അഭിഷേകിന്‍റെ പ്രതികാരം; റോഹത്ഗിയോട് പഴയ കണക്ക് തീര്‍ത്ത കഥ; 2005–2018

abhishek-singhvi-rohatgi
SHARE

രംഗം ഒന്ന്

സുപ്രീം കോടതി

2018 മെയ് 17 , പുലര്‍ച്ചെ 2.10 

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെഡിയൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ അടിയന്തരഹര്‍ജി  കോടതി പരിഗണിക്കുന്നു.

കോണ്‍ഗ്രസിനുവേണ്ടി വാദിക്കുന്നത് അഭിഷേക് മനു സിങ്‌വി. കോണ്‍ഗ്രസിനെതിരെ വാദിക്കുന്നത് മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോഹത്ഗി.

അസമയത്ത് കോടതി ചേര്‍ന്നതിന്‍റെ അമര്‍ഷം റോഹത്ഗിയുടെ മുഖത്തുണ്ട്. 

ഗവര്‍ണറുടെ നടപടി പരിശോധിക്കാനും തിരുത്താനും കോടതിക്ക് കഴിയുമെന്ന ബെ​ഞ്ച് പരാമര്‍ശിച്ചു. അപ്പോള്‍ റോഹത്ഗി പറഞ്ഞു. "തിരുത്താന്‍ പറ്റില്ലെന്ന് പറയുന്നില്ല. പക്ഷേ ഗവര്‍ണറുടെ കൃത്യ നിര്‍വഹണം തടയാന്‍ പറ്റില്ല."

അപ്പോള്‍ അഭിഷേക് സിങ്‍വി ഇടപെട്ടു.

എന്താണിദ്ദേഹം വാദിക്കുന്നത്? ആര്‍ക്കുവേണ്ടിയാണ് ഹാജരാകുന്നതെന്നുപോലും വ്യക്തമല്ല.

"എനിക്കു തോന്നുന്നവര്‍ക്കുവേണ്ടി ഞാന്‍ ഹാജരാകും, അതു താങ്കളല്ല തീരുമാനിക്കേണ്ടത്", റോഹത്ഗിയുടെ തിരിച്ചടി.

ബെഞ്ച് ഇടപെട്ട് രംഗം തണുപ്പിച്ചു. അന്നത്തെ വാദമുഖങ്ങള്‍ക്കൊടുവില്‍ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്തില്ല. 

പിറ്റേന്ന് രാവിലെ പത്തരയ്ക്ക് കോടതി കേസ് വീണ്ടും പരിഗണിച്ചു. മനു സിങ്്വിയും റോഹത്ഗിയും വാദമുഖങ്ങള്‍ വീണ്ടും ശക്തമായി ഉയര്‍ത്തി. വിശ്വാസവോട്ടെടുപ്പ് നാളെത്തന്നെ നടത്തണമെന്ന കോടതി നിര്‍ദേശം അഭിഷേക് മനു സിങ്‌വിക്ക് സ്വീകാര്യമായി. റോഹത്ഗി എതിര്‍ത്തു. റോഹത്ഗിയുടെ എതിര്‍പ്പ് കോടതി തള്ളി. ഗവര്‍ണറുടെ നടപടി ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കി അന്തിമവിധി പിന്നീട് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. കോണ്‍ഗ്രസിനും അഭിഷേക് മനു സിങ്‌വിയ്ക്കും നേട്ടം. ബിജെപിക്കും റോഹത്ഗിക്കും തിരിച്ചടി. 

ഇനി ഫ്ലാഷ് ബാക്ക്.

 

രംഗം സുപ്രീംകോടതി തന്നെ.

2005  മാര്‍ച്ച് 8

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ജെ.എം.എം. സഖ്യത്തിന്‍റെ നേതാവ് ഷിബു സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ബിജെപി നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്നു. 

ബിജെപിക്ക് വേണ്ടി ഹാജരാകുന്നത് മുകുള്‍ റോഹത്ഗി. 

എതിര്‍ക്കുന്നത് മനു അഭിഷേക് സിങ്‌വി.

റോഹ്തഗിയുടെ വാദം– "ഷിബു സോറന് വിശ്വാസവോട്ട് നേടാന്‍ 19 ദിവസം ഗവര്‍ണര്‍ അനുവദിച്ചത് ശരിയല്ല. ഇത് കുതിരക്കച്ചവടത്തിന് ഇടയാക്കും. ഏറ്റവും വലിയ മുന്നണിയായ എന്‍ഡിഎയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതെ കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭരണഘടനാതത്വങ്ങളെ കശാപ്പുചെയ്യുകയാണ്."

അഭിഷേക് മനു സിങ്‌വിയുടെ മറുവാദം – " കോടതി ഈ ഘട്ടത്തില്‍ ഇടപെടരുത്. ഭരണഘടനാപരമായ വിവേചനാധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം അനുവദിച്ചതിലും തെറ്റില്ല." 

പക്ഷേ ഇത്തവണ അഭിഷേക് മനു സിങ്‍വിയുടെ വാദം തള്ളിയ കോടതി ഉത്തരവിന്‍റെ മൂന്നാം ദിവസംതന്നെ വിശ്വാസവോട്ട് തേടാന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ നല്‍കിയ സമയം വെട്ടിക്കുറയ്ക്കുക മാത്രമല്ല, അദ്ദേഹത്തിന്‍റെ തീരുമാനം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. ബിജെപിയും റോഹത്ഗിയും ജയിച്ചു, കോണ്‍ഗ്രസും മനു സിങ്‌വിയും തോറ്റു. തോല്‍ക്കുമെന്ന് ഉറപ്പായ കോണ്‍ഗ്രസ്– ജെ.എം.എം സഖ്യം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ബിജെപി നേതാവ് അര്‍ജുന്‍ മുണ്ടെ മുഖ്യമന്ത്രിയായി. 

ജാര്‍ഖണ്ഡ് കേസില്‍  തോല്‍പിച്ച റോഹത്ഗിയോട്  കര്‍ണാടക കേസിലൂടെ മനു സിങ്‌വി കണക്കുതീര്‍ത്തു. തിരഞ്ഞെടുപ്പിനുശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ എന്തുവേണമെന്ന വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ അന്തിമവിധിയില്‍ ഉണ്ടായാല്‍ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ നാഴികക്കല്ലായി ഈ വ്യവഹാരം മാറുമെന്നും ഉറപ്പ്. 

2005ല്‍ ജാര്‍ഖണ്ഡില്‍ തര്‍ക്കമുണ്ടായപ്പോള്‍ കേന്ദ്രം ഭരിച്ചിരുന്നത് യു.പി.എ സര്‍ക്കാര്‍. ഇന്ന് കര്‍ണാടകയിലെത്തുമ്പോള്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍. ഇന്നലെപ്പറഞ്ഞതിന് കടകവിരുദ്ധമായത് ഇന്ന് പറയാന്‍ കോണ്‍ഗ്രസിനും  ബിജെപിക്കും ഒരു മടിയുമില്ല. നിയമത്തെ ഇന്നലെ വ്യാഖ്യാനിച്ചതിന് നേരെ കടകവിരുദ്ധമായി ഇന്ന് വാദിക്കാന്‍ അഭിഭാഷകര്‍ക്കും മടിയില്ലെന്നുകൂടി ഈ കേസുകെട്ടുകളുടെ ചരിത്രം ഓര്‍മിപ്പിക്കുന്നു. 2017ല്‍  ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ വാദിച്ചതും അഭിഷേക് മനു സിങ്‌വിയായിരുന്നു. അപ്പോള്‍ മുകുള്‍ റോഹത്ഗിയായിരുന്നു അറ്റോര്‍ണി ജനറല്‍ എങ്കിലും കേസില്‍ കേന്ദ്രസര്‍ക്കാരിനായി ഹാജരായത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ഗോവ സര്‍ക്കാരിനായി ഹാജരായത് ഹരീഷ് സാല്‍വെയുമായിരുന്നു.

MORE IN INDIA
SHOW MORE