കര്‍ണാടകയിലെത്തിയാല്‍ യോഗിയെ ചെരുപ്പുകൊണ്ടടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്; വിവാദം

yogi-sidharamayya
SHARE

ദലിത് രോഷത്തിന് പിന്നാലെ ഉന്നാവ കേസിന്‍റെ ചുഴിയില്‍പെട്ട ഉത്തര്‍പ്രദേശ് ബിജെപിക്ക് സിദ്ധരാമയ്യ മോഡല്‍ വിമര്‍ശന പ്രഹരവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണായകയില്‍ വരുമ്പോള്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. യോഗി ആദിത്യനാഥ് എത്രയും പെട്ടെന്ന് രാജി വെക്കണം. രാജ്യത്തെ രാഷ്ട്രീയ രംഗത്തിനാകെ കളങ്കമാണ് യോഗി ആദിത്യനാഥ്. അദ്ദേഹത്തിന് യു.പിയില്‍ മുഖ്യമന്ത്രിയാവാനുള്ള യോഗ്യതയില്ല. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ അദ്ദേഹം രാജി വെക്കണം– ഗുണ്ടു റാവു തുറന്നടിച്ചു.  

പിന്നാലെ വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വം രംഗത്തെത്തി. മറുപടിയില്‍ പക്ഷേ വര്‍ഗീയ പരാമര്‍ശമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉടനടി തിരിച്ചടിച്ചു. ദിനേഷ് ഗുണ്ടു റാവുവിന്റെ ഭാര്യ ഒരു മുസ്‌ലിമാണ്. യോഗിയെ ചെരിപ്പിനടിക്കണമെന്ന് പറഞ്ഞ ദിനേഷ് ഏതെങ്കിലും മുസ്‌ലിം പണ്ഡിതനെപ്പറ്റി ഇങ്ങനെ പറയാന്‍ ധൈര്യപ്പെടുമോ എന്നായിരുന്നു ബി.ജെ.പി നേതാവ് പ്രതാപ് സിന്‍ഹയുടെ പ്രതികരണം. ഇനി അങ്ങനെ പറഞ്ഞാല്‍ താങ്കളുടെ ഭാര്യയുടെ കൈകൊണ്ടാവും ആദ്യത്തെ അടി കിട്ടുക എന്നും പ്രതാപ് പരിഹസിച്ചു. സന്ന്യാസിയെ അപമാനിച്ചതിന് കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടിവരുമെന്ന് ബി.എസ്.യെദിയൂരപ്പയും പറഞ്ഞു. 

വിവാദമായതോടെ ഗുണ്ടു റാവു തന്‍റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു. തനിക്കിത് വൈകാരിക വിഷയമാണെന്നും അതുകൊണ്ടാമ് മോശം വാക്കുകള്‍ പറയേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

ഉന്നാവ കേസില്‍ ബിജെപി എംഎല്‍എയാണ് പിടിയിലായത്. കേസെടുക്കാനും അറസ്റ്റ് ചെയ്യാനും വൈകിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സര്‍ക്കാര്‍ സമ്മര്‍ദത്തിലായത്. പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കുകയും കൂടി ചെയ്തതോടെ പ്രതിഷേധം ആളിക്കത്തി. 

MORE IN INDIA
SHOW MORE