പ്രതിഷേധ ചൂടിൽ അമിത് ഷാ; തെല്ലും അയയാതെ ലിംഗായത്ത് വിഭാഗക്കാർ

amith-sha-bjp
SHARE

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബെംഗളൂരുവിലെത്തിയ അമിത് ഷായ്ക്കെതിരെ പ്രതിഷേധവുമായി ലിംഗായത്ത് വിഭാഗക്കാര്‍. ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി നല്കാനുള്ള തീരുമാനത്തില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കണെമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും.  

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ നവോഥാന നായകനും ലിംഗായത്ത് വിഭാഗത്തിന്റെ പരമാചാര്യനുമായ ബസവേശ്വരയുടെ ജയന്തി ദിനത്തില്‍ത്തന്നെയാണ് ആഗോള ലിംഗായത്ത് മഹാസഭ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ പ്രക്ഷോഭവുമായി എത്തിയത്. പ്രതിഷേധ പ്രകടനങ്ങളുടെ നടുവില്‍ അമിത് ഷാ ബസവേശ്വര പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.  

പ്രത്യേക മതന്യൂനപക്ഷ പദവി നല്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കാത്തതാണ് പ്രതിഷധത്തിന് വഴിവച്ചത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ ലിംഗായത്ത് മഠാതിപധികള്‍ അമിത് ഷായ്ക്ക് കത്തു നല്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തില്‍ ലിംഗായത്തുകളുടെ പ്രതിഷേധം ബി.ജെ.പിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായിരുന്ന വീരശ്ശെവ ലിംഗായത്ത് വോട്ടുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വിള്ളലുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ലിംഗായത്ത് മഠാതിപതികളുടെ യോഗം കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതും ബി.ജെ.പിയെ കുരുക്കിലാക്കുന്നുണ്ട്. അതേസമയം സ്ഥാനാര്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങളില്‍ അമിത് ഷാ എന്തു നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.

MORE IN INDIA
SHOW MORE