പുറപ്പെട്ടത് മൂന്ന് ബസുകളിലായി; ആകാംക്ഷയിൽ രാജ്യം, അര്‍ധരാത്രിക്കപ്പുറം നീണ്ട നാടകീയയാത്ര ഇങ്ങനെ

karnataka-lawmakers-escape
SHARE

പകൽ മുഴുവൻ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും നാടകീയനീക്കങ്ങൾക്കുമൊടുവിലാണ് മൂന്ന് ബസുകള്‍ അര്‍ധരാത്രി 12.30യോടെ ബംഗളുരു നഗരത്തില്‍ നിന്ന് പുറപ്പെട്ടത്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും 116ഓളം എംഎല്‍എമാരാണ് റിസോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടത്. എംഎല്‍എമാരെ രഹസ്യമായി മാറ്റാനായിരുന്നു പദ്ധതിയെങ്കിലും വിവരമറിഞ്ഞ് റിസോര്‍ട്ടിന് മുന്നിലും പിന്നീട് ബസുകളെ പിന്തുടര്‍ന്നും മാധ്യമങ്ങള്‍ എത്തിയിരുന്നു. സ്വകാര്യ റിസോര്‍ട്ടായ ഈഗിള്‍ട്ടണിലായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്നത്. ജെഡിഎസ് എംഎല്‍എമാരാകട്ടെ ഷാങ്ക്രി-ലാ ഹോട്ടലിലും.

ആകാംക്ഷയോടെയാണ് രാത്രി പിന്നിട്ട നാടകീയനീക്കങ്ങളെ രാജ്യം നോക്കിക്കണ്ടത്. ആദ്യം എംഎല്‍എമാര്‍ കൊച്ചിയിലെത്തുമെന്നായിരുന്നു വിവരം. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയിലേക്കാണ് ഇവരെ മാറ്റുന്നതെന്ന് പിന്നീട് വാര്‍ത്ത വന്നു. ജെഡിഎസ് നേതാവ് കുമാരസ്വാമി ഇത് സ്ഥിരീകരിക്കുകയും ചെയ്തു. താമസസൗകര്യം ലഭിക്കാത്തതിനാലാണ് 'കൊച്ചി' നീക്കം പരാജയപ്പെട്ടത് എന്നാണ് നേതാക്കൾ പറയുന്നത്. ഒടുവില്‍ അവസാന നിമിഷമാണ് 'ഹൈദരാബാദ്' തീരുമാനം. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായിരുന്നു എംഎല്‍എമാരുടെ യാത്ര ക്രമീകരിച്ചിരുന്നത്. പിന്നീട് ആ തീരുമാനവും മാറ്റി. വിമാനങ്ങളുടെ ടേക്ക് ഓഫിന് അനുമതി നിഷേധിച്ചതിനാലാണ് പുതിയ തീരുമാനം. 

12.30ക്ക് ബസില്‍ പുറപ്പെട്ട എംഎല്‍എമാര്‍ പാതിവഴിയില്‍ ബസുകള്‍ മാറി. സുരക്ഷാഭീഷണിയുമായി ബന്ധപ്പെട്ടായിരുന്നു ഈ നീക്കം. 500 കിലോമീറ്റര്‍ എട്ട് മണിക്കൂറില്‍ പിന്നിട്ട് പുലര്‍ച്ചെയോടെ എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. പഞ്ചനക്ഷത്രഹോട്ടലായ ഹയാത്തിലാണ് എംഎല്‍എമാരെ പാർപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം.

കുതിരക്കച്ചവടത്തിനായി ബിജെപി ക്യാംപ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെയാണ് എംഎല്‍എമാരെ മാറ്റാന്‍ കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചത്. എന്നാൽ ഒരു എം.എല്‍.എയെപ്പോലും ബി.ജെ.പിക്ക് ലഭിക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. 38 എം.എല്‍.എമാരും ഒപ്പമുണ്ടെന്ന് എച്ച്.ഡി.കുമാരസ്വാമിയും വ്യക്തമാക്കി.

അതിനിടെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കളംമാറി. ഇവര്‍ ബിജെപി അനുകൂല നിലപാടെടുത്തേക്കുമെന്ന് സൂചന.ബെംഗളൂരുവില്‍ നിന്ന് പുറത്തേക്ക്പോയ എംഎൽഎമാരില്‍ ഇവരില്ല.

MORE IN INDIA
SHOW MORE