യച്ചൂരിക്ക് വീട്ടുകാര്‍ ആ പേരിട്ടതെന്തേ..? ‘പുരാണ’ നിലപാടിലുറച്ച് ബിപ്ലബ് ദേവ്

biplava-dev-t
SHARE

ഇൻറർനെറ്റിനെ മഹാഭാരതവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തെ കളിയാക്കിയ സി.പി.എം ജനറൽ സെക്രട്ടറിക്ക് ത്രിപുര മുഖ്യമന്ത്രിയുടെ മറുപടി. പുരാണങ്ങളുടെ മഹത്വം മനസിലാക്കിയതുകൊണ്ടാണ് സീതാറാം യച്ചൂരിക്ക് വീട്ടുകാർ ആ പേരിട്ടതെന്നും കളിയാക്കുന്നവർ ഭാരതചരിത്രം മനസിലാക്കുകയും വേണം. കേരളത്തിൽ ത്രിപുര മാതൃകയിൽ ഭരണം പിടിക്കാനാകുമെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മനോരമ ന്യൂസിനോട് പറഞ്ഞു.

ചെങ്ങന്നൂരിൽ ഒരു ദിവസത്തെ പ്രചാരണത്തിനെത്തിയ ത്രിപുര മുഖ്യമന്ത്രി ഇതുവരെയുള്ള തന്‍റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്നതിന്‍റെ സൂചനകളാണ് നൽകിയത്. മഹാഭാരതകാലത്ത് സാറ്റലൈറ്റും ഇൻറർനെറ്റും ഉണ്ടായിരുന്നുവെന്ന് ബിപ്ലബ് ദേവ് കുമാർ നടത്തിയ പരാമർശം വലിയ തോതിലുള്ള പരിഹാസങ്ങൾക്ക് വഴിവച്ചിരുന്നു. 

സിവിൽ എൻജിനീയർമാരാണ് സിവിൽ സർവീസിൽ ചേരേണ്ടതെന്ന രീതിയിൽ നടത്തിയ പരാമർശവും വിമർശനവിധേയമായി. എങ്കിലും താൻ പറഞ്ഞ കാര്യങ്ങളിലെ വസ്തുത മനസിലാക്കണമെന്നും ഭാരതചരിത്രം മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. സീതാറാം യച്ചൂരിക്ക് ആ പേരിട്ടത് എന്തിനാണെന്ന് അദ്ദേഹത്തിന്‍റെ വീട്ടുകാരോട് ചോദിച്ചാൽ, തന്നെ കളിയാക്കുന്നവർക്കുള്ള മറുപടി ലഭിക്കും. ഒന്നരശതമാനം വോട്ടിൽനിന്ന് ത്രിപുരയിൽ അധികാരം പിടിച്ച പാർട്ടിക്ക് കേരളത്തിലും അത് സാധിക്കും.

വ്യക്തികൾ ഉണ്ടാക്കിയ വളർച്ചയ്ക്കപ്പുറം ഇടത്- വലത് മുന്നണികൾ കേരളത്തിൽ വികസനം കൊണ്ടുവന്നുവെന്ന് തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാമെന്നും ബിപ്ലബ് ദേവ് കുമാർ പറഞ്ഞു.

MORE IN INDIA
SHOW MORE