‘എന്‍റെ കാന്തികപ്രഭാവം..’; കരുനീക്കങ്ങളുടെ നായകന്‍ താന്‍ തന്നെ; ഡി.കെ. പറയുന്നു

dk-shivakumar
SHARE

കോണ്‍ഗ്രസ് എംഎല്‍എമാരെ സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായത് തന്‍റെ നീക്കങ്ങളെന്ന് സമ്മതിച്ച് മുതിര്‍ന്ന നേതാവ് ഡി.കെ.ശിവകുമാര്‍. കര്‍ണാടകയില്‍ അരങ്ങേറിയ രാഷ്ട്രീയനാടകങ്ങള്‍ക്കിടയില്‍ മറുകണ്ടം ചാടിയേക്കാമെന്ന ആരോപമണമുയര്‍ന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ തിരികെ കൊണ്ടുവന്നത് ശിവകുമാറിന്‍റെ തന്ത്രങ്ങളാണ്. തന്‍റെ വ്യക്തിത്വവും കഴിവുമാണ് അതിന് പിന്നിലെന്നാണ് ശിവകുമാര്‍ പറയുന്നത്. 

വിശ്വാസവോട്ടെടുപ്പിന് ഒരുമണിക്കൂര്‍ മുന്‍പുവരെ എംഎല്‍എമാരായ ആനന്ദ് സിങ്ങിനെയും പ്രതാപ് ഗൗഡ പാട്ടീലിനെയും കാണാനില്ലായിരുന്നു. സഭയില്‍ എത്താതിരുന്നതിനാല്‍ ഇരുവരും ബിജെപി തടവിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെപ്പറ്റി ശിവകുമാര്‍ പറയുന്നതിങ്ങനെ: ‘എംഎല്‍എമാരെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ടായിരുന്നു. പക്ഷേ അവരുമായി ഞാന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ഒടുവില്‍ അവരെ തിരിച്ചുകൊണ്ടുവന്നു. തന്‍റെ വ്യക്തിത്വവും കഴിവുമാണ് ഇതിന് പിന്നില്‍..’ 

ജെഡിഎസിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ അത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം ശിവകുമാറില്‍ വന്നുചേര്‍ന്നു. സോണിയാ ഗാന്ധിയുടെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരനായ അഹമ്മദ് പട്ടേലിന്‍റെ അടുത്തയാളാണ് ശിവകുമാര്‍. എംഎല്‍‌എമാരെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയതും തന്ത്രങ്ങള്‍ മെനഞ്ഞതുമെല്ലാം ഡി.കെ തന്നെ. എംഎല്‍എമാരെ വിലക്കെടുക്കാനും ഭീഷണിപ്പെടുത്തി തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനും ബിജെപി മെനഞ്ഞ പല തന്ത്രങ്ങളെയും ഡി.കെ നിഷ്പ്രഭമാക്കി. 

കാണാമറയത്തായിരുന്ന രണ്ട് എംഎല്‍എമാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'അവര്‍ വരും, കോണ്‍ഗ്രസിന് വോട്ടുചെയ്യും' എന്നായിരുന്നു മറുപടി. ഒളിവിലായിരുന്ന പ്രതാപ് ഗൗഡ പാട്ടീലിനെ ഹോട്ടലില്‍ച്ചെന്ന് കണ്ട് സഭയിലെത്തിച്ചു. പിന്നാലെ ആനന്ദ് സിങ്ങും സഭയിലെത്തി. എംഎല്‍എമാര്‍ക്ക് പണവും മന്ത്രിപദവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള യെഡിയൂരപ്പ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ഓഡിയോ ടേപ്പുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. 

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ചാഞ്ചാടിയ ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ അമിത് ഷായുടെ കയ്യെത്താതെ കാത്തതും ശിവകുമാര്‍ ആയിരുന്നു. പ്രതിസന്ധികള്‍ മറികടന്ന് രാജ്യസഭാ സീറ്റില്‍ അഹമ്മദ് പട്ടേല്‍ ജയിച്ചതോടെ ശിവകുമാര്‍ ഹൈക്കമാന്‍ഡിലും പ്രിയപ്പെട്ടവനായി. കോണ്‍ഗ്രസിന്‍റെ കര്‍ണാടകയിലെ ഭാവികാലം ശിവകുമാറിന്‍റെ കയ്യില്‍ ഭദ്രമായിരിക്കും എന്ന് ഇതിനകം തെളിഞ്ഞു.

MORE IN INDIA
SHOW MORE