ഇടറിയടത്തുനിന്ന് ജയന്തി തുടങ്ങി..പിന്നെ കണ്ടത് ഒരു അതിജീവനത്തിന്റെ കഥ..!

malayali-family-1
SHARE

 പ്രതിസന്ധികളെ അതിജീവിച്ച് മാരത്തണ്‍ മല്‍സരങ്ങളില്‍ വിജയക്കൊടിപാറിച്ച് ഒരു മറുനാടന്‍ മലയാളി കുടുംബം. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനായ സുനില്‍ കുമാറും ഭാര്യ ജയന്തിയും രണ്ട് മക്കളുമാണ് മാരത്തണ്‍ മല്‍സരങ്ങളിലെ സ്ഥിരസാന്നിധ്യമാകുന്നത്. ആസ്ത്മയുടെ വെല്ലുവിളികളെ അതിജീവിച്ചാണ്് ജയന്തി, ജീവിതത്തിലും ഓട്ടത്തിലും ജയിച്ചുകയറിയത്. 

 ഹൈജംപിലും ഷോട്പുട്ടിലും തിളങ്ങിയ കലാലയ ദിനങ്ങളുടെ ഓര്‍മകളെ ആസ്ത്്മ കവര്‍ന്നെടുത്തതിന്‍റെ ദുഖവുമായാണ് ഭര്‍ത്താവ് സുനില്‍ കുമാറിന്‍റെ മാരത്തണ്‍ മല്‍സരങ്ങള്‍ക്ക് ജയന്തി സാക്ഷിയായിരുന്നത്. ജീവിതത്തില്‍ മുന്നോട്ട് പോകാനാകാതെ ആസ്തമയുടെ അസ്വസ്ഥതകളില്‍ ഇടറിനിന്ന കാലം. ഐഡിബിഐ മാരത്തണില്‍ ഒന്നാമതെത്തിയ സുനില്‍ കുമാറിനു മുന്നില്‍ കളത്തിലേക്ക് തനിക്കിനി തിരികെയെത്താനാകുന്നില്ലെന്ന സങ്കടത്തോടെ ജയന്തി വിങ്ങിക്കരഞ്ഞു. എന്നാല്‍, ഭര്‍ത്താവിന്‍റെ പിന്തുണയോടെ ആദ്യം നടന്ന് പരിശീലിച്ച് തുടങ്ങി. നൂറുമീറ്റര്‍ പോലും നടക്കാനാവാത്ത സാഹചര്യത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാരത്തണ്‍ വിജയത്തിലേക്ക് എത്തിയതിന് പിന്നില്‍ നിശ്ചയദാര്‍ഡ്യത്തിനൊപ്പം കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയും കൂടെയുണ്ടായിരുന്നു.

1995 ല്‍ സി.ആര്‍.പി എഫില്‍ കോണ്‍സ്റ്റബിളായിട്ടാണ് ജയന്തി ഔദ്യോഗികജീവിതം തുടങ്ങിയത്. 2002 തുടങ്ങി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കി. 2016 ല്‍ അസുഖം ബാധിച്ച് വിരമിച്ചു. ഒന്നും ചെയ്യാനാകാതെ വീട്ടിലിരിക്കേണ്ടിവരുമെന്ന വിധിയെയാണ് ജയന്തി തകര്‍ത്തെറിഞ്ഞത്. 

പതിനൊന്നു മാസത്തിനിടെ അന്‍പതിലധികം മാരത്തണ്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു. ഭര്‍ത്താവും ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥനുമായ സുനില്‍കുമാര്‍ എണ്‍പതിലധികം മാരത്തണിലാണ് ഇതുവരെ മല്‍സരിച്ചത്. അച്ഛനും അമ്മയും രാവിലെ പരിശീലനത്തിനിറങ്ങുമ്പോള്‍ മടിപിടിക്കാതെ മക്കളായ അശ്വിനും അക്ഷതും കൂടെയിറങ്ങി. ഇപ്പോള്‍ കുടുംബമായി നാലുപേരും മാരത്തണ്‍ മല്‍സരങ്ങളിലെ സ്ഥിരസാന്നിധ്യം. 

MORE IN INDIA
SHOW MORE