ചോദ്യങ്ങളുമായി കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍; രാഹുല്‍ രാഷ്ട്രീയം കളിച്ചെന്ന് സുഷമയും

missing-three1
SHARE

‘കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ ഞങ്ങളോട് പറയുന്നു, ഉറ്റവര്‍ ജീവിച്ചിരിക്കുന്നുവെന്ന്. ഇന്ന് പാര്‍ലമെന്‍റില്‍ അവര്‍ പറയുന്നു എല്ലാവരും മരിച്ചുവെന്ന്. സുഷമ സ്വരാജിനോട് സംസാരിക്കാനായി കാത്തിരിക്കുകയാണ്്...’  ഇറാഖില്‍ ഐഎസ് പിടിയില്‍ കൊല്ലപ്പെട്ട 39 പേരില്‍ ഒരാളായ മന്‍ജീന്ദര്‍ സിങിന്‍റെ സഹോദരിയുടേതാണ് വാക്കുകള്‍. 2014 മുതല്‍ ഈ 39 പേരും ജീവിച്ചിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചുകൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയാണ് കൊല്ലപ്പെട്ടെന്ന വിവരം രാജ്യസഭയില്‍ പ്രഖ്യാപിക്കപ്പെട്ടത്. 

അതിനിടെ സംഭവത്തില്‍ രാഷ്ട്രീയ  ആരോപണ പ്രത്യാരോപണങ്ങളും സജീവമായി. 39 ഇന്ത്യക്കാരും കൊല്ലപ്പെട്ട വിവരം ബന്ധുക്കളെ ആദ്യം അറിയിച്ചില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. രാജ്യസഭയിലെ തന്റെ വാക്കുകൾ മാധ്യമങ്ങളിലൂടെയാണ് ബന്ധുക്കൾ അറിഞ്ഞതെന്നും സുഷമ പറഞ്ഞു.

missing3

‘കൊല്ലപ്പെട്ട ചിലരുടെ ബന്ധുക്കൾ‌ എന്താണ് ഇക്കാര്യം തങ്ങളെ അറിയിക്കാതിരുന്നതെന്നു ചോദിച്ചു. പാർലമെന്റിനെ അറിയിക്കും മുൻപ് ബന്ധുക്കളോടല്ലേ പറയേണ്ടത് എന്നാണു അവരുടെ സംശയം. പ്രോട്ടോകോൾ അനുസരിച്ചു സഭയെ ആണ് ആദ്യമറിയിക്കേണ്ടത്. ഇതെന്റെ കടമയാണ്’– സുഷമ വ്യക്തമാക്കി. മരണത്തെ രാഷ്ട്രീയം കളിക്കാൻ ഉപയോഗിക്കുകയാണ് കോൺ‌ഗ്രസെന്ന് അവർ കുറ്റപ്പെടുത്തി. 

‘രാജ്യസഭയിൽ ദുഃഖവിവരം പങ്കുവയ്ക്കുമ്പോൾ ഏവരും ശാന്തമായാണു കേട്ടിരുന്നത്.  മരിച്ച ഇന്ത്യക്കാർക്ക് ആദരമർപ്പിച്ചു രാജ്യസഭ രണ്ടു മിനിറ്റ് മൗനമാചരിച്ചു. ലോക്സഭയിലും ഇതുതന്നെയാണു സംഭവിക്കുകയെന്നാണു കരുതിയത്. കഴിഞ്ഞ ദിവസങ്ങളിലെ ബഹളത്തുടർച്ചയ്ക്ക് ഇന്നു നേതൃത്വം നൽകിയത് കോൺഗ്രസായിരുന്നു. ഇതു വളരെ നിർഭാഗ്യകരമായിപ്പോയി’– സുഷമ പറഞ്ഞു. 

missing2

തരംതാണ രാഷ്ട്രീയമാണ് കോൺഗ്രസ് കാണിച്ചത്. രാജ്യസഭയിൽ ഇന്നെന്താണു ബഹളം ഉണ്ടാകാത്തതെന്നു കോൺഗ്രസ് അധ്യക്ഷൻ ചിന്തിച്ചിരിക്കാം. തുടർന്നാണു ലോക്സഭയിൽ പ്രതിഷേധിച്ചു ബഹളമുണ്ടാക്കാൻ അദ്ദേഹം ജ്യോതിരാദിത്യ സിന്ധ്യയോടു നിർദേശിച്ചതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. 

ഹിമാചൽ പ്രദേശ്, പഞ്ചാബ്, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണു മരിച്ചത്. ഡിഎൻഎ പരിശോധനയിലൂടെയാണു തിരിച്ചറിഞ്ഞത്. കൂട്ടശവക്കുഴികളിൽ 'മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങളെന്നും സുഷമ പറഞ്ഞു. 2014 ജൂണിലാണു മൊസൂളിൽനിന്ന് ഇന്ത്യക്കാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. 

അന്ന് ഹര്‍ജീത്ത് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല

2014 ജൂണ്‍ 14. അന്ന് ഇറാഖിലെ ഐഎസ്ഐഎസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട പഞ്ചാബുകാരനായ ഹര്‍ജിത്ത് മസീഹ് പറഞ്ഞു: ‘ഇല്ല...അവര്‍ മടങ്ങി വരില്ല. എന്‍റെ കണ്‍മുന്നിലാണ് അവര്‍ വെടിയേറ്റു വീണത്...’ ഇറാഖിലെ മൊസൂളില്‍ െഎഎസ് ഭീകരരുടെ പിടിയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു വന്ന ഹര്‍ജിത് മസീഹ് അന്ന് ഇങ്ങനെ പറഞ്ഞപ്പോള്‍ ആരുമത് വിശ്വസിച്ചില്ല. ‘ഹര്‍ജിത് മാസിഹ് പറയുന്നത് സത്യമല്ല. െഎഎസ് ഭീരരുടെ പിടിയിലുള്ള 39 ഇന്ത്യക്കാരും സുരക്ഷിതരാണ്. എനിക്ക് എട്ടുകേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്’, വിദേശകാര്യമന്ത്രി സുഷമാസ്വരാജ് അന്നു പറഞ്ഞു. എന്നാല്‍ ഇന്ന് അതേ സുഷമാ സ്വരാജ് രാജ്യസഭയില്‍ തുറന്നുസമ്മതിച്ചു, ‘ആ 39 ഇന്ത്യക്കാരും ഇനി മടങ്ങിവരില്ല..!’

ഇറാഖിലെ മൊസൂളില്‍ 2014–ല്‍ െഎഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത് 40 ഇന്ത്യക്കാരെയാണ്. അവരില്‍ 22 പേരും പഞ്ചാബിലെ അമൃത്സറില്‍നിന്നുള്ളവരായിരുന്നു. ഇവരില്‍ ജീവനോടെ രക്ഷപ്പെട്ട ഏകയാളാണ് 32 കാരനായ ഹര്‍ജിത് മാസിഹ്. കാലില്‍ വെടിയേറ്റ മസീഹ് അവിശവസനീയമാംവിധം ഭീകകരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

‘ഐഎസ്ഐഎസ് ഞങ്ങളെ തട്ടിക്കൊണ്ടുപോയി ബന്ധികളാക്കുകയായിരുന്നു. ഞങ്ങള്‍ 40 ഇന്ത്യാക്കാരും 50 ബംഗ്ലാദേശികളും ഉണ്ടായിരുന്നു. ഞങ്ങളുടെ പാസ്പോര്‍ട്ട് തരുമെന്നും ഇന്ത്യയിലേക്ക് പോകാന്‍ അനുവദിക്കുമെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. പിന്നീട് അവര്‍ ഞങ്ങളെ മറ്റൊരു തീവ്രവാദിസംഘത്തിന് കൈമാറി. അവര്‍ ഞങ്ങളെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഒരു മുറിയിലിട്ട് പൂട്ടി നിറയൊഴിക്കുകയായിരുന്നു പിന്നെ. എനിക്ക് ചുറ്റുമുള്ളവരൊക്കെ പിടഞ്ഞുവീണു. ഇഴഞ്ഞിഴഞ്ഞ് ഒടുവില്‍ ഞാന്‍ രക്ഷപ്പെടുകയായിരുന്നു..’– ഹര്‍ജീത്ത് പറഞ്ഞു.

MORE IN INDIA
SHOW MORE