തീപാറുന്ന വാഗ്ധോരണിയല്ല, പറയുന്ന വാക്കിലെ തീ മുഖമുദ്ര; അഗ്നിപർവം താണ്ടി യച്ചൂരിക്ക് രണ്ടാമൂഴം

sitaram-yechury-pti
SHARE

ന്യൂനപക്ഷത്തില്‍ നിന്ന് നെയ്തെടുത്ത ഭൂരിപക്ഷമാണ് സീതാറാം യച്ചൂരിയുടെ ജനറല്‍ സെക്രട്ടറി പദം. നേതൃത്വത്തിലെ പ്രബലര്‍ ഒന്നടങ്കം മറുപക്ഷത്ത് അണിനിരപ്പോഴും തന്റെ നിലപാടിലേക്ക് പാര്‍ട്ടിയെ കൊണ്ടുവരാന്‍ മാത്രമല്ല സ്വന്തം കരുത്തിന്റെ പ്രഖ്യാപനം കൂടി നടത്താനും യച്ചൂരിക്ക് കഴിഞ്ഞു.

തീപാറുന്ന വാഗ്ധോരണിയല്ല, പറയുന്ന വാക്കിലെ തീയാണ് സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയുടെ മുഖമുദ്ര. 1977 ല്‍ വിദ്യാര്‍ഥിയായിരിക്കേ ഇന്ദിരാഗാന്ധിയോട് ജെഎന്‍യു ചാന്‍സലര്‍ പദവിയൊഴിയാന്‍ ആവശ്യപ്പെടുമ്പോഴുണ്ടായിരുന്ന അഗ്നി അറുപത്തഞ്ചാം വയസിലും ഉള്ളില്‍ നിലനിര്‍ത്താന്‍ കഴിയുന്നിടത്താണ് സീതാറാം യച്ചൂരിയുടെ വിജയം. അടിയന്തരാവസ്ഥയും ജെഎന്‍യു പഠനവും ജയില്‍വാസവുമാണ് തെലങ്കാനയുടെ മണ്ണില്‍ ചുട്ടെടുത്ത യച്ചൂരിയിലെ കമ്യൂണിസ്റ്റിനെ പാകപ്പെടുത്തിയത്. 1975 ല്‍ പാര്‍ട്ടി അംഗമായ സീതാറാം മൂന്നുവര്‍ഷത്തിനുശേഷം എസ്എഫ്ഐ അഖിലേന്ത്യാസെക്രട്ടറിപദത്തില്‍. ദേശീയരാഷ്ട്രീയത്തിലെ അരങ്ങേറ്റമായിരുന്നു അത്. പിന്നെ പടിപടിയായി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലുംവരെ എത്തി. 2005 ല്‍ രാജ്യസഭയില്‍ അംഗത്വം. 12 വര്‍ഷം പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ കുന്തമുനയായി നിലകൊണ്ടു. 

ആശയപരമായി ഒരേചേരിയിലായിരുന്ന പ്രകാശ് കാരാട്ടിന്റെ നിലപാടുകളോട് യച്ചൂരിയിലെ പ്രായോഗികവാദിക്ക് യോജിക്കാന്‍ കഴിയാതെ വന്നതോടെ പാര്‍ട്ടിയില്‍ യച്ചൂരി–കാരാട്ട് പക്ഷങ്ങള്‍ ഉദയം ചെയ്തു. 2015 ല്‍ കാരാട്ട് സ്ഥാനമൊഴിഞ്ഞപ്പോള്‍ ജനറല്‍ സെക്രട്ടറിയായി. രണ്ടാംവട്ടം എതിര്‍പ്പ് അതിരൂക്ഷമായിരുന്നിട്ടും പ്രായോഗികതന്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി യച്ചൂരിയെ തുണച്ചു. പാര്‍ട്ടിയും രാജ്യവും വന്‍വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തിലെ രണ്ടാമൂഴം സര്‍വേശ്വര സോമയാജുലുവിന്റെ മകന് ഒട്ടും എളുപ്പമാവില്ലെങ്കിലും ചരിത്രത്തില്‍ ഇടമുറപ്പിക്കാനുള്ള അവസരമാണ്.

MORE IN INDIA
SHOW MORE