കാഴ്ചക്കും കേന്ദ്രത്തിന്‍റെ പൂട്ട്; വീടുകളിലെ ടിവികളില്‍ ചിപ്പ് ഘടിപ്പിക്കുന്നു

television1
SHARE

ഇന്ത്യൻ പൗരന്റെ കാഴ്ചകൾക്കും കേന്ദ്രസർക്കാർ പൂട്ടിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എല്ലാ വീടുകളിലെയും ടിവികളിലെ സെറ്റ്ഓഫ് ബോക്‌സുകളില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ചിപ്പ് ഘടിപ്പിച്ചാണ് ഒരോരുത്തരെയും നിരീക്ഷിക്കാൻ സർക്കാർ ഒരുങ്ങുന്നത്. വിവിധ കമ്പനികളുടെ ടിവി സെറ്റ്‌ടോപ് ബോക്‌സുകളില്‍ വിവരശേഖരണത്തിന് ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ സമീപിച്ചുകഴിഞ്ഞതായാണ് വാര്‍ത്ത. വാർത്താവിതരണ മന്ത്രാലയമാണ് ഇതിന് മുൻകൈ എടുത്തിരിക്കുന്നത്.

ശാസ്ത്രീയമായ കാഴ്ചക്കണക്കു കണ്ടെത്താനാണു ചിപ്പുകള്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. പുതിയതായി നല്‍കുന്ന ഡിടിഎച്ച് കണക്ഷനുകള്‍ക്കൊപ്പമുള്ള സെറ്റ് ടോപ് ബോക്‌സുകളില്‍ ചിപ്പ് പിടിപ്പിക്കാനാണ് നിര്‍ദേശം. ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി (ട്രായി) നല്‍കിയ ശുപാര്‍ശയാണ് നടപ്പിലാക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഉപഭോക്താക്കള്‍ ടിവിയില്‍ ഏതെല്ലാം ചാനലുകള്‍ കാണുന്നു, എത്ര സമയം കാണുന്നു എന്നെല്ലാം അറിയാന്‍ വേണ്ടിയാണിതെന്നാണു ട്രായി പറയുന്നത്.

പരസ്യദാതാക്കള്‍ക്കും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി(ഡിഎവിപി)യ്ക്കും ഇതുവഴി തങ്ങളുടെ പണം ഫലപ്രദമായി വിനിയോഗിക്കാനാകുമെന്നും മന്ത്രാലയം പറയുന്നു. ചാനലുകളുടെ കാഴ്ചക്കാരെക്കുറിച്ച് ഒൗദ്യോഗികമായ രേഖ സൂക്ഷിക്കാനും പരസ്യദാതാക്കളെ സഹായിക്കാനും വേണ്ടിയാണിതെന്നാണ് ട്രായിയുടെ നിലപാട്. എന്നാല്‍ ഇത് പ്രതിപക്ഷം തള്ളിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ചാനലുകള്‍ക്ക്, ഭരിക്കുന്നവരുടെ രാഷ്ട്രീയമനുസരിച്ച് പരസ്യങ്ങള്‍ നല്‍കാനും അതു തടയാനുമുള്ള നടപടികളും സ്വീകരിക്കാനാണ് ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  

MORE IN INDIA
SHOW MORE