വായ്‌പാതട്ടിപ്പുകള്‍ അവസാനിക്കാതെ പിഎൻബി

pnb-fraud-case-t
SHARE

പിഎൻബിയിലെ വായ്പാതട്ടിപ്പുകൾക്ക് അവസാനമില്ല. മുംബൈ ബ്രാഡിഹൗസ് ശാഖകേന്ദ്രീകരിച്ച് നടന്ന ഒൻപതുകോടിയുടെ തട്ടിപ്പിനെതിരെ ബാങ്ക് സിബിഐക്ക് പരാതിനൽകി. വായ്പാതട്ടിപ്പിൽ നേരത്തെ അറസ്റ്റിലായ രണ്ട് ബാങ്ക് ഉന്നതഉദ്യോസ്ഥർ പുതിയകേസിലും പ്രതികളാണ്. 

മുംബൈ ബ്രാഡിഹൗസ് ശാഖയിൽനിന്ന് ഒൻപതുകോടി പത്തുലക്ഷംരൂപ തട്ടിച്ചകേസിലാണ് സിബിഐ കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. പിഎൻബിയുടെ പരാതിയിൽ മുംബൈയിലെ ചാന്ദ്രി പേപ്പർ ആൻറ് അലൈഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് കേസ്. പതിമൂവായിരംകോടിയുടെ തട്ടിപ്പിൽ അറസ്റ്റിലായ, പിഎൻബി മുന്‍ ഡപ്യൂട്ടി ജനറൽമാനേജർ ഗോകുൽനാഥ് ഷെട്ടി, മനോജ് ഹനുമന്ത് ഖരാവത്ത്, കമ്പനിയുടെ ഡയറക്ടർമാരായ ആദിത്യ രാസിവാസിയ, ഐഷ്വർദാസ് അഗർവാൾ എന്നിവരെ പ്രതിചേർത്താണ് കേസ്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബെൽജിയം ആൻറ്‍വേർപ് ശാഖവഴി പണംപിൻവലിച്ചശേഷം തിരിച്ചടയ്ക്കാതെ മുങ്ങുകയായിരുന്നു. പണംപിൻവലിക്കുന്നതിനായി കഴിഞ്ഞവർഷമാണ് ലെറ്റർഓഫ് അണ്ടർടേക്കിങ് അനുവദിച്ചതെന്നും വിവരമുണ്ട്. എന്നാൽ, പുതിയ തട്ടിപ്പിൻറെ വിശദാംശങ്ങൾ പിഎൻബി പുറത്തുവിട്ടിട്ടില്ല. മുംബൈ ബ്രാഡിഹൗസ് ശാഖയിലായിരുന്നു നേരത്തെ പതിമൂവായിരംകോടിയുടെ വായ്പാതട്ടിപ്പും കണ്ടെത്തിയത്. ഇതിൽ ആഭരണവ്യാപാരി നിരവ് മോദി, മെഹുൽചോക്സി തുടങ്ങിയവർക്കെതിരെ അന്വേഷണം തുടരുമ്പോഴാണ് പുതിയതട്ടിപ്പും പുറത്തെത്തുന്നത്. ഇതിനിടെ നിരവ് മോദി, മെഹുൽചോക്സി എന്നിവരെ തിരികെയെത്തിക്കുന്നതിനായി എൻഫോഴ്സ്മെൻറ് ഇൻറർപോളിൻറെ സഹായംതേടി.

MORE IN INDIA
SHOW MORE