ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മുതിർന്ന അഭിഭാഷകർ; ജുഡീഷ്യൽ ജോലികളിൽ തുടരുന്നത് സ്വയം തീരുമാനിക്കണം

deepak-mishra
SHARE

ഇംപീച്ച്മെന്‍റ് നോട്ടിസിന്റെ പശ്ചാത്തലത്തില്‍ ജുഡിഷ്യല്‍ ജോലികളില്‍ തുടരുന്ന കാര്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വയം തീരുമാനിക്കണമെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍. രാജ്യത്തിലെ ഉന്നതനീതിപീഠമാണ് സംശയത്തിന്‍റെ നിഴലിലായിരിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയപിന്തുണ ചീഫ് ജസ്റ്റിസ് പദവിയുടെ അന്തസ് കെടുത്തുമെന്നും മുതിര്‍ന്ന അഭിഭാഷകരും കോണ്‍ഗ്രസ് എം.പിമാരുമായ കെ.ടി.എസ്.തുള്‍സി, വിവേക് തന്‍ഖ, അമീ യാജ്നിക് എന്നിവര്‍ വ്യക്തമാക്കി.

പ്രതിപക്ഷപാര്‍ട്ടികള്‍ ഇംപീച്ച്മെന്‍റ് നോട്ടിസ് നല്‍കിയതിന് ശേഷവും ജുഡീഷ്യല്‍ ജോലികളില്‍ തുടരാന്‍ തന്നെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു. ഇതിനിടെയാണ് സുപ്രീംകോടതിയിലെ മൂന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ജനാധിപത്യം അപകടത്തിലാണെന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. പ്രതിപക്ഷം നല്‍കിയ ഇംപീച്ച്മെന്‍റ് നോട്ടിസിലെ ആരോപണങ്ങളില്‍ സത്യമുണ്ടോയെന്ന് പരിശോധിക്കണം. സുപ്രീംകോടതിയുടെ അന്തസ്, വിശ്വാസ്യത, സുതാര്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. സംശയത്തിന്‍റെ നിഴലിലായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജുഡീഷ്യല്‍ ജോലികള്‍ തുടരണമോയെന്ന് സ്വയം തീരുമാനിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകര്‍ പറഞ്ഞു.

അതേസമയം, രാഷ്ട്രീയകാരണങ്ങളാണ് ഇംപീച്ച്മെന്‍റ് നോട്ടിസിന് പിന്നിലെന്ന് കരുതുന്ന ചില മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ പിന്തുണയ്ക്കുന്നുണ്ട്. നോട്ടിസില്‍ ഉപരാഷ്രപതി വെങ്കയ്യ നായിഡു ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുന്‍പ് സുപ്രീംകോടതി ജഡ്ജിയായിരുന്ന വി.രാമസ്വാമിയ്ക്കെതിരെ അന്നത്തെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്മെന്റ് നോട്ടിസില്‍ അന്വേഷണസമിതി രൂപീകരിച്ചപ്പോള്‍ മാത്രമാണ് ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് ഒഴിവാക്കിയത്.

MORE IN INDIA
SHOW MORE