മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ല; നിലപാട് വ്യക്തമാക്കി കുമാരസ്വാമി

hd-kumaraswamy-1
SHARE

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ധാരണയില്ലെന്ന് വ്യക്തമാക്കി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസുമായി പങ്കിടുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ഊഴം വെച്ച് മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ലെന്ന് വ്യക്തമായി. 

കർണാടകയിൽ മന്ത്രിസഭാ രൂപീകരത്തിന് പ്രാഥമിക ധാരണയായി. കോൺഗ്രസിന് ഇരുപത് മന്ത്രിമാരും ജെ ഡി എസിനു പതിമൂന്നു മന്ത്രിമാരുമാകും ഉണ്ടാവുക. ഇന്നലെ നടന്ന സംയുക്ത പാർലിമെന്ററി പാർട്ടി യോഗത്തിലാണ് പ്രാഥമിക തീരുമാനമുണ്ടായത്. ജെ ഡി എസ് മുന്നോട്ട് വയ്ക്കുന്ന എന്തു നിർദ്ദേശവും അംഗീകരിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് കോൺഗ്രസ്‌.

തിരഞ്ഞെടുപ്പിന് ശേഷം അതിവേഗം സഖ്യം രൂപീകരിച്ചതിനാൽ കാര്യമായ ധാരണകൾ കോൺഗ്രസും ജെ ഡി എസും തമ്മിൽ ഉണ്ടായിരുന്നില്ല.  ഇന്നലെ നടന്ന സംയുക്ത പാർലിമെന്ററി പാർട്ടിയോഗത്തിലാണ് പ്രാഥമിക ധാരണയായായത്.  ധനകാര്യവകുപ്പ് കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യുമ്പോൾ ഡോ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസിൽ നിന്ന് രണ്ട്‌ ഉപമുഖ്യമന്ത്രിമാരുണ്ടാകും എന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമായിട്ടില്ല.  ഡി കെ ശിവകുമാറിനാണ് സാധ്യത എന്നാണ് സൂചനകൾ.  

വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമാകും മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമുണ്ടാവുക. ജെ ഡി എസുമായി ഉപാധിരഹിത സഖ്യം എന്ന ആശയം കോൺഗ്രസ്‌ മുന്നോട്ടുവയ്ക്കുമ്പോൾ  ബി ജെ പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ പ്രാദേശിക പാർട്ടികളെ ഒന്നുചേർത്തു രാജ്യവ്യാപകമായ സഖ്യത്തിന്റെ തുടക്കത്തിനാണ് കോൺഗ്രസ്‌ ലക്ഷ്യമിടുന്നത്.  അതേസമയം സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും  സന്ദർശിക്കാൻ കുമാരസ്വാമി നാളെ ഡൽഹിക്ക് പോകും.  ഇവർ സത്യപ്രതിജ്ഞ ചടങ്ങിന് എത്തുമെന്നാണ് സൂചന. പ്രതിപക്ഷനിരയിലെ പ്രമുഖ നേതാക്കളായ മായാവതിയും മമത ബാനർജിയുമടക്കുള്ളവർ  ചടങ്ങിൽ പങ്കെടുക്കും. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ. 

2007ല്‍ ബിജെപിയുമായി അധികാരം പങ്കിടാമെന്ന ധാരണയിലാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബി.എസ്.യെഡിയൂരപ്പ ആയിരുന്നു ഉപ മുഖ്യമന്ത്രി. 20 മാസങ്ങള്‍ക്ക് ശേഷം യെഡിയൂരപ്പയെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ കുമാരസ്വാമി  ധാരണ ലംഘിച്ചു. ബിജെപി പിന്തുണ പിന്‍വലിച്ചു. പകരം മുഖ്യമന്ത്രിയായ യെഡിയൂരപ്പക്ക് എട്ടുദിവസം മാത്രമാണ് അധികാരത്തില്‍ തുടരാനായാണ്. ജനതാദളുമായുള്ള സൗഹൃദം അവസാനിപ്പിച്ചതോടെ സര്‍ക്കാര്‍ താഴെ വീണു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് യെഡിയൂരപ്പ മുഖ്യമന്ത്രിയായി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. അഴിമതിയെത്തുടര്‍ന്ന് ജയിലിലുമായി. 

കഴിഞ്ഞ ദിവസം അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസും ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന് ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം. ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. 104 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ സാഹചര്യത്തിലാണ് ജെഡിഎസിന് നിരുപാധിക പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചു. 

എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ബിജെപിയെ. തുടര്‍ന്ന് ബിഎസ് യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. നടപടിയെ ചോദ്യം െചയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. ഒരുദിവസത്തിനുള്ളില്‍ സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ബിജെപിയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പ് യെഡിയൂരപ്പ രാജിവെച്ചു. ഇതോടെ ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ജെഡിഎസിനെ ക്ഷണിക്കുകയായിരുന്നു. 

കോണ്‍ഗ്രസിന് 78 സീറ്റും ജെഡിഎസിന് 38 സീറ്റുമാണുള്ളത്. കോണ്‍ഗ്രസിന് 20 മന്ത്രിമാരും ജെഡിഎസിന് 13 മന്ത്രിമാരുമുണ്ടാകും. ഡോ.ജി പരമേശ്വരയാകും ഉപമുഖ്യമന്ത്രി എന്നാണ് ധാരണ.

MORE IN INDIA
SHOW MORE