കരുനീക്കങ്ങള്‍ തകൃതി; ലിങ്കായത്ത് മഠം വഴി ഓപ്പറേഷനുമായി ബിജെപി; അട്ടിമറികളുടെ രാത്രി?

lingayat-yeddyurappa
SHARE

കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ കരുനീക്കങ്ങള്‍ തകൃതി. ലിംഗായത്ത് മഠം വഴിയുള്ള ഒാപ്പറേഷനുമായാണ് ബിജെപി ഇപ്പോള്‍ കളം നിറയുന്നത്. ലിംഗായത്ത് മഠാധിപതികൾ വഴി പ്രതിപക്ഷത്തെ എം എൽ എ മാരെ സമ്മർദ്ദത്തിലാഴ്ത്തി മാറ്റി നിർത്താൻ ശ്രമം നടക്കുന്നുണ്ട് . കഴിഞ്ഞ ദിവസം മുതലുള്ള മഠാധിപതികളുടെ ബി ജെ പി അനുകൂല പ്രസ്താവന ഇതിന് തെളിവാണ് . കോൺഗ്രസിനെതിരെ ജയിച്ച ദൾ എം എൽ എ മാരെയും ദളിനെതിരെ ജയിച്ച കോൺഗ്രസ് എംഎൽഎ മാരെയും ഒപ്പം നിർത്താനും ബി ജെ പി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ബെഗളൂരുവിലുള്ള നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 

രണ്ടു സീറ്റ് ജയിച്ച കുമാരസ്വാമി ഒരു സീറ്റ് രാജി വച്ചതിനെ തുടർന്ന് നിലവിൽ 221 അംഗങ്ങളാണ് കർണാടക നിയമസഭയിൽ ഉള്ളത് . ബി ജെ പി ക്ക് ഒരു സ്വതന്ത്രന്റെ പിന്തുണയടക്കം 105 സീറ്റുണ്ട് . കോൺഗ്രസ് ദൾ സഖ്യത്തിന് സ്വതന്ത്രന്റ പിന്തുണയടക്കം 116 അംഗങ്ങളുണ്ട് . നിയമസഭയുടെ അംഗബലം 221 ൽ നിന്ന് 209 ആക്കുകയാണ് വിശ്വാസവോട്ടെടുപ്പ് ജയിക്കാൻ ബി ജെ പി ക്ക് മുന്നിലുള്ള വഴി . ഇതിനായി 12 എംഎൽഎ മാരെ രാജി വയ്പിക്കുകയോ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിർത്തുകയോ ചെയ്യണം . അങ്ങനെ വന്നാൽ 104 ന് എതിരെ 105 വോട്ട് നേടി ബിജെപിക്ക് അധികാരത്തിൽ തുടരാം .

അതിനിടെ കീഴ് വഴക്കങ്ങൾ തെറ്റിച്ച് ജി.കെ ബൊപ്പയ്യ യെ വി ശ്വാസവോട്ടെടുപ്പ് നടത്താനുള്ള പ്രോ ടേം സ്പീക്കറാക്കി .കഴിഞ്ഞ യദിയൂരപ്പ സർക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്നു ബൊപ്പയ്യ . 2011 ൽ 11 എം എൽ എ മാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ ഇവരെ അയോഗ്യരാക്കി സർക്കാരിനെ നിലനിർത്തിയ ബൊപ്പയ്യയുടെ നടപടി കോടതി കയറിയതാണ് . കടുത്ത വിമർശനങ്ങളോടെയാണ് സുപ്രീം കോടതി ഇത് റദ്ദാക്കിയിരുന്നു . ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന വിശ്വാസവോട്ടെടുപ്പിൽ ഈ പ്രോടേം സ്പീക്കറുടെ ഇടപെടലും നിർണായകമാകും 

MORE IN INDIA
SHOW MORE