ഉറച്ച ശബ്ദം, മൂർച്ച, ഭക്തരെയും വിമര്‍ശകരെയും കയ്യിലാക്കി രാഹുൽ; ഇനി 2019

rahul-press-meet
SHARE

പതിവുശീലങ്ങളെല്ലാം രാഹുൽ ഗാന്ധി തെറ്റിച്ചു. സാധാരണ തിരഞ്ഞെടുപ്പു തോല്‍വികൾക്കു ശേഷമുള്ള ശലഭസമാധിയില്‍ അല്ലായിരുന്നു രാഹുൽ ഇത്തവണ. പ്യൂപ്പക്കുള്ളില്‍ ഒതുങ്ങിയിരിക്കാതെ പറന്നു. ഒളിപ്പോരു നടത്തിയില്ല, മുന്നിൽ നിന്ന് പോരാടി. 56 മണിക്കൂർ മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന് യെഡിയൂരപ്പ മുട്ടുമടക്കി ഇറങ്ങിയതിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ആത്മവിശ്വാസമുള്ള നേതാവിനെയാണ് കണ്ടത്. മൂർച്ചയും ദൃഢതയുമുണ്ടായിരുന്നു ആ വാക്കുകൾക്ക്.  

അനായാസ സുന്ദരമായി രാഹുല്‍ വാര്‍ത്താസമ്മേളനത്തിന് വന്നിരുന്നു. അനാവശ്യമായ ബഹളങ്ങളുയര്‍ന്നപ്പോള്‍ ഒപ്പമെത്തിയ രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ മുഖത്തേക്കുനോക്കി ആ വാക്കുകള്‍ക്ക് കാതോര്‍ത്തു. പിന്നെ മാധ്യമപ്രവര്‍ത്തകർക്ക് നിറഞ്ഞ ചിരി സമ്മാനിച്ചു. കൂളായിരുന്നു രാഹുല്‍. പാടുപെട്ട് ഒപ്പിച്ചെടുത്ത ആശ്വാസ വിജയത്തിന്‍റെ ആത്മവിശ്വാസം തെളിഞ്ഞുനിന്നു. 

ദേശീയഗാനത്തിനിടെ ഇറങ്ങിപ്പോയ ബിജെപി എംഎല്‍എമാരെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. നിങ്ങള്‍ അത് ശ്രദ്ധിച്ചില്ലേ എന്ന് ആവര്‍ത്തിച്ചുള്ള ചോദ്യം. ബിജെപി പറയുന്നതും പ്രവർ‌ത്തിക്കുന്നതും തമ്മിലുള്ള അന്തരത്തെക്കുറിച്ചായി പിന്നീട്, ഒപ്പം രാജ്യത്തെ അപമാനിക്കാൻ പാടില്ലെന്ന പാഠം  ബിജെപിയും ആർഎസ്എസും പഠിക്കണമെന്ന മുന്നറിയിപ്പും. 

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചായി പിന്നീട് മാധ്യമങ്ങളുടെ ചോദ്യം. മോദിയുടെ കരാളഹസ്തങ്ങളിൽ നിന്നും ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരം. യുദ്ധത്തിന് തയ്യാറാണെന്ന ഭാവം മുഖത്ത്. അഴിമതിയെക്കുറിച്ചു പറയുന്ന മോദിയുടെ ഭരണകാലത്തു തന്നെ അഴിമതി വളരുന്നു. മോദി തന്നെയും അഴമിതിയാണെന്നു പറഞ്ഞുവെച്ചു. 

രാഹുലിനെ ചോദ്യം ചെയ്ത പലരും യുവനേതാവിന്‍റെ മാറ്റം കണ്ട് അമ്പരന്നു. രാഹുലിന് രാഷ്ട്രീയ ഭാവിയില്ലെന്നു പറഞ്ഞവർ മാറ്റിപ്പറഞ്ഞു. 

മാറേണ്ടത് രാഹുലിനും ആവശ്യമായിരുന്നു. ഡൽഹിയിലെ പതനത്തിനു ശേഷം വേനലവധി ആഘോഷിക്കാൻ പോയ രാഹുലിനെ അവധിയാഘോഷിക്കുന്ന കുട്ടിയെന്നു പറ‍ഞ്ഞ് എതിരാളികൾ കളിയാക്കി. രാഹുലിനു പകരം പ്രിയങ്കയെ നേതാവാക്കണമെന്ന് പാർട്ടിക്കുള്ളിൽ നിന്നു തന്നെ സ്വരങ്ങളുണ്ടായി. എന്നാൽ ആ വേനലവധിക്കു ശേഷം രാഹുൽ തിരിച്ചെത്തിയത് പോരാടാനുള്ള ഊർജ്ജം നിറച്ചാണ്.  മോദി തരംഗത്തിൽ പ്രഭാവം മങ്ങിയ രാഹുലിനെയല്ല പിന്നെ കണ്ടത്. നവമാധ്യമങ്ങൾക്ക് പ്രിയങ്കരനായി പിന്നീട് രാഹുൽ. 

venugopal-rahul
BENGALURU 2018 MAY 07 : All India Congress president Rahul Gandhi and AICC General secretary KC Venugopal in Hoskote election rally related to 2018 Karnataka assembly elections @ Josekutty Panackal

കര്‍ണ്ണാടക മോഡല്‍ മറ്റു സംസ്ഥാനങ്ങളിൽ കൂടി വ്യാപിപ്പിക്കുമെന്നും പ്രാദേശിക പാര്‍ട്ടികളെ ഒപ്പം കൂട്ടി ബിജെപിയെ അധികാരക്കസേരയിൽ നിന്നും താഴെയിറക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രഖ്യാപിച്ചു കഴി‍ഞ്ഞു. രാഹുൽ മാത്രമല്ല, കോൺഗ്രസ് ഒന്നടങ്കം ആത്മവിശ്വാസത്തിലാണ്., 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. പയറ്റിത്തെളിയാൻ രാഹുലിനു കിട്ടുന്ന അടുത്ത അവസരമാകും അത്

rahul-gandhi-2
MORE IN INDIA
SHOW MORE