ബൊപ്പയ്യ എന്നും ‘കുപ്രസിദ്ധന്‍’; ബിജെപി ഉന്നമിടുന്നതെന്താണെന്ന് ഇൗ ചരിത്രം പറയും

kgbopaiah-karnataka
SHARE

കര്‍ണാടക എന്തുവില കൊടുത്തും ഒപ്പം നിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് ഇൗ രാത്രി ബിജെപി. അതിനായി ഏതറ്റം വരെയും പോകാനുള്ള സന്നാഹം ബിജെപി പടകൂട്ടിക്കഴിഞ്ഞു.  ആവനാഴിയില്‍ ഇനിയുള്ള അമ്പുകള്‍ ഏതെല്ലാം എന്ന ചിന്തയിലാണ് രാജ്യം. ഒടുവില്‍ കര്‍ണാടക പ്രോടേം സ്പീക്കറായി ബിജെപി നേതാവ് കെ.ജി.ബൊപ്പയ്യയെ തിരഞ്ഞെടുത്തതോടെയാണ് ബിജെപിയുടെ കരുനീക്കത്തിന്റെ ആഴം മനസിലാകുന്നത്. എന്നും വിവാദങ്ങളുടെ സഹയാത്രികനാണ് ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ബൊപ്പയ്യ. യെഡിയൂരപ്പ മുഖ്യമന്ത്രിയായാല്‍ പിന്നെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് ദേശ് പാണ്ഡെയായിരുന്നു. എന്നാല്‍ ഇൗ കീഴ്​വഴക്കം അട്ടിമറിച്ചാണ് വിശ്വസ്തനായ ബൊപ്പയ്യയെ ഒറ്റദിവസം കൊണ്ട് സ്പീക്കറാക്കിയിരിക്കുന്നത്.

governor-swearing

ഇതിന് മുന്‍പ് 2009 - 2013 കാലഘട്ടത്തില്‍ കര്‍ണാടക സ്പീക്കറായിരുന്നു ബൊപ്പയ്യ. 2010ല്‍ യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടിയപ്പോള്‍  11 ബിജെപി എംഎല്‍എമാരെയും അഞ്ചു സ്വതന്ത്ര എംഎല്‍എമാരെയും അയോഗ്യരാക്കിയ ബൊപ്പയ്യയുടെ തീരുമാനം അന്ന് വന്‍വിവാദങ്ങളിലേക്കാണ് വഴിവച്ചത്. അന്ന് ഗവർണറുടെ നിർദേശം പോലും മറികടന്നായിരുന്നു അദ്ദേഹം തീരുമാനമെടുത്തത്. ഇതെതുടര്‍ന്ന് കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് ശുപാര്‍ശ ചെയ്തു. അയോഗ്യരാക്കിയതിനെതിരെ എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു.  അപ്പീല്‍ പരിഗണിച്ച ജസ്‌റ്റിസ് സിറിയക് ജോസഫ്, ജസ്‌റ്റിസ് അൽത്തമാസ് കബീർ എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് സ്പീക്കറുടെ നടപടി റദ്ദാക്കി. സ്പീക്കറുടെ നടപടിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

yeddyurappa-supreme-court

224 അംഗ നിയമസഭയിൽ 117 പേരുടെ പിന്തുണയാണു അന്ന് യെഡിയൂരപ്പയ്‌ക്കുണ്ടായിരുന്നത്. ഇവരിൽ 12 ബിജെപി എംഎൽഎമാരും അഞ്ചു സ്വതന്ത്രരും മറുകണ്ടം ചാടിയതോടെയാണ് അന്ന് യെഡിയൂരപ്പ പ്രതിസന്ധിയിലായത്. മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്ന കത്തില്‍ ഇൗ എംഎല്‍എമാര്‍ ഒപ്പിട്ടു. വിശ്വാസ വോട്ടെടുപ്പിന്റെ അന്നു പുലര്‍ച്ചെ 5.30ന് ഇൗ എംഎല്‍എമാരെ സ്പീക്കര്‍ ബൊപ്പയ്യ അയോഗ്യരാക്കിയത്. പിന്നിട് നടന്നത് ജനാധിപത്യത്തിന്റെ പവിത്രയ്ക്ക് കളങ്കമായ നീക്കങ്ങള്‍. 

നിയമസഭയില്‍ വിശ്വാസവോട്ട് തേടേണ്ടിവന്ന മുഖ്യമന്ത്രി യെഡിയൂരപ്പ വിശ്വാസപ്രമേയം പോലും അവതരിപ്പിക്കാന്‍ തയ്യാറായില്ല. സർക്കാരിനെ അനുകൂലിക്കുന്നവർ ‘അതേ’ എന്നും എതിർക്കുന്നവർ ‘അല്ല’ എന്നും പറയാൻ സ്‌പീക്കർ നിർദേശിച്ചു. ബഹളമുണ്ടായതോടെ, സർക്കാരിനെ അനുകൂലിക്കുന്നവർ കൈ പൊക്കാനായി നിർദേശം. ബിജെപി അംഗങ്ങൾ കൈ പൊക്കിയതിനെത്തുടർന്നു വിശ്വാസവോട്ടു നേടിയതായി സ്‌പീക്കർ ബൊപ്പയ്യ പ്രഖ്യാപിച്ചു. 106 പേരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടതു 113 പേരുടെ പിന്തുണയായിരുന്നു. മണിക്കൂറുകള്‍ക്കശേഷം 119 എംഎല്‍എമാരെ പ്രതിപക്ഷം രാജ്‌ഭവനിൽ ഹാജരാക്കി. ഇവരിൽ സ്‌പീക്കർ അയോഗ്യരാക്കിയ 16 പേരുമുണ്ടായിരുന്നു. സഭയിൽ വിപ്പ് ലംഘിച്ചാൽ മാത്രം ബാധകമാകുന്ന കൂറുമാറ്റനിയമം സ്‌പീക്കർ ദുർവ്യാഖ്യാനം ചെയ്‌തതായി പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തു. 

ഇത്തരത്തിലൊരു വിവാദചരിത്രത്തിനുടമയെയാണ് ബിജെപി ഗവര്‍ണര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇതിന് പിന്നില്‍ ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്താണെന്ന് പകല്‍ പോലെ വ്യക്തം. ഇൗ അപകടം മുന്നില്‍ കണ്ടാണ് ബിജെപിയുടെ ഇൗ നീക്കത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നാളെ രാജ്യം വിശ്വാസവോട്ടിലേക്ക് കണ്ണെറിയുമ്പോള്‍ സംഭവിക്കുന്നത് വിചിത്രക്കാഴ്ചകളാകും എന്നതിന്റെ സൂചനകളാണ് ഒാരോ നിമിഷവും പുറത്തുവരുന്നത്.

MORE IN INDIA
SHOW MORE