യച്ചൂരിക്ക് നിർണായകമായി സിപിഎം പാർട്ടി കോൺഗ്രസ്

sitaram-yechury
SHARE

കോൺഗ്രസ് സഹകരണത്തെചൊല്ലി നേതൃത്വത്തിലുണ്ടായ ഭിന്നത സീതാറാം യച്ചൂരിക്ക് ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകുന്നതിലേക്ക് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാർട്ടി കോൺഗ്രസിൽ യച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാനുള്ള നീക്കങ്ങൾ കാരാട്ട് പക്ഷം ശക്തമാക്കി. പാർട്ടിയിലെ പ്രബലന്മാരായ കേരള ഘടകത്തിന്റെ നിലപാട് നിർണായകമാകും.

കോൺഗ്രസ് സഹകരണത്തിന്റെ പേരിലുള്ള ഭിന്നത പാർട്ടിക്കകത്തെ അധികാര ബലാബലത്തിന്റെ പരീക്ഷണം കൂടിയാണ്. കോൺഗ്രസ് സഹകരണത്തെ പൂർണമായും പിന്തള്ളുന്ന കാരാട്ടിന്റെ നിലപാടിനായിരുന്നു പിബിയിലും സി സിയിലും മേൽക്കൈ. പാർട്ടി കോൺഗ്രസിലും പരാജയം നേരിട്ടാൽ സീതാറാം യച്ചൂരിക്ക് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽ ധാർമ്മിക പ്രശ്‌നമുണ്ട്. ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാർ, പി ബി അംഗങ്ങളായ ബൃന്ദ കാരാട്ട്, ബി വി രാഘവലു, എം.എ ബേബി എന്നിവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നത്. 

ആരോപണങ്ങളില്ലാത്ത പ്രതിച്ഛായയുണ്ടെങ്കിലും ത്രിപുരയിൽ ഭരണം നഷ്ടമായതു തന്നെയാണ് മണിക് സർക്കാരിന്റെ പ്രതിസന്ധി. ബൃന്ദയുടെ വരവ് സ്വജനപക്ഷപാതമായി വിലയിരുത്തപ്പെടാം. കേരള ഘടകത്തിന്റെ മേൽക്കൈ ബേബിയെ തുണച്ചേക്കാം. ചില സംസ്ഥാന ഘടകൾ രാഘവലുവിനൊപ്പം നിന്നേക്കാം. പ്രായപരിധിയാണ് എസ് രാമചന്ദ്രൻ പിള്ളയ്ക്ക് തടസം. നേതൃത്വത്തിലെ ഭിന്നതകൾ പ്രവർത്തന മികവിനെ ബാധിച്ചുവെന്ന സ്വയം വിമർശനം പാർട്ടിക്കുണ്ട്. സംഘടനാപരമായ പ്രതിസന്ധികൾ ഏറെയുള്ള നിർണായക രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായി പുറത്തേക്ക് വരുന്നത് ഒഴിവാക്കാൻ സീതാറാം യച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നേക്കാം.

MORE IN INDIA
SHOW MORE