തകർക്കപ്പെടുന്ന പ്രതിമകളുടെ രാഷ്ട്രീയം

tripura-statue
SHARE

ത്രിപുരയില്‍ ബിജെപിയുടെ ചരിത്ര വിജയം തത്വശാസ്ത്രത്തിന്‍റെ വിജയമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തിയത്. ചെങ്കോട്ട തകര്‍ത്തതിന്‍റെ അവേശത്തില്‍ ലെനിനിന്‍റെ പ്രതിമകള്‍ വീഴ്ത്തിയപ്പോള്‍ ഉയര്‍ന്നുവന്ന ചോദ്യം ഇതാണ്, മഹാത്മാക്കളുടെ പ്രതിമകള്‍ തകര്‍ക്കപ്പെടുമ്പോള്‍ വിജയിക്കുന്ന തത്വശാസ്ത്രം എന്താണ്?

'ചലോ പള്‍ട്ടായി'. 2011 ല്‍ പുറത്തിറങ്ങിയ ബംഗാളി സിനിമയുടെ പേരാണ്. നമുക്ക് മാറാം എന്നര്‍ഥം. ത്രിപുര പിടിച്ചെടുക്കാന്‍ ബിജെപി ഉയര്‍ത്തിയ മുദ്രാവാക്യം ഇതായിരുന്നു. ത്രിപുരയിലെ ചെങ്കൊടിയിറക്കത്തിന് പിന്നാലെ ലെനിന്‍റെ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തപ്പോള്‍ പലര്‍ക്കും തോന്നിപ്പോയി ഇതായിരുന്നോ ബിജെപി മുന്നോട്ടുവെച്ച മാറ്റം. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നിന്നുയര്‍ന്ന ചെറുത്തുനില്‍പ്പിനെ ആഴത്തില്‍ സ്വാധീനിച്ച വിപ്ലവനേതാവിന്‍റെ പ്രതിമ തകര്‍ക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്താണ്. 

ഇന്ത്യയില്‍ ലെനിന് എന്താണ് പ്രസക്തിയെന്ന് ചോദിച്ച ബിജെപി നേതാവ് എച്ച് രാജ ഇനി ലക്ഷ്യം തമിഴ്നാട്ടിലെ പെരായറിന്‍റെ പ്രതിമകളാണെന്ന് പ്രഖ്യാപിച്ചു. നിമിഷങ്ങള്‍ക്കകം വെല്ലൂര്‍ തിരുപ്പട്ടൂരില്‍ പെരിയാറിന്‍റെ പ്രതിമ തകര്‍ത്തു. രാജ്യത്തിന്‍റെ പലയിടത്തുമായി അംബേദ്ക്കര്‍, ഗാന്ധിജി, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുടെ പ്രതിമകള്‍ക്കുനേരെയും ആക്രമണമുണ്ടായി. 

പ്രത്യയശാസ്ത്രം വെറുപ്പിന്‍റേത് കൂടിയാകുമ്പോള്‍ വിജയം ആഘോഷിക്കാനുള്ള വഴികള്‍ പ്രതിമകള്‍ വലിച്ചു താഴെയിടുക, മറ്റുള്ളവരെ ആക്രമിക്കുക, വീടുകള്‍ക്ക് തീയിടുക, തെരുവുകള്‍ സംഘര്‍ഷഭരിതമാക്കുക എന്നതൊക്കെയാണ്. ഇടത് വലത് പാര്‍ട്ടികള്‍ ഇത് ഒരുപോലെ പ്രയോഗിക്കുന്നുണ്ട്. 

യുക്തിചിന്തയിലും തമിഴ് സ്വത്വബോധത്തിലും കെട്ടിയുയര്‍ത്തിയ പെരിയാറിന്‍റെ ചിന്തകളാണ് ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ അടിത്തറ. ഇ വി രാമസ്വാമിയെന്ന തന്തൈ പെരിയാര്‍ 1924 ലെ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിലെ ബ്രാഹ്മണമേല്‍ക്കോയ്മ ചോദ്യം ചെയ്ത് അദ്ദേഹം 1925 ല്‍ പാര്‍ട്ടി വിട്ടു. പിന്നീട് ദ്രാവിഡ കഴകം രൂപീകരിച്ചു. പെരിയാര്‍ തുടക്കമിട്ട ദ്രാവിഡ രാഷ്ട്രീയം ഡിഎംകെയും അണ്ണാഡിഎംകെയും പിന്നിട്ട് നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കുന്നു. 

കീഴാളര്‍ നേരിടുന്ന ചൂഷണത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും ബ്രാഹ്മണമേല്‍ക്കോയ്മയ്ക്കും ജാതിസമ്പ്രദായത്തിനും എതിരെ യുദ്ധം പ്രഖ്യാപിച്ചതാണ് പെരിയാര്‍. ത്രിപുരയല്ല തമിഴകം. ലെനിനല്ല പെരിയാര്‍ ദ്രാവിഡ ആശയങ്ങളെ അത്രവേഗം പിഴുതെറിയാന്‍ ബിജെപിക്ക് കഴിയില്ല.ഹിന്ദുക്കളാണ് ഇന്ത്യയിലെ ആദിമ ജനതയെന്ന് പുരാവസ്തു കണ്ടെത്തലുകളുടെയും ഡി.എന്‍.എ പഠനത്തിലൂടെയും  തെളിയിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. പ്രതിമകള്‍ തകര്‍ത്തും ചരിത്ര പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതിയും ബഹുസ്വരത ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ സജീവമാകുമ്പോള്‍ ചെറുതല്ലാത്ത ജാഗ്രതയും ചെറുത്തുനില്‍പ്പും ഒരു ജനതയുടെ ഭാഗത്തുനിന്നും ഉണ്ടായേമതിയാകൂ.

MORE IN INDIA BLACK AND WHITE
SHOW MORE