കഫീല്‍ ഖാന്‍ ജയിലില്‍ അസുഖബാധിതന്‍; ജീവന്‍ രക്ഷിക്കണം: ഭാര്യയുടെ അപേക്ഷ

Dr Kafeel Khan
SHARE

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ കുട്ടികൾ ഒാക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന ഡോക്ടർ കഫീൽ ഖാന്റെ ജീവൻ രക്ഷിക്കണമെന്ന അപേക്ഷയുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ സ്‌ട്രോക്ക് ഉണ്ടായ അദ്ദേഹത്തിന് മതിയായ ചികില്‍സകള്‍ പോലും ജയിലില്‍ നിന്നും ലഭിക്കുന്നില്ല. കൃത്യമായ ചികില്‍സകള്‍ ഉറപ്പാക്കാന്‍ അദ്ദേഹത്തെ ലക്‌നൗവിലേക്ക് മാറ്റണമെന്ന് ജയിലധികൃതര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും അത് പാലിക്കുന്നില്ലെന്നും ഭാര്യ ആരോപിക്കുന്നു. 

ബിആർഡി മെഡിക്കൽ കോളജിൽ ഒാക്സിജൻ സിലണ്ടറുകളുടെ കുറവുമൂലം സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒാക്സിജൻ സിലണ്ടറുകൾ എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർ കഫീൽഖാൻ ശ്രമിച്ചിരുന്നു. പക്ഷേ പിന്നീട് ദുരന്തത്തിന് കാരണക്കാരൻ ഡോക്ടറാണെന്ന് കാണിച്ച് ഇദ്ദേഹത്തെ ജയിലടയ്ക്കുകയാണുണ്ടായത്. ദുരന്തത്തിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഡോക്ടറോട് പ്രതികരിച്ചത് മോശമായിട്ടായിരുന്നു.‘പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കിക്കോളാം’ എന്നായിരുന്നു യോഗി അന്ന് ഡോക്ടറോട് പറഞ്ഞത്.  ഇതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്.

എഴുപതിലേറെ കുഞ്ഞുങ്ങളാണ് ഒാക്സിജൻ കിട്ടാതെ  ദുരന്തത്തിൽ കൊല്ലപ്പെട്ടത്. ജയിലുള്ള അദ്ദേഹത്തിന് അടിയന്തര ചികിൽസ എത്തിക്കണമെന്നാവശ്യപ്പെട്ടാണ് കഫീൽ ഖാന്റെ ഭാര്യ രംഗത്തെത്തിയിരിക്കുന്നത്.

MORE IN INDIA
SHOW MORE