വിജയമെഴുതിയത് കോൺഗ്രസിന്‍റെ 'പ്ലാൻ ബി', തിരക്കഥ ഇങ്ങനെ, കഥാപാത്രങ്ങള്‍ ഇവര്‍

congress-plan-b
SHARE

ഏറെ ബുദ്ധിമുട്ടിയാണെങ്കിലും ഒടുവിൽ ജെഡിഎസിനെ ഒപ്പം ചേർത്ത് കർണ്ണാടകയെ 'കൈ'പ്പിടിയിലൊതുക്കിയിരിക്കുന്നു കോൺഗ്രസ്. അണികളും ഒപ്പം നിത്യവിമര്‍ശകരും കോണ്‍ഗ്രസിനെക്കുറിച്ച് നല്ലത് പറയുന്ന നേരം. ചരടുവലികൾ മുൻപേ തുടങ്ങിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നീക്കങ്ങളെല്ലാം ആസൂത്രിതവും അതിസൂക്ഷ്മവുമായിരുന്നു. വോട്ടെണ്ണലിന്‍റെ തലേന്നു തന്നെ ത്രിശങ്കുസഭയാകും രൂപപ്പെടുക എന്നതു സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് നേരത്തേ തന്നെ സൂചന ലഭിച്ചിരുന്നു. പാർട്ടി പ്രതിനിധികളുമായുള്ള കൂടിയാലോചനക്കു ശേഷം ജെഡിഎസുമായി സഖ്യം എന്ന നിർണ്ണായക തീരുമാനത്തിലേക്കെത്തി. കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം വാദ്ഗാനം ചെയ്യാനും ധാരണയായി. 

വെല്ലുവിളി: സിദ്ധരാമയ്യയെ മെരുക്കണം

‌തുടർഭരണം നേടി മുഖ്യമന്ത്രിയാകാനുള്ള സ്വപ്നവും കണ്ടിരിക്കുന്ന സിദ്ധരാമയ്യയെ സമ്മതിപ്പിക്കുകയായിരുന്നു ആദ്യ കടമ്പ. സിദ്ധരാമയ്യക്കും കുമാരസ്വാമിക്കുമിടയിലുള്ള മ‍ഞ്ഞുരുക്കിയത് രാഹുൽ ഗാന്ധിയാണെന്ന് കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഒരു പ്രമുഖ ദേശീയമാധ്യം റിപ്പോർട്ട് ചെയ്യുന്നു. പൂർവ്വകാല വൈരം മറന്ന് ഇരുവരെയും അടുപ്പിച്ചത് രാഹുലാണെന്നാണ് റിപ്പോർട്ടുകൾ. വോട്ടെണ്ണൽ തുടങ്ങും മുൻപേ അശോക് ഗെഹ്‌ലോട്ടിനെയും ഗുലാം നബി ആസാദിനെയും രാഹുൽ കർണ്ണാടകയിലേക്കയച്ചു. ഇരുവരുടെയും റോൾ അവിടെയായിരുന്നു. 

ആകാംക്ഷ നിറച്ച വോട്ടെണ്ണൽ ദിനം

വോട്ടെണ്ണൽ ദിനം ഉച്ചയോടെ തന്നെ ഏകദേശ ചിത്രം വ്യക്തമായി. കർണ്ണാടകയിലെ കോൺഗ്രസ് നേതാക്കളുമായി നിരന്തര സമ്പർക്കം നടത്തിക്കൊണ്ടിരുന്ന രാഹുൽ പ്ലാൻ ബിയുമായി മുന്നോട്ടു പോകാൻ അവരോട് ആവശ്യപ്പെട്ടു. അതേസമയം തന്നെ പ്രതിപക്ഷനിരയിലെ നേതാക്കളുമായി സോണിയാ ഗാന്ധിയും അഹമ്മദ് പട്ടേലും ആശയവിനിമയം നടത്തിക്കൊണ്ടുമിരുന്നു. പ്രിയങ്ക ഗാന്ധിയും കളത്തിലുണ്ടായിരുന്നു. ഗുലാം നബി ആസാദുമായും അശോക് ഗെഹ്‌ലോട്ടുമായും ബന്ധപ്പെട്ട് പ്രിയങ്ക ഓരോ ചലനങ്ങളും അറിഞ്ഞുകൊണ്ടേയിരുന്നു. 

അതിസൂക്ഷ്മമായി കരുക്കൾ നീക്കിക്കൊണ്ടിരുന്ന രാഹുൽ ഗാന്ധി ജെഡിഎസ് നേതാവ് എച്ച്ഡി ദേവെഗൗഡയുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടുമിരുന്നു. 

മുന്നില്‍ നേതാക്കള്‍, പിന്നില്‍ ഡികെ 

ഓപ്പറേഷൻ കർണ്ണാടകയ്ക്ക് പ്രധാന ചുക്കാൻ പിടിച്ച ഡികെ ശിവകുമാറിന്‍റെ റോളും നിർണ്ണായകം തന്നെയായിരുന്നു. എംഎൽഎമാരെ സുരക്ഷിത താവളത്തിലേക്കു മാറ്റി ചാക്കിടൽ ശ്രമങ്ങളെ ചെറുത്തത് കോൺഗ്രസ് പ്രവർത്തകരുടെ സ്വന്തം 'ഡികെ' യുടെ ബുദ്ധിയാണ്. നേരത്തേ തന്നെ കോൺഗ്രസിലെ ക്രൈസിസ് മാനേജറായി അറിയപ്പെടുന്ന ഡികെ ഇത്തവണയും കോൺഗ്രസിന്‍റെ രക്ഷക്കെത്തി. സ്ക്രീനിലുണ്ടായിരുന്നത് സിദ്ധരാമയ്യയും ഗെഹ്‌ലോട്ടും ആസാദുമാണെങ്കിൽ അണിയറയിൽ പ്രധാന റോളിൽ തന്നെ ഡികെ ഉണ്ടായിരുന്നു. അത് ആസൂത്രിത ശ്രമം തന്നെ ആയിരുന്നുവെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. 

ഡൽഹിയിലും മുന്നൊരുക്കം

സുപ്രീം കോടതിയിൽ പോരാടേണ്ടി വന്നാൽ ഒരുങ്ങിയിരിക്കാനുള്ള മുന്നറിയിപ്പ് ഡൽഹിയിലുള്ള അഭിഷേക് മനു സിങ്്വിക്കും കബിൽ സിബലിനും ലഭിച്ചിരുന്നു. കോൺഗ്രസിലെയും ജെഡിഎസിലെയും നേതാക്കൾ 10 ബിജെപി എംഎൽഎമാരുമായി സംസാരിച്ചിരുന്നുവെന്നും പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ നീക്കങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി ഛത്തീസ്ഗഢിൽ പോയ രാഹുല്‍ പിന്നീട് അവിടെയിരുന്ന് കരുക്കൾ നീക്കി. സഭക്കും പുറത്തും തെരുവിലുമെല്ലാം അണികളെ നിരത്തി പ്രക്ഷോഭം നടത്താൻ നേതാക്കളോട് ആവശ്യപ്പെട്ടു. 

ക്ലൈമാക്സിലെ വിജയം

ബിജെപിക്ക് ആൻറി ക്ല‌ൈമാക്സ് ആയിരുന്നെങ്കിലും ട്വിസ്റ്റുകൾക്കൊടുവിൽ കോൺഗ്രസ് ആശ്വാസവിജയം നേടി. പ്രധാനമായും ഒരേയൊരു ലക്ഷ്യമാണ് രാഹുലിനും കോൺഗ്രസിനും മുന്നിൽ– '2019'. പല്ലും നഖവുമുപയോഗിച്ച് പോരാടാൻ തന്നെയാണ് രാഹുലിന്‍റെയും അണികളുടെയും തീരുമാനം. തിരക്കഥ അണിയറയിൽ ഒരുങ്ങുമ്പോൾ കർണ്ണാടക നൽകിയ ആത്മവിശ്വാസമാണ് നേതാക്കളിലും അണികളിലും പോരാട്ടവീര്യം നിറക്കുന്നത്. ശേഷം സ്ക്രീനിൽ.

MORE IN INDIA
SHOW MORE