അച്ഛന്‍ തന്ന വിലമതിക്കാനാകാത്ത സമ്മാനം; രാജീവിന്‍റെ ഓര്‍മയില്‍ വികാരാധീനനായി രാഹുല്‍

rajeev-rahul
SHARE

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മ്മയില്‍ രാജ്യം. ഡല്‍ഹിയിലെ രാജീവ് ഗാന്ധി സമാധിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജീവ് ഗാന്ധിയുടെ പത്നിയുമായ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന അച്ഛനെ ഓര്‍ത്ത് രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകളാണ് രാജ്യ ശ്രദ്ധ നേടിയിരിക്കുന്നത്. പക, അത് കൊണ്ടു നടക്കുന്നവരുടെ ജയിലറയാണെന്നാണ് അച്ഛന്‍ തന്നെ പഠിപ്പിച്ചിരിക്കുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. 

'അച്ഛന്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത് പക, അത് കൊണ്ടു നടക്കുന്നവരുടെ ജയിലറയാണെന്നാണ്.  എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചതിന് ഞാന്‍ അദ്ദേഹത്തിനോട് ഇന്ന് കടപ്പെട്ടിരിക്കുന്നു. ഒരു പിതാവിന് തന്‍റെ മകന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണിത്. ഞങ്ങളുടെ ഹൃദയത്തില്‍ എന്നും അങ്ങയുടെ സ്നേഹം ഉണ്ടായിരിക്കും.' ഇതായിരുന്നു രാജീവ് ഗാന്ധിയെ ഓര്‍മ്മിച്ചുകൊണ്ടുള്ള രാഹുലിന്‍റെ ട്വീറ്റ്.   

രാജ്യം കണ്ട സമര്‍ത്ഥരായ പ്രധാനമന്ത്രിമാരില്‍ ഒരാളായ രാജീവ് ഗാന്ധിയുടെ  ഇരുപത്തി ഏഴാം ചരമവാര്‍ഷികമാണ് ഇന്ന്.  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സുഷീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍  രാജീവ്ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.  പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററിലൂടെ അനുസ്മരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫെയിസ്ബുക്കിലൂടെ പ്രിയ നേതാവിനെ അനുസ്മരിച്ചു. രാജ്യത്താകമാനം രാജീവ് ഗാന്ധി അനുസ്മരണം കോണ്‍ഗ്രസ് വിപുലമായി സംഘടിപ്പിച്ചിട്ടുണ്ട്.

1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി എത്തുന്നത്.  1991ല്‍ തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂര്‍ ഗ്രാമത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണയര്‍പ്പിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കവേ ചാവേര്‍ ബോംബ്   ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുകയായിരുന്നു.

MORE IN INDIA
SHOW MORE