അവർ മത്തുപിടിച്ച കൗരവക്കൂട്ടം; മോദി സമ്പന്നരുടെ ചങ്ങാതി; രാഹുല്‍ പ്രസംഗത്തിലെ 25 തീപ്പൊരി വാചകങ്ങൾ

sonia-rahul
SHARE

ബിജെപി മുതല്‍ ആര്‍എസ്എസ് വരെ. മോദി മുതല്‍ അമിത് ഷാ വരെ. നിരവ് മോദി മുതല്‍ ജയ് ഷാ വരെ. ദലിതുകള്‍ മുതല്‍ മുസ്‌‌ലിംകള്‍ വരെ. ഉന മുതല്‍ ‍ജാര്‍ഖണ്ഡ് വരെ. കല്‍ബുറുകി മുതല്‍ ഗൗരി ലങ്കേഷ് വരെ. തമിഴര്‍ മുതല്‍ വടക്കുകിഴക്കന്‍ നാട്ടുകാര്‍ വരെ. തീപ്പൊരി ചിതറിയ രാഹുലിന്‍റെ 25 വാചകങ്ങള്‍ വായിക്കാം.

> ഒരിക്കല്‍ പോലും പാക്കിസ്ഥാന്‍ കണ്ടിട്ടില്ലാത്ത മുസ്ലിംകളോട് അങ്ങോട്ടു പോകാനാണ് അദ്ദേഹം പറയുന്നത്. , ഈ മഹത്തായ രാജ്യത്തെ എല്ലായ്പ്പോഴും പിന്തുണച്ച മുസ്‌ലിംകളോടു അവർ പറയുന്നു, നിങ്ങൾ ഇവിടുത്തുകാരല്ലെന്ന്. 

> തമിഴരോടു പറയുന്നു, നിങ്ങളുടെ ഭാഷ മാറ്റണമെന്ന്. വടക്കുകിഴക്കൻ സംസ്ഥാനക്കാരോടു പറയുന്നു നിങ്ങൾ കഴിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ലെന്ന്. വനിതകളോടു പറയുന്നു ഉചിതമായ വസ്ത്രം ധരിക്കണമെന്ന്.

> ബി.ജെ.പി ഒരു സംഘടനയുടെ മാത്രം ശബ്ദമാണ്.  കോണ്‍ഗ്രസ് രാജ്യത്തിന്‍റെ ശബ്ദവും. 

> ബി.െജ.പിയെ നയിക്കുന്നത് കൊലക്കേസ് പ്രതി 

> കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ മോദി യോഗ ചെയ്യുകയായിരുന്നു. ഇന്ത്യാഗേറ്റിന് മുന്നില്‍ യോഗ ചെയ്യാനാണ് മോദിയുടെ ‌ആഹ്വാനം. 

> പാണ്ഡവരെപ്പോലെ സത്യത്തിനായാണ് കോണ്‍ഗ്രസ് പോരാടുന്നത്. ബിജെപിയും ആര്‍എസ്എസുമാകട്ടെ കൗരവരെപ്പോലെ അധികാരത്തിനായും മല്‍സരിക്കുന്നു. 

rahul-gandhi-1

> സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്ന രീതി കോണ്‍ഗ്രസില്‍ ഇനിയില്ല.

> പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാരനാണെങ്കില്‍ ടിക്കറ്റ് കിട്ടും

> നേതാക്കളേയും പ്രവര്‍ത്തകരേയും വേര്‍തിരിക്കുന്ന മതിലുകള്‍ പൊളിക്കും. 

> കോൺഗ്രസ് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകും. നമ്മളും മനുഷ്യരാണ്. തെറ്റു പറ്റും. എന്നാൽ മോദി ചിന്തിക്കുന്നത്. താൻ മനുഷ്യനല്ല, ദൈവാവതാരം ആണെന്നാണ്.

> ബിജെപി ഭയം വിതയ്ക്കുകയാണ്. മാധ്യമങ്ങൾ മുതൽ ജനങ്ങൾ വരെ ഭയപ്പെടുകയാണ്. 

‌> നീതിക്കുവേണ്ടി നാല് സുപ്രീം കോടതി ജഡ്ജിമാർ ജനങ്ങളുടെ ഇടയിലേക്കു വരേണ്ടിവന്ന സാഹചര്യം ആദ്യമായി നാം കണ്ടു. 

> ആർഎസ്എസും കോൺഗ്രസും തമ്മിലൊരു വ്യത്യാസമുണ്ട്. നമ്മള്‍ രാജ്യത്തിന്റെ സ്ഥാപനങ്ങളെ ബഹുമാനിക്കും. എന്നാൽ അവയ തകർക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. അവർക്ക് ആകെ ആർഎസ്എസ് മാത്രം മതി. 

> ബാങ്കുകളിൽനിന്ന് 33,000 കോടി രൂപ നിങ്ങൾക്കു മോഷ്ടിക്കാം, ബിജെപി സർക്കാർ നിങ്ങളെ സംരക്ഷിക്കും. 

> ധനമന്ത്രി നിശബ്ദനായിരിക്കും കാരണം അദ്ദേഹത്തിന്റെ മകൾ ഇത്തരം മുതലാളിമാർക്കുവേണ്ടിയാണ് ജോലി ചെയ്യുന്നത്. 

> നമുക്ക് കോൺഗ്രസിനെ മാറ്റിയെടുക്കണം. നമ്മുടെ നേതാക്കൻമാരുടെയും പ്രവർത്തകരുടെയും ഇടയിൽ ഒരു മതിലുണ്ട്. അതു തകർക്കുകയെന്നതാണ് എന്റെ ആദ്യ ചുമതല. ആ മതിൽ സ്നേഹം കൊണ്ടു തകർക്കാനുള്ള വഴികൾ മുതിർന്ന നേതാക്കളുമായി ആലോചിച്ചു ചെയ്യും. 

> അവർ ഗൗരി ലങ്കേഷിനോടും കൽബുറഗിയോടും പറഞ്ഞു, ഞങ്ങളെ ചോദ്യം ചെയ്താൽ നിങ്ങളെ ഇല്ലാതാക്കും. സത്യസന്ധരായ വ്യവസായികളോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെടും എന്നിട്ട് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നടത്തും. കൂലിയില്ലാതെ വേല ചെയ്യാൻ കർഷകരോട് അവർ ആവശ്യപ്പെടുന്നു.  

> മോദി എന്നാൽ എന്താണ് യഥാർഥത്തിൽ അർഥം? ഇന്ത്യയിലെ പ്രത്യക്ഷ ശത്രുക്കളായ മുതലാളിത്തവും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മിലുള്ള രഹസ്യധാരണയാണ് മോദി എന്ന പേര് പ്രതീകവൽക്കരിക്കുന്നത്.  

> നുണകളിൽ ഇന്ത്യ ജീവിക്കുമോ? അതോ സത്യത്തെ നേരിടാനുള്ള ധൈര്യം ഇന്ത്യയ്ക്കുണ്ടാകുമോ? ഇന്ന് അഴിമതിക്കാരും ശക്തരുമാണ് രാജ്യത്തിന്റെ സംവാദത്തെ നിയന്ത്രിക്കുന്നത്.

> നമ്മൾ രൂപീകരിച്ച അവസാനത്തെ സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. സന്തോഷത്തോടെയല്ല താനിതു പറയുന്നത്. രാജ്യത്തെ ജനങ്ങളെ നമ്മൾ താഴ്ത്തുകയായിരുന്നു ചെയ്തത്.

> പാർലമെന്റിൽ പല കാര്യങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചു രക്ഷപ്പെടുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗബ്ബർ സിങ് ടാക്സ് മുതൽ യോഗ വരെ അതാണു സംഭവിക്കുന്നത്. ഒരിക്കൽപ്പോലും പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്യാൻ തയാറായിട്ടില്ല. എന്നാൽ നീതിക്കും സത്യത്തിനും വേണ്ടിയുള്ള കോൺഗ്രസിന്റെ പോരാട്ടത്തെ തടയാൻ ആർക്കുമാകില്ല.

> രാജ്യം മടുത്തിരിക്കുകയാണ്. ഇതിൽനിന്നു പുറത്തേക്കൊരു വഴി തിരയുകയാണവർ. കോൺഗ്രസിനു മാത്രമേ മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കാനാകൂ.

> നമ്മുടെ പാർട്ടിയുടെ ആശയങ്ങൾ ജീവനോടെ കാത്തുസൂക്ഷിക്കാൻ പ്രവർത്തകർ കഷ്ടപ്പെടുകയാണ്. മുതിർന്ന നേതാക്കൾ യുവാക്കളെ നയിക്കണം. അങ്ങനെ പാർട്ടിയെ മുന്നിൽകൊണ്ടുവരണം.

> നൂറ്റാണ്ടുകൾക്കുമുൻപ് കുരുക്ഷേത്രയിൽ വലിയൊരു യുദ്ധം നടന്നു. കൗരവർ കരുത്തരും ധിക്കാരികളുമായിരുന്നു. എന്നാൽ പാണ്ഡവർ എളിമയുള്ളവരും സത്യത്തിനുവേണ്ടി പോരാടിയവരും ആയിരുന്നു. കൗരവരെപ്പോലെയാണ് ബിജെപിയും ആർഎസ്എസും. അധികാരത്തിനുവേണ്ടി പോരാടുകയാണ് അവർ. പാണ്ഡവരെപ്പോലെയാണ് കോൺഗ്രസുകാർ. സത്യത്തിനുവേണ്ടിയാണ് അവർ പോരാടുന്നത്. 

> ബിജെപിയുടെ അധ്യക്ഷനായി ഒരു കൊലക്കേസ് പ്രതിയെ ജനങ്ങൾ അംഗീകരിക്കും. എന്നാൽ കോൺഗ്രസ് അങ്ങനെ ചെയ്താൽ അതു അവർ അംഗീകരിക്കില്ല. കാരണം അവർ കോൺഗ്രസിനെ വളരെ ഉയർന്ന രീതിയിലാണ് കാണുന്നത്.

MORE IN INDIA
SHOW MORE