യോഗിയെ വിറപ്പിക്കാൻ 'ചലോ ലഖ്നൗ'; സമ്മർദ്ദത്തിൽ ബിജെപി

yogi-adithyanad
SHARE

മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരിനെ വിറപ്പിച്ച കര്‍ഷകപ്രക്ഷോഭം ഉത്തര്‍പ്രദേശിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചലോ ലഖ്നൗ മാര്‍ച്ചെന്ന പേരില്‍ കര്‍ഷകര്‍ ഇന്ന് തലസ്ഥാനനഗരിയിലേക്ക് മാര്‍ച്ച് നടത്തും. കന്നുകാലികളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും ഭീഷണികളും അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.   

കര്‍ഷകപ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിന്‍റെ ഭാഗമായാണ് ഉത്തര്‍പ്രദേശില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇന്ന് വന്‍ റാലി നടത്തുന്നത്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവിന്‍റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, വൈദ്യുതിനിരക്ക് വര്‍ധനയും വൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണവും അവസാനിപ്പിക്കുക, പശുസംരക്ഷകര്‍ കര്‍ഷകര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ചലോ ലഖ്‍നൗ മാര്‍ച്ചിലൂടെ കര്‍ഷകര്‍ ഉന്നയിക്കുന്നത്. 

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ലഖ്നൗവിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിവേദനം കൈമാറും. അതേസമയം, മഹാരാഷ്ട്രയ്ക്ക് പിന്നാലെ  ഉത്തര്‍പ്രദേശിലും കര്‍ഷകപ്രക്ഷോഭം ഉയരുന്നത് ബിജെപിക്ക് കടുത്തവെല്ലുവിളിയാകും. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ഷകപ്രക്ഷോഭം തുടരും. എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകസമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE