ഇറാന്‍ ആണവകരാറിന്‍റെ ഭാവിയെന്ത് ?

lk-iran-contract-t
SHARE

പലസ്തീനില്‍ മാത്രമല്ല, അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയമാകെ തീരുമാനിക്കുന്നത് ഇസ്രയേലാണെന്ന് തെളിയിക്കുന്നതാണഅ ട്രംപ് ഭരണകൂടത്തിന്‍റെ നീക്കങ്ങള്‍.  ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്‍മാറിയതും  ഇസ്രയേലിന്‍റെ താല്‍പര്യ സംരക്ഷണത്തിനാണ്.. കാലങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് 2015ല്‍ ലോകത്തെ വന്‍ശക്തി രാജ്യങ്ങള്‍ ഇറാനുമായി കരാര്‍ ഒപ്പിട്ടത്. അതില്‍ നിന്ന് പിന്‍മാറാനുള്ള ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനം അമേരിക്കയുടെയും ഇറാന്‍റെയും മാത്രം വിഷയമല്ല, മറിച്ച് ലോകസമാധാനത്തിന് ആകെ വെല്ലുവിളിയാണ്.  നീക്കം  പശ്ചിമേഷ്യയെ  വീണ്ടും സംഘര്‍ഷ ഭൂമിയാക്കും എന്നു മാത്രമല്ല യുഎസും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുകയും ചെയ്യും.

 ഇറാൻ അണ്വായുധ നിർമാണശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും പകരം, യുഎസും മറ്റു വൻശക്തികളും ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധമടക്കം പിൻവലിക്കണമെന്നുമായിരുന്നു 2015ലെ കരാറിലെ മുഖ്യ വ്യവസ്ഥ. അമേരിക്ക ഒപ്പിട്ട ഏറ്റവും മോശം കരാറെന്നാണ് ഡോണള്‍ഡ് ട്രംപ്  തുടക്കം മുതല്‍ ഈ കരാറിനെ     വിശേഷിപ്പിച്ചിരുന്നത്. കരാര്‍ നിലവില്‍ വന്നതുകൊണ്ട് ഇറാന്‍റെ സമീപനങ്ങളില്‍ മാറ്റം വന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. പക്ഷെ,  കരാർ നിബന്ധനകൾ ഇറാൻ പാലിക്കുന്നുണ്ടെന്നു ട്രംപ് ഭരണകൂടം തന്നെ രണ്ടുതവണ സ്ഥിരീകരിച്ചതമാണ്ണ്.  രാജ്യാന്തര ആണവോർജ ഏജൻസിയും (ഐഎഇഎ) ഇതുതന്നെ പറയുന്നു. പിന്നെ എന്താണ് ഡോണള്‍ഡ് ട്രംപിന്‍റെ നീക്കത്തിന് പിന്നില് ? നിരവധി കാരണങ്ങള്‍ അല്ലെങ്കില്‍ താല്‍പര്യങ്ങള്‍ വൈറ്റ് ഹൗസിനുണ്ട്. മുഖ്യകാരണങ്ങള്‍ രണ്ടാണ്. ഒ ന്ന്ബറാക് ഒബാമ കൊണ്ടു വന്ന കരാര്‍ പൊളിച്ചടുക്കണം, രണ്ട് ഇസ്രയേലിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണം.  ആണവപദ്ധതികൾ ഇറാൻ രഹസ്യമായി തുടരുന്നുവെന്നു പറയുന്നത്   ഇസ്രയേലാണ്.,  ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ഈ വർഷമാദ്യം ടെഹ്‌റാനിൽ നടത്തിയ അതീവരഹസ്യ ഓപ്പറേഷനിലൂടെ കൈക്കലാക്കിയ ഒരു ലക്ഷത്തിലേറെ രേഖകൾ  പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പുറത്തുവിടുകയും ചെയ്തു.  

അതീവസുരക്ഷയിൽ സൂക്ഷിച്ചിരുന്ന 55,000 രേഖകളും 55,000 ഫയലുകളും 183 സിഡികളുമാണ് മൊസാദ് സ്വന്തമാക്കിയത്. 2003ൽ മരവിപ്പിച്ചുവെന്ന് ഇറാൻ അവകാശപ്പെടുന്ന അമദ് ആണവപദ്ധതി തുടരുന്നതിന്റെ തെളിവ് ഇതിലുണ്ടെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഇതേസമയം, നേരത്തേ പുറത്തുവന്നതും 2011ലെ ഐഎഇഎ റിപ്പോർട്ടിൽ പരാമർശിച്ചതും 2015ലെ കരാർ കൂടിയാലോചനകളിൽ ചർച്ച ചെയ്യപ്പെട്ടതുമായ രേഖകളാണിതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതുമുതല്‍കരാർ ഉപേക്ഷിക്കാൻ യുഎസിനുമേൽ ഇസ്രയേല്‍ വൻസമ്മർദം ചെലുത്തിയിരുന്നു. അമേരിക്കന്‍ നടപടിയോടെ   ഇറാനും ഇസ്രയേലിനുമിടയില്‍ 20 വര്‍ഷമായി തുടരുന്ന ശീതയുദ്ധം മറ്റൊരു വഴിത്തിരുവിലെത്തുകയാണ്. 7 വര്‍ഷമായി യുദ്ധത്തിന് ഇരയായ സിറിയയാണ് ഈ സംഘര്‍ഷത്തിനും വേദയിാവുന്നത്. പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന ഇറാന്‍ ഇസ്രയേലിനെതിരെ സിറിയന്‍ മണ്ണില്‍ പോരാട്ടം തുടങ്ങിക്കഴി‍്ഞു. ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനകം ദമാസ്കസിനുമേല്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഗോലാന്‍ കുന്നുകളിലെ ഇസ്രയേല്‍ പോസ്റ്റുകള്‍ക്കു നേരെ ഇറാന്‍ ശക്തമായ വ്യോമാക്രമമണമാണ് നടത്തുന്നത്. സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട് ഇസ്രയേലും മറുപടി നല്‍കി. 

സംഘര്‍ഷം ഇനിയും വ്യാപിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ലബനനിലെ ഹിസ്ബുള്ള ഇറാന് പിന്തുണയുമായുണ്ട്. ഇസ്രയേലിന്‍റെ പ്രഖ്യാപിത ശത്രുവായ ഹിസ്ബുല്ലയ്ക്ക് പണവും ആയുധവും നല്‍കി ഇറാന്‍ സഹായിക്കുന്നത് നെതന്യാഹു നോക്കിയിരിക്കില്ല.  ഒരു ലക്ഷത്തോളം മിസൈലുകളും റോക്കറ്റുകളുമായി സര്‍വസജ്ജമായിരിക്കുന്ന ഹിസ്ബുല്ലക്ക് ഇസ്രയേലിലെ പ്രധാനപട്ടണങ്ങളെ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാനുള്ള കരുത്തുണ്ട്. 

പശ്ചിമേഷ്യ വീണ്ടും കുരുതിക്കളമാവുമെന്ന് ചുരുക്കം. ലെബനന്‍, യമന്‍  സിറിയ, ഇറാഖ് എന്നിങ്ങനെ മേഖലയാകെ സംഘര്‍ഷത്തിലമരും. അണ്വായുധങ്ങളുടെ അടിസ്ഥാന ഘടകമായ യുറേനിയം സമ്പുഷ്ടീകരിക്കുന്നതു പുനരാരംഭിക്കാൻ ഒരുങ്ങിക്കൊള്ളാൻ ആണവോർജ ഏജൻസിക്കു പ്രസിഡന്റ് ഹസന്‍ റൂഹാനി നിർദേശം നല്‍കി ക്കഴിഞ്ഞു.  പക്ഷേ ഈ സംഘര്‍ഷത്തിന് വഴിമരുന്നിട്ടവര്‍ക്ക് ന്യായീകരണമില്ല എന്നതാണ് പൊതുവിലയിരുത്തല്‍. തനിക്കു നേരെയുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ മൂടിവയ്ക്കാനാണ് ബെന്യമിന്‍ നെതന്യാഹു ഇറാനെന്ന ഇല്ലാത്ത ഭീഷണി ഉയര്‍ത്തി രംഗത്തിറങ്ങിയതെന്നും വിമര്‍ശനമുണ്ട്. ഒരുവശത്ത്  ഉത്തരകൊറിയ എന്ന ആണവായുധഭീഷണി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇറനെന്ന പുതിയ ഭീഷണി ഉണ്ടാക്കിവയ്ക്കുകയാണ് ഡോണള്‍ഡ് ട്രംപ്.  ഇടഞ്ഞു നിന്നപ്പോഴൊക്കെ ലോകസമാധാനത്തിന് തുരങ്കം വച്ചിട്ടുണ്ട് ഇറാന്‍. ഇറാഖിലും യമനിലും സിറിയയി്ലുമൊക്കെ വന്‍ശക്തിരാജ്യങ്ങള്‍ക്ക് , പ്രത്യേകിച്ച് അമേരിക്കന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി ആഞ്ഞടിച്ചു ടെഹ്്റാന്‍. പുതിയ ലോകത്ത് സുന്നി തീവ്രവാദസംഘടനകളെപ്പോലെ തന്നെ അപകടകരാമയി വളരുകയാണ് ഹിസ്ബുല്ലയെന്ന പേരില്‍ ഇറാന്‍ തീറ്റിപ്പോറ്റുന്ന ഷിയ സംഘവും. യമനിലെ ഹൂതികളും ഇതുപോലെ ഇറാന്‍റെ തണലില്‍ തഴച്ചുവളരുകയാണ്. പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഇത്തരത്തില്‍ പതിയിരിക്കുന്ന പുത്തന്‍ അപകടങ്ങള്‍ അറിയാതെ പോവരുത്.  മൂന്നാം ഗള്‍ഫ് യുദ്ധത്തിനുള്ള കളമൊരുക്കുകയാണ് ഡോണള്‍ഡ് ട്രംപെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു. 1990ലെ കുവൈറ്റ് യുദ്ധം പോലെയാ 2002ലെ ഇറാഖ് അധിനിവേശം പോലെയോ ആവില്ല ഇനിയൊരു ഗള്‍ഫ് യുദ്ധമുണ്ടായാല്‍ കാര്യങ്ങള്‍. ഇറാനും ഇസ്രയേലും അമേരിക്കയും റഷ്യയും സൗദി അറേബ്യയും എല്ലാം കക്ഷികളാവുന്ന യുദ്ധം ലോകഗതി തന്നെ മാറ്റിമറിക്കും. 

അമേരിക്ക പിന്‍മാറിയെങ്കിലും ഇറാനുമായുള്ള കരാറില്‍ ഉറച്ചുനില്‍ക്കാനാണ് മറ്റ് രാജ്യങ്ങളുടെ തീരുമാനം. യൂറോപ്പാണ് ഏറ്റവും ശക്തമായി രംഗത്തുള്ളത്. എന്നാല്‍ ഇറാനുമായി ബന്ധം പുലര്‍ത്തുന്നവരെയെല്ലാം പാഠം പഠിപ്പിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്‍റെ നിലപാട് യുഎസും യൂറോപ്പുമായുള്ള ബന്ധം വഷളാക്കും. ഉപരോധങ്ങള്‍ നീക്കിയ ഇറാനില്‍ യൂറോപ്പിന് തുറന്നുകിട്ടിയ വലിയ വിപണി ഇല്ലാതാക്കാന്‍ അവര്‍ തയാറാവില്ലെന്ന് ഉറപ്പ്. ഇറാനെ വീണ്ടും ഒറ്റപ്പെടുത്തുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ എണ്ണവിലയെയും പ്രതികൂലമായി ബാധിക്കും. 

                         

ആണവകരാരില്‍ നിന്ന് അമേരിക്ക പിന്‍മാറിയതോടെ ഇറാനുമായുള്ള എല്ലാ വാണിജ്യ ഇടപാടുകളും ലോകരാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.  പക്ഷേേ  യുഎസ് പിന്മാറിയാലും കരാറുമായി മുന്നോട്ടു പോകുമെന്ന് അവരുടെ സഖ്യരാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസും ജർമനിയും പ്രഖ്യാപിച്ചു. ചൈനയും റഷ്യയും സമാന നിലപാടിലാണ്. കരാറുമായി മുന്നോട്ടു പോവുകതന്നെ ചെയ്യുമെന്നു യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്.  വ്യാപാരബന്ധങ്ങൾ തുടരുമെന്നു യൂറോപ്യൻ രാജ്യങ്ങൾ ഉറപ്പുതന്നാൽ മാത്രമേ ഇനി കരാർ മാനിക്കൂ എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വ്യക്തമാക്കുകയും ചെയ്തു.  ഉപരോധങ്ങവ്‍ നീങ്ങി ഇറാന്‍ രാജ്യാന്തരസമൂഹത്തിന്‍റെ ഭാഗമായത് ആ രാജ്യത്തിന്‍റെ സമ്പദ്്്വ്യവസ്ഥയെ വലിയതോടില്‍ സഹായിച്ചു. മാത്രമല്ല, ഇപ്പോള്‍ ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉൽപാദകരാണ് ഇറാൻ. ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയാൽ ആഗോള വിപണിയിലേക്കുള്ള എണ്ണവരവിൽ കുറവുണ്ടാകും. മാത്രമല്ല ഉപരോധങ്ങവ്‍ നീക്കിയ ഇറാനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുറന്നുകിട്ടിയ വിപണി വളരെ വലുതാണ്. ട്രംപിന്‍റെ പ്രഖ്യാപനത്തോട് ഏറ്റവും ശക്തമായി പ്രതികരിച്ചത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയാണ്. 5 ബില്യണ്‍ ഡോളറിന്‍റെ പ്രകൃതിവാതക ഇറക്കുമതി കരാറിലാണ് ഫ്രാന്‍സും ഇറാനും തമ്മില്‍ പോയവര്‍ഷം ധാരണയായത്. ഫ്രഞ്ച് വിമാനക്കമ്പനിയായ എയര്‍ബസ് ഇറാന് ജെറ്റ് വിമാനങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ജര്‍മനിയുടെ വോക്സ്‌വാഗണ്‍ ഇറാനിലേക്കുള്ള കാര്‍ ഇറക്കുമതി വര്‍ധിപ്പിച്ച ഉടനെയാണ് ഇറാനുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നത്  ഇറാനുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുന്ന യൂറോപ്യന്‍ കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തും എന്നാണ് അമേരിക്കയുടെ വെല്ലുവിളി. അങ്ങനെയെങ്കില്‍ മേഖലയുടെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കാനുള്ള നടപടികള്‍ തങ്ങളും സ്വീകരിക്കുമെന്ന് യൂറോപ്പും വ്യക്തമാക്കി. മൂന്നു മുതല്‍ ആറു മാസം വരെയാണ് വിവിധ കരാറുകളില്‍ നിന്ന് പിന്‍മാറാന്‍ ലോകരാജ്യങ്ങള്‍ക്ക് അമേരിക്ക അനുമതി നല്‍കിയിരിക്കുന്നത്. പക്ഷേ കാര്യങ്ങള്‍ വാഷിങ്ടണ് അനുകൂലമായല്ല നീങ്ങുന്നത്. ചൈനയിലും റഷ്യയിലും മാത്രമല്ല ബ്രസല്‍സിലും  നേരിടെത്തിയ  യൂറോപ്യന്‍ പ്രതിനിധികള്‍ ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സാരിഫ് അവരുടെ പിന്തുണ ഉറപ്പിക്കുകയാണ്.   റഷ്യയും ചൈനയും ഇറാനൊപ്പം നില്‍ക്കുമ്പോള്‍ യൂറോപ്യന്‍ സഖ്യരാജ്യങ്ങളുമായി കൊമ്പുകോര്‍ക്കുന്നത് അമേരിക്കയ്ക്ക് നഷ്ടമെ ഉണ്ടാക്കു എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 

MORE IN INDIA
SHOW MORE