ബീഹാർ‌ മുതൽ കർണ്ണാടക വരെ; ജനാധിപത്യം മറന്നുള്ള കളികളുടെ ക്ലൈമാക്സ്; കാണാം നാളെ

karnataka-goa-bihar
SHARE

കാരണങ്ങൾ പലതുമുണ്ട് ബിജെപിക്ക്, അധികാരത്തിലേറാനുള്ള ന്യായീകരണങ്ങളായി അവയോരോന്നും അവർ അക്കമിട്ടു നിരത്തുന്നു. പ്രതിരോധിക്കാൻ കോൺ‌ഗ്രസിനുമുണ്ട് കാരണങ്ങൾ. ഗോവയിലും മണിപ്പൂരിലും നടന്നത് ആവർത്തിച്ചു പറയുന്നു അവർ. കർണ്ണാടകയിൽ മൂന്നാമതും അധികാരത്തിലേറാൻ‌ കച്ച കെട്ടിയിറങ്ങുമ്പോൾ‌ ബിജെപി മറക്കുന്നത് ഗോവയിലെയും മണിപ്പൂരിലെയും അധികം പഴക്കമില്ലാത്ത ചരിത്രം. 

ഗോവയിലും മണിപ്പൂരിലും മേഘാലയിലും കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷേ സർക്കാർ രൂപീകരിച്ചത് ബിജെപിയും. ഇപ്പോൾ‌ പറയുന്ന ജനാധിപത്യമര്യാദകളോ ധാർമ്മികതയോ അന്ന് ബിജെപിക്കു മുന്നിലുള്ള വിഷയമേ ആയിരുന്നില്ല. 

മണിപ്പൂരിൽ കഴിഞ്ഞ വർ‌ഷം നടന്ന തിരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയിൽ 28 സീറ്റുകള്‍ നേടിയ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ അധികാരത്തിലേറിയതാകട്ടെ ബിജെപിയും. അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന കോൺഗ്രസിൻറെ അവകാശ വാദങ്ങളൊന്നും ഗവർണർ നജ്മ ഹെപ്ത്തുള്ളയുടെ മുന്നിൽ വിലപ്പോയില്ല. 

ഗോവയിലും സ്ഥിതി മറിച്ചായിരുന്നില്ല. 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന് പുറത്തിരിക്കേണ്ടി വന്നു. അവിടെയും 13 സീറ്റുകൾ‌ നേടിയ ബിജെപി ചെറുപാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. 

മേഘാലയിൽ‌ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിലും സ്ഥിതി സമാനമായിരുന്നു. ഭൂരിപക്ഷം നേടിയ കോൺഗ്രസിന് അവിടെയും പുറത്തിരിക്കേണ്ടി വന്നു. ആകെ സീറ്റുകൾ 59, കോൺഗ്രസ് നേടിയത് 21 സീറ്റ്. സംസ്ഥാനത്ത് കോണ്‍ഗ്രസിൻറെ പ്രധാന എതിരാളികളായ നാഷണൽ പീപ്പിൾസ് പാർ‌ട്ടി (എൻപിപി) ക്ക് 19 സീറ്റും ബിജെപിക്ക് 2 സീറ്റും ലഭിച്ചു. ബിജെപിയും മറ്റു ചെറുപാർട്ടികളും എന്‍പിപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അവിടെയും സഖ്യം അധികാരത്തിലേറി. 

കോൺഗ്രസ് ഒന്നും മറന്നിട്ടില്ല, നെഞ്ചിൽ തറച്ച അതേ അസ്ത്രം തിരിച്ചെയ്യുമ്പോൾ കാരണങ്ങളായി ഗോവയും മണിപ്പൂരും മേഘാലയയും നൽകിയ പാഠങ്ങൾ അവർക്കു മുൻപിലുണ്ട്. കർണ്ണാടക ബിജെപിയിലെ നാടകങ്ങൾ തുടരുന്നതിനിടെ ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് എംഎൽഎമാർ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സർക്കാരുണ്ടാക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഗവർണറെ സമീപിച്ചുകഴിഞ്ഞു. കർണ്ണാടകയിൽ ബിജെപിക്ക് ആവാമെങ്കിൽ‌ ഗോവയിലും മണിപ്പൂരിലും എന്തുകൊണ്ട് കോൺഗ്രസിനാകാം എന്ന ചോദ്യമാണ് അവർ ഉന്നയിക്കുന്നത്.

ബീഹാറിൽ  ആർജെഡിയും വെറുതെയിരുന്നില്ല.  2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും സർക്കാർ രൂപീകരിക്കണമെന്നുള്ള അവകാശവാദവുമായി തേജസ്വി യാദവിൻറെ നേതൃത്വത്തിൽ ആർ‌ജെഡിയും പോരാട്ടത്തനിറങ്ങിക്കഴിഞ്ഞു. സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഒരു രാജ്യത്ത് രണ്ടു നിയമങ്ങളുണ്ടാകാൻ പാടില്ല. അവസരം ലഭിച്ചാൽ സഭയിൽ ഭൂരിപക്ഷം തെളിയക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. 

നാളത്തെ പകൽ നിർണ്ണായകമാണ്. അടുത്ത അഞ്ചു വർഷം കർണ്ണാടക ആരു ഭരിക്കണമെന്നതിന് തീരുമാനമാകുമ്പോൾ കർണ്ണാടകക്കു മാത്രമല്ല, മേൽപ്പറ‍ഞ്ഞ  സംസ്ഥാനങ്ങളിലെല്ലാം ആ വിധി  നിർണ്ണായകമായേക്കും. 

MORE IN INDIA
SHOW MORE