അജയ്യരല്ല മോദിയും യോഗിയും; ഇനി ഉണരേണ്ടത് പ്രതിപക്ഷം‌‌

pva-up-election-t
SHARE

അമിതാവേശം വേണ്ട, അത്യാഹ്ലാദവും. അമിതപ്രതീക്ഷകള്‍ക്കും ഇടമില്ല. പക്ഷേ മോദിയുടെ ബി.ജെ.പി യോഗിയുടെ മണ്ഡലത്തില്‍ തോറ്റു. ആ യാഥാര്‍ഥ്യം ഇന്ത്യന്‍ ജനാധിപത്യത്തിനേകുന്ന ജീവശ്വാസം ചെറുതല്ല. അജയ്യരല്ല ബി.ജെ.പി എന്ന് ഗോരഖ്പൂരിലെ ജനങ്ങള്‍ ഇന്ത്യയോട് വിളിച്ചുപറയുകയാണ്. ശരികളാണ് ജയിക്കേണ്ടതെന്നും ശരിക്ക് ജയിക്കാനാകുമെന്നും പതിറ്റാണ്ടുകളായി ബി.ജെ.പിക്ക് ജയ് വിളിച്ച ഒരു ജനത ഇന്ത്യയോട് പറയുന്നു. 

ഒരൊറ്റ വാചകത്തിലൊതുങ്ങില്ലെങ്കിലും യു.പി ഉപതിരഞ്ഞെടുപ്പെഴുതിയ രാഷ്ട്രീയചരിത്രത്തെ ഇങ്ങനെ ചുരുക്കാം. മോദിയുടെ ബി.ജെ.പി, യോഗിയുടെ മണ്ഡലത്തില്‍ തോറ്റു. പിടിച്ചു കെട്ടാനാകാത്ത യാഗാശ്വമെന്ന് വീമ്പിളക്കിയ വിശാരദന്മാര്‍ക്ക് ഉരുക്കുകോട്ട തന്നെ തിരിച്ചടി നല്‍കി. അജയ്യരല്ല മോദിയും യോഗിയുമെന്ന് സ്വന്തം തട്ടകത്തില്‍, പതിറ്റാണ്ടുകളായി കൂടെ നിന്ന അതേ ജനത തലയ്ക്കടിച്ചു തന്നെ ഓര്‍മിപ്പിച്ചു. 

പ്രതീക്ഷാവഹമാണ് യു.പി വെറും രണ്ട് മണ്ഡലങ്ങളിലെഴുതിയ ജനവിധി. ഗോരഖ്പൂരിലെയും ഫുല്‍പൂരിലെയും ജനങ്ങള്‍ തോല്‍പിച്ചത് ബി.ജെ.പി. സ്ഥാനാര്‍ഥികളെ മാത്രമല്ല.  മുഖ്യമന്ത്രിയും  ഉപമുഖ്യമന്ത്രിയും തോറ്റു. അവരെ ആ പദവികളില്‍ കുടിയിരുത്തിയ ബി.ജെ.പി. തോറ്റു. ആ തീരുമാനമെടുത്ത അമിത് ഷായും നരേന്ദ്രമോദിയും തോറ്റു. 

അതിനേക്കാളേറെ പ്രധാനംഎന്തു ചെയ്താലും ഈ ജനം ഒപ്പം നിന്നോളുമെന്ന മോദിയുടെ ആത്മവിശ്വാസം തോറ്റു. ബി.ജെ.പിക്കൊപ്പമെന്നല്ലാതെ പുതിയ ഇന്ത്യക്ക് മറ്റൊരു തിരഞ്ഞെടുപ്പ് സാധ്യമല്ലെന്ന ഹുങ്കിനെ തോല്‍പിച്ചു ജനങ്ങള്‍. മറയില്ലാത്ത വര്‍ഗീയ ധ്രുവീകരണത്തിലൂടെ ജനതയെ വിഭജിച്ചുകൊണ്ടിരുന്നിട്ടും ആരും തിരിച്ചടിക്കില്ലെന്ന അഹന്തയ്ക്ക് കിട്ടിയ പ്രഹരമാണിത്. ചെറുതെങ്കിലും ആ ആഘാതത്തിനായി കൈ കോര്‍ത്ത എസ്.പിക്കും ബി.എസ്.പിക്കും ഇന്ത്യന്‍ ജനാധിപത്യം നന്ദി പറയേണ്ടതുണ്ട്. പക്ഷേ തിരിച്ചടികള്‍ തിരിച്ചറിയാനും അതു  തിരുത്താനും ബി.ജെ.പിക്കുള്ള ശേഷിയെ  കുറച്ചു കാണാനാവില്ല. നിയമങ്ങളൊന്നും ബാധകമല്ലാത്തത് ബി.ജെ.പിക്ക് മാത്രമാണെന്നു മറക്കാതിരിക്കേണ്ടത് മതനിരപേക്ഷ രാജ്യമാണ്. 

അടിത്തറയിലാണ് വിള്ളല്‍ വീണിരിക്കുന്നതെന്ന് ബി.ജെ.പി ആദ്യമറിയും. അത് ഭാവിച്ചില്ലെങ്കിലും. യോഗിക്കേല്‍ക്കുന്ന ആഘാതത്തിന്‍റെ തോത് പുറത്തു കാണുന്നതിന്റെ പതിന്മടങ്ങ് പ്രഹരമാണെന്ന്  ബി.ജെ.പിക്കറിയാം. 

യോഗിയുടെ സാമ്രാജ്യമായിരുന്നു ഗോരഖ്പൂര്‍. 26ാം വയസുമുതല്‍ ആ മണ്ഡലത്തിന്റെ പ്രതിനിധി. അജയ്സിങ് ബിഷ്ട് എന്ന യോഗി ആദിത്യനാഥ് ബി.െജ.പിയുടെയോ ആര്‍.എസ്.എസിന്റെയോ പോലും ഒരു രാഷ്ട്രീയ മൂടുപടവും ഒരിക്കലും എടുത്തണിഞ്ഞിട്ടില്ല. ലക്ഷണമൊത്ത ഹൈന്ദവ തീവ്രനിലപാടുകാരനാണ് യോഗി. യോഗി വമിപ്പിച്ച മുസ്ലിംവിദ്വേഷം അതേ അളവില്‍ ആവര്‍ത്തിക്കാന്‍ മറ്റൊരു ബി.ജെ.പി.നേതാവും ധൈര്യം കാണിച്ചിട്ടില്ല. 

യോഗിയെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താവായി, ആ ഒരൊറ്റ യോഗ്യതയില്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാക്കിയ അതേ രാഷ്ട്രീയത്തിനാണ് കരണത്തടിയേറ്റത്. വലിയൊരു പ്രതീകമാണ് ഗോരഖ്പൂര്‍. ബി.ജെ.പി. എടുത്തു പ്രയോഗിക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായിരുന്ന യോഗിയുടെ സാമ്രാജ്യം. ഒരുപക്ഷേ രാജ്യത്തു തന്നെ മോദി-യോഗി രാഷ്ട്രീയത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഒത്തിണങ്ങിയ ഉരുക്കുകോട്ട. അടിപതറിയത് അവിടെയാണ് എന്നതില്‍ കേട്ടതിലുമുച്ചത്തില്‍ ഒരുപാട് വിളിച്ചു പറയുന്നുണ്ട് ആ ജനത. 

pva-tripura-t

ഗോരഖ്പൂരില്‍ ബി.ജെ.പിയെ വീഴ്ത്താന്‍ കൈകോര്‍ത്ത എസ്.പിയും ബി.എസ്.പിയും മാത്രമല്ല. ആന്ധ്രയില്‍ എന്‍.ഡി.എ വിട്ടിറങ്ങിവന്ന ടി.ഡി.പിയും പ്രതിപക്ഷത്തേക്കാള്‍ ആഞ്ഞു കൊത്തുന്ന ശിവസേനയും പറയുന്നത് ഒന്നുതന്നെയാണ്. ബി.ജെ.പി. ശക്തമായി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്രയി‍ല്‍ ശാന്തരായി നടന്നുവന്ന പതിനായിരക്കണക്കിന് കര്‍ഷകര്‍ ഏല്‍പിച്ച പൊള്ളല്‍ ഭേദമാകാന്‍ ബി.ജെ.പി പാടുപെടുമെന്നുറപ്പു പറയുന്നു, ജനാധിപത്യ ഇന്ത്യയുടെ ചൂണ്ടുവിരല്‍. അവിടെയും പക്ഷേ ആവര്‍ത്തിച്ച് പറയേണ്ടി വരും, ഒരു രാഷ്ട്രീയവും ഒരു പ്രത്യയശാസ്ത്രവും ബാധകമല്ലാത്ത ബി.ജെ.പി ഏതു വഴിയിലാണീ ക്ഷീണം തീര്‍ക്കാനിറങ്ങുന്നതെന്ന് രാജ്യം കരുതിയിരുന്നേ പറ്റൂ. 

modi-naidu

ഈ അവിശ്വാസപ്രമേയങ്ങള്‍ മതിയാകില്ല

നാസിക്കില്‍ നിന്ന് 200 കിലോമീറ്ററോളം നടന്നു വന്ന കര്‍ഷകര്‍, മഹാരാഷ്ട്രയിലെ ബി.ജെ.പി. സര്‍ക്കാരിനെ മാത്രമല്ല വിറപ്പിച്ചത്. സി.പി.എമ്മിന്റെ പോഷകസംഘടനയായ കിസാന്‍സഭയുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നടന്നു വന്ന കര്‍ഷകര്‍ രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനത്ത് കൈകോര്‍ത്ത് നിന്ന് ഇന്ത്യയോട് പറഞ്ഞത് ചെറുത്തുനില്‍പിന് മടിക്കരുത് എന്നു തന്നെയാണ്. ലഖ്നൗ റാലിയിലും ആ പോരാട്ടവീര്യം ഇന്ത്യ കണ്ടു. മുദ്രാവാക്യങ്ങളുയര്‍ത്താതെ നിശബ്ദമായി ഭരണകൂടത്തിന്റ െനഞ്ചില്‍ കുത്തിയ ഗോരഖ്പൂരിലെ ജനതയും പറയുന്നത് അതു തന്നെയാണ്. അനീതികള്‍ ചെറുക്കപ്പെടണം. മതവാദികള്‍ ചെറുക്കപ്പെടണം. ഒരവസരം മുന്നിലെത്തിയാല്‍ കൃത്യവും നിശിതവുമായി പ്രവര്‍ത്തിക്കുമെന്ന്  ജനത തെളിയിക്കുന്നു. 

പക്ഷേ വിശ്വാസമര്‍പ്പിക്കാനാകാത്ത അവിശ്വാസപ്രമേയങ്ങള്‍ക്ക്  അപ്പുറത്തേക്കു കടക്കണം പ്രതിപക്ഷരാഷ്ട്രീയം. മറുചോദ്യങ്ങള്‍ക്ക് കരുത്തു പോരാതെ വന്നതുകൊണ്ടു തന്നെയാണ് ധ്രുവീകരണരാഷ്ട്രീയം അതിര്‍ത്തികള്‍ കടന്നു വ്യാപിച്ചതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഇന്ത്യ ഈ നാലു കൊല്ലം നേരിട്ട ഓരോ പ്രഹരത്തിലും പ്രതിപക്ഷപാര്‍ട്ടികളുടെ നിലപാടില്ലായ്മയുടെ ഉത്തരവാദിത്തം അംഗീകരിക്കണം. കൈകോര്‍ക്കണമെന്ന് പ്ലീനറി സമ്മേളനത്തില്‍ ആഹ്വാനം നടത്തി പിരിഞ്ഞുപോകുന്ന കോണ്‍ഗ്രസ് ആദ്യം സ്വയം ചോദിക്കണം. യുപിയില്‍ കെട്ടിവച്ച കാശു പോലും നേടാനാകാത്ത പാര്‍ട്ടിയെന്ന തകര്‍ച്ചയില്‍ നിന്ന് ഈ നിര്‍ണായക രാഷ്ട്രീയഘട്ടത്തില്‍ നിങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്തമെന്താണ്? ആരും ആരെയും കാത്തിരിക്കാതെ കൈ കോര്‍ക്കാവുന്നിടത്തെല്ലാം ചെറുത്തുനില്ക്കണമെന്ന് ഉച്ചത്തില്‍ വിളിച്ചാഹ്വാനം ചെയ്യുന്ന പ്രാദേശിക പാര്‍ട്ടികളുടെ ഊര്‍ജത്തിന് മുന്നില്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നാണ്?

chandrababu-modi

ഭയപ്പെടേണ്ട വസ്തുതകള്‍

ബി.ജെ.പിക്ക് ഇനി ഉറക്കമില്ലാത്ത നാളുകളാണെന്നുറപ്പായിരിക്കുന്നു. പക്ഷേ ഉറക്കമൊഴിഞ്ഞും പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുമെന്നുറപ്പാണ്. യു.പിയിലെ ഉപതിരഞ്ഞെടുപ്പുഫലം വന്ന അതേ ദിവസമാണ് പാര്ലമെന്റില്‍ സര്‍ക്കാര്‍ ഒരു വസ്തുത വെളിപ്പെടുത്തിയത്. പോയ വര്‍ഷം ഏറ്റവുമേറെ വഗീയകലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ്. 2019ലേക്ക് അരങ്ങൊരുങ്ങുന്നത് ഏതെല്ലാം ചോരച്ചാലുകളിലൂടെയാകുമെന്നത് പ്രവചനാതീതമാണ്. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ബജറ്റും ധനവിനിയോഗബില്ലുകളുമെല്ലാം ഒരു ചര്‍ച്ചയുമില്ലാതെ പാസാക്കിയതും ഇതേ ദിവസങ്ങളിലാണ്. ബഹളം വച്ച പ്രതിപക്ഷത്തിനും വേദനിച്ചില്ല. മറുപടി പറയേണ്ടവര്‍ക്ക് ഒഴിഞ്ഞു മാറാനുള്ള അവസരങ്ങളൊരുക്കിക്കൊടുക്കുന്നു കോണ്‍ഗ്രസും മറ്റു പ്രതിപക്ഷപാര്‍ട്ടികളും. തങ്ങള്‍ക്ക് പറയാനുള്ളത് ജനങ്ങള്‍ കേള്‍ക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ലാത്ത മോദി സര്‍ക്കാരിന്  എല്ലാം സൗകര്യമാണ്. പാര്‍ലമെന്‍ററി ജനാധിപത്യത്തോടും എത്രമാത്രം ബഹുമാനമുണ്ടെന്ന് പാര്‍ലമെന്‍റിലെ ബഹളങ്ങളിലൊളിച്ചു നടന്നുപോകുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യമായല്ല തെളിയിക്കുന്നതും. 

പതിറ്റാണ്ടുകളായി നിരാശരാകാതെ ചിട്ടയായി പിടിച്ചെടുത്ത അധികാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംഘപരിവാര്‍ ഏല്‍പിച്ചിരിക്കുന്നത്. അതങ്ങനെ നിസാരമായ കൂട്ടുകെട്ടുകളുടെ മുന്നിലൊന്നും അടിയറവ് വയ്ക്കില്ലെന്ന ആര്‍.എസ്.എസിന്റെ നിശ്ചയദാര്‍ഢ്യത്തെ അതിജീവിക്കാവുന്ന കരുത്ത് ഉയര്‍ന്നു വരുന്ന പ്രതിപക്ഷകൂട്ടുകെട്ടുകെള്‍ക്കുണ്ടോ എന്നതാണ് ചോദ്യം. സ്വത്വരാഷ്ട്രീയം തീര്‍ക്കുന്ന പുതിയ കൈകോര്‍ക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും എവിടെ നിന്ന് അണിചേരും? ഹിന്ദുത്വരാഷ്ട്രീയമെന്ന തീവ്രശേഷിയുള്ള മാരകായുധത്തെ നേരിടാന് എന്താണീ പ്രതിപക്ഷത്തിന്റെ അജന്‍ഡ..?

rahul

ഒറ്റ വര്‍ഷമാണ് ഇന്ത്യന്‍ ജനതയുടെ മുന്നില്‍. ഒരേയൊരൊറ്റ വര്‍ഷം. ചെറുകാറ്റുകള്‍ക്കും കടപുഴക്കാന്‍ കഴിയുന്നത്ര വേരാഴമേ  ഭിന്നിപ്പിന്റെ രാഷ്ട്രീയം നേടിയിട്ടുള്ളൂ എന്ന തിരിച്ചറിവാകണം യു.പിയും ബിഹാറും. പക്ഷേ പ്രതിരോധമാകണമെങ്കില്‍ ഉറപ്പും കരുത്തുമേറുന്ന മുദ്രാവാക്യങ്ങള്‍ വേണം. ജനാധിപത്യ ഇന്ത്യയുടെ ഭാവിയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഒരൊറ്റ പ്രതിപക്ഷകക്ഷിക്കെങ്കിലും ആത്മാര്‍ത്ഥമായ കരുതല്‍ വേണം. കാത്തിരിപ്പില്‍ അലസരാകാനുള്ള ഒരാശ്വാസവും യാഥാര്‍ഥ്യമായിട്ടില്ലെന്ന നല്ല ബോധ്യം ഓരോ ഇന്ത്യക്കാരനുമുണ്ടാകണം.

MORE IN INDIA
SHOW MORE