പ്രാദേശിക പാർട്ടികളെ ഒപ്പം ചേർത്ത് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കമൽഹാസൻ

kamal-hassan-politics
SHARE

പട്ടാളി മക്കള്‍ കക്ഷിയടക്കമുള്ള പ്രാദേശിക പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കമല്‍ഹാസന്‍. കാവേരി വിഷയം ചര്‍ച്ച ചെയ്യാന്‍ ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത കര്‍ഷക–രാഷ്ട്രീയ നേതാക്കളുടെ യോഗം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂട്ടായ്മ തുടരുമെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. കാവേരി വിഷയത്തില്‍ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് പട്ടാളി മക്കള്‍ കക്ഷി യൂത്ത് വിങ് അധ്യക്ഷന്‍ ഡോ.അന്‍പുമണി രാംദാസും വ്യക്തമാക്കി.

നിലവില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ മഴവില്‍ സംഖ്യം നിലനില്‍ക്കുന്നുണ്ട്. അതിന് സമാനമായ രീതിയില്‍ ഡി.എം.കെ, അണ്ണാ ഡി.എം.കെ പക്ഷത്തില്ലാത്ത കക്ഷികളെ ഒപ്പം കൂട്ടാനാണ് കമല്‍ഹാസന്‍റെ നീക്കമെന്നാണ് സൂചന. രാഷ്ട്രീയമില്ലെന്ന് പറയുമ്പൊഴും , മധ്യ തമിഴ്നാട്ടില്‍ ചെറുതല്ലാത്ത സ്വാധീനമുള്ള ഡോ.അന്‍പുമണി രാമദാസിനെയും കര്‍ഷകര്‍ക്കിടയില്‍ വലിയ സ്വാദീനമുള്ള അയ്യാക്കണ്ണ്, പി.ആര്‍.പാണ്ഡ്യന്‍ തുടങ്ങിയ നേതാക്കളെയും ഒരു വേദിയിലെത്തിച്ചത് കൃത്യമായ കണക്കുകൂട്ടലുകളോടെ തന്നെയാണ്. വണ്ണിയര്‍ സമുദായത്തില്‍പ്പെട്ട അന്‍പുമണി രാംദാസുമായി രാഷ്ട്രീയ ഐക്യം ഉണ്ടാക്കിയാല്‍ നേട്ടം മാത്രം.  സീമാന്‍റെ നാം തമിഴര്‍ കക്ഷി, വിജയകാന്തിന്‍റെ ഡി.എം.ഡി.കെ തുടങ്ങിയവയും അയിത്തമുള്ളവരല്ല. സാമൂഹിക വിഷയങ്ങളില്‍ ഒരേ നിലപാട് സ്വീകരിക്കുന്നവരുടെ ഒരുമിക്കലാണ് കമല്‍ഹാസന്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.  വരും ദിവസങ്ങളില്‍ രജനീകാന്തടക്കമുള്ളവര്‍ കൂട്ടായ്മയുടെ ഭാഗമാകുമെന്നാണ് വിശ്വാസമെന്ന് കമല്‍ വ്യക്തമാക്കി. 

ടി.ടി.വി ദിനകരന്‍റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തെ പ്രതിനിധീകരിച്ച് തങ്കതമിഴ്സെല്‍വന്‍ പങ്കെടുത്തെങ്കിലും, രാഷ്ട്രീയത്തില്‍ ദിനകരനുമായി കൈകോര്‍ക്കാനുള്ള സാധ്യത വിദൂരമാണ്. അതേ സമയം കാവിരി വിഷയത്തിലുള്ള ആശങ്ക അവസാനിക്കുന്നില്ലെന്ന് ‌അന്‍പുമണി രാമദാസ് വ്യക്തമാക്കി.

MORE IN INDIA
SHOW MORE