വെടിനിര്‍ത്താന്‍ ഫോണില്‍ കേണു; പിന്നാലെ വീണ്ടും പാക് ഷെല്ലാക്രമണം; യുവതിക്ക് പരുക്ക്

pakistan-ceasefire
SHARE

പ്രത്യാക്രമണം താങ്ങാനാകാതെ ഇന്ത്യന്‍ സേനയോട് വെടിവെയ്പ് നിര്‍ത്താന്‍ ഫോണില്‍ അപേക്ഷിച്ചതിന് തൊട്ടുപിന്നാലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറിലാണ് പാക്കിസ്ഥാന്‍ വീണ്ടും കരാര്‍ ലംഘിച്ചത്.

പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ഒരു യുവതിക്ക് പരുക്കേറ്റു. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്കൂളുകള്‍, സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ അടച്ചിട്ടു. കഴിഞ്ഞ ദിവസം രാത്രി സംബാ ജില്ലയിലെ നാരായണ്‍പൂര്‍ മേഖലയിലാണ് പാക്കിസ്ഥാന്‍ ആക്രമണത്തിന് തുടക്കമിട്ടത്. 

ബിഎസ്എഫ് നടത്തിയ ശക്തമായ ആക്രണണത്തെത്തുടര്‍ന്ന് വെടിനിര്‍ത്താന്‍ അപേക്ഷിച്ച് പാക് റേഞ്ചേഴ്സ് രംഗത്തെത്തിയിരുന്നു. ഫോണിലൂടെയാണ് 'ദയവായി വെടിനിര്‍ത്തൂ' എന്ന് പാകിസ്താന്‍ അപേക്ഷിച്ചത്. ഇതിന് 24 മണിക്കൂര്‍ തികയും മുന്‍പാണ് പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ചത്.  സാധാരണക്കാരായ ജനങ്ങളെയുള്‍പ്പെടെ ലക്ഷ്യമിട്ടാണ് പാക് സൈന്യത്തിന്‍റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനം. 

കഴി​ഞ്ഞ വെള്ളിയാഴ്ച പാക് സൈന്യം നടത്തിയ കനത്ത ഷെല്ലിങ്ങിലും വെടിവെയ്പിലും നാല് സിവിലയന്മാരും ഒരു ബിഎസ്എഫ് ജവാനുമാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായാണ് പാക് സൈനിക പോസ്റ്റുകളും ബങ്കറുകളും ലക്ഷ്യമിട്ട് ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്‍റെ തലേദിവസമാണ് ഇന്ത്യ–പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇന്ത്യന്‍ ഗ്രാമങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍റെ ആക്രമണങ്ങളേറെയും നടന്നത്.

MORE IN INDIA
SHOW MORE