ബംഗാളിൽ നെഹ്റു പ്രതിമയ്ക്ക് കരിമഷിയേറ്; വ്യാപക പ്രതിഷേധം

nehru-statue
SHARE

പശ്ചിമ ബംഗാളിലെ കത്‍വയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രതിമയ്ക്ക് നേരെ സമൂഹ്യവിരുദ്ധർ കറുത്തമഷി ഒഴിച്ചു. കത്‍വ ടെലിഫോൺ മൈതാനിയിലുള്ള നെഹ്റു പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രതിമ കഴുകി വൃത്തിയാക്കി. ത്രിപുരയിൽ ബി‌ജെപി അധികാരത്തിലെത്തിയ ശേഷം ലെനിന്റെ പ്രതിമ തകർത്ത സംഭവം വൻവിവാദമായിരുന്നു. ഇതെ രീതിയിൽ രാജ്യത്തിന്റെ പലഭാഗത്തും നേതാക്കളുടെ പ്രതിമക്കെതിരെ ആക്രമണങ്ങൾ പതിവായിരുന്നു. അക്കൂട്ടത്തിൽ ഒടുവിലെത്തെ ഉദാഹരമാണ് നെഹ്റു പ്രതിമയ്ക്കെതിരെ പശ്ചിമ ബംഗാളിലുണ്ടായ ആക്രമണം. 

പ്രതിമ തകർത്ത സംഭവത്തിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ബി‌ജെപി പ്രവർത്തകർക്കു സംഭവത്തിൽ പങ്കുണ്ടെന്നും പ്രതിമ നഗരസഭ ചിലവിൽ വൃത്തിയാക്കുമെന്നും കത്‍വ നഗരസഭ ചെയർമാൻ രബീന്ദ്രനാഥ് ചതോപാധ്യായ പ്രതികരിച്ചു. 

മാർച്ച് ഏഴിന് കൊൽക്കത്തയിൽ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ ഏഴുപേർ ചേർന്നു തകർത്തിരുന്നു. തമിഴ്നാട്ടിൽ പെരിയാറുടെ പ്രതിമ, യുപിയിൽ അംബേദ്കർ പ്രതിമ, ത്രിപുരയിൽ ലെനിന്‍ പ്രതിമ എന്നിവയും തകർക്കപ്പെട്ടിരുന്നു. കണ്ണൂരിൽ ഗാന്ധിപ്രതിമക്കെതിരെയും സമാനരീതിയിൽ അക്രമം നടന്നിരുന്നു. ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചെടുത്തതിനു പിന്നാലെയായിരുന്നു രാജ്യവ്യാപകമായി പ്രതികൾ തകർക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തിൽ ഇടപെട്ടിരുന്നു. 

MORE IN INDIA
SHOW MORE