന്നു. തമിഴരശന്‍റെ പ്രായം മുപ്പതിലേക്കടുക്കുമ്പോള്‍ വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു. 

എന്നാല്‍ ഫാക്ടറി അടച്ചുപൂട്ടാതെ വിവാഹമില്ലെന്ന പ്രതിജ്ഞ ചെയ്യുകയാണുണ്ടായതെന്ന്  തമിഴരശന്‍റെ സഹോദരി വളര്‍മതി പറയുന്നു. കുറുക്കസാലൈ ഗ്രാമത്തിലാണ് വീട്. തുത്തുക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. തുടര്‍ച്ചയായി സമരം ചെയ്യാന്‍ തീരുമാനമുണ്ടായപ്പോള്‍ മുന്‍ നിരയിലുണ്ടായിരുന്നു ഈ നാല്‍പ്പത്തിയഞ്ചുകാരന്‍. പത്തിരുപത് കൊല്ലത്തിലധികം ഫാക്ടറി വിരുദ്ധ സമരത്തില്‍ പങ്കെടുത്ത തമിഴരശന് ഈ സമരത്തോടെ സ്റ്റെര്‍ലൈറ്റ് പൂട്ടുമെന്നും ശേഷം വിവാഹം കഴിക്കാമെന്നുമായിരുന്നു സ്വപ്നം. 

എന്നാല്‍ വിധി വെടിയുണ്ടയുടെ രൂപത്തില്‍ ആ പച്ച മനുഷ്യന്‍റെ സ്വപ്നങ്ങളെല്ലാം തകര്‍ത്തു. നൂറാം ദിവസത്തിലെ സമരത്തിനിറങ്ങുമ്പോള്‍ പുതിയ ഷര്‍ട്ടാണ് ധരിച്ചതെന്നും സമരക്കാരെ സഹായിക്കാന്‍ ഇരുപതിനായിരം രൂപ കരുതിയിരുന്നെന്നും സഹോദരി പറയുന്നു. പോരാട്ടത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന തമിഴരശന്‍ എന്ന പോരാളിയെ കാക്കിക്കുള്ളിലെ നരാധമന്‍മാര്‍ ലക്ഷ്യം വച്ചു. ഉന്നം തെറ്റിയില്ല. തമിഴരശന്‍റെ ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകള്‍ തുളച്ചുകയറി. 

ജീവന്‍ പിടയുമ്പോഴും  ഫാക്ടറി അടച്ചുപൂട്ടുമെന്നും തന്‍റെ കുടുംബാംഗങ്ങളും നാട്ടുകാരും നല്ല ജീവിതത്തിലേക്ക് വഴിമാറുമെന്നും ആ മനുഷ്യന്‍ സ്വപ്നം കണ്ട് കാണും. ആദ്യ ദിവസത്തെ വെടിവെയ്പില്‍ ജീവനറ്റ തമിഴരശന്‍റെ ഭൗതികദേഹം തുത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റെര്‍ലൈറ്റ് അടച്ചുപൂട്ടാതെ ഭൗതികശരീരം ഏറ്റുവാങ്ങില്ലെന്നും കുടുംബത്തിലെ  മുഴുവന്‍ പേരെയും കൊല്ലുംവരെ സമരരംഗത്ത് തുടരുമെന്നും തമിഴരശന്‍റെ സഹോദരി വളര്‍മതി ഇടറാത്ത ശബ്ദത്തില്‍ പറഞ്ഞുവച്ചു. ഞങ്ങളെയവര്‍ കൊന്നുതീര്‍ക്കട്ടെ, എന്നാലും ഒരടി പിന്നോട്ടില്ല. ഒരു ജനതയുടെ അടിയുറപ്പിന്‍റെ വീര്യമുള്ള വാക്കുകളായിരുന്നു അത്.

MORE IN INDIA
SHOW MORE