പെട്രോള്‍ വിലയുടെ ഗുണം പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക്, മോദിക്ക് ഒന്നും കിട്ടുന്നില്ല; വിചിത്രവാദം

amit-maliviya-tweet
SHARE

പെട്രോൾ വിലവർധനയിൽ രാജ്യത്ത് കടുത്ത പ്രതിഷേധമുയരുമ്പോൾ പുതിയ ന്യായീകരണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. അതിൽ ഏറ്റവും വിചിത്രമായ വാദം ബിജെപി െഎടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റാണ്. ‘ഓരോ തവണ പെട്രോള്‍ വില ഉയരുമ്പോഴും നേട്ടം കൊയ്യുന്നത് കെജ്‌രിവാളിനെയും മമതാ ബാനര്‍ജിയെയും പോലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. മോദി സര്‍ക്കാറിന് ഒന്നും കിട്ടുന്നില്ല.’ എന്നായിരുന്നു അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചത്. ഇതിനെതിരെ വൻപരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇന്ധനവിലവർധനയിൽ വൻലാഭം കൊയ്യുന്നത്  ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്‍. ഇത് മുന്നിലുള്ളപ്പോഴാണ് വിചിത്ര വാദവുമായി കേന്ദ്ര നേതാക്കൾ രംഗത്തെത്തുന്നത്.

അമിത് മാളവ്യയുടെ ട്വിറ്റിന് മറുപടിയുമായി ഒട്ടേറെ പേർ രംഗത്തെത്തി. സാമ്പത്തിക ശാസ്ത്രത്തിന്റെ തിയറികളൊക്കെ ഇപ്പോ മാറിയോ എന്നാണ് ട്വീറ്റിനെ പരിഹസിച്ചുകൊണ്ടുള്ള ചില പ്രതികരണം. മിക്ക സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണോയെന്ന കാര്യം മറന്നോയെന്നും ചിലര്‍ ചോദിക്കുന്നു. യു.പി.എ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് പെട്രോള്‍ വില വര്‍ധനവിന് ബി.ജെ.പി നേതാക്കള്‍ യു.പി.എ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടും ചിലര്‍ ട്വീറ്റിനെതിരെ രംഗത്തുവന്നിട്ടുണ്ട്. യുപിഎ ഭരണക്കാലത്ത് ഇന്ധനവിലവർധനവിനെതിരെ രൂക്ഷ വിമർശനം നടത്തിയ പ്രമുഖർ ഇപ്പോൾ മൗനം പാലിക്കുന്നതിനെതിരെയും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ എന്നിവരുടെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കിയാണ് പ്രതിഷേധം.

MORE IN INDIA
SHOW MORE