ഇനി വിപ്ലവക്കാറ്റ് യുപിയിലേക്ക്; യോഗിയെ വിറപ്പിക്കാനൊരുങ്ങി ‘ചലോ ലഖ്നൗ’

yogi-adithyanad
SHARE

മഹാരാഷ്ട്രയിലെ മഹാവിജയത്തിന് ശേഷം കര്‍ഷകര്‍ കൊളുത്തിവിട്ട വിപ്ലവക്കാറ്റ് മുംബൈ കടന്ന് ഇനി യുപിയിലേക്ക് ആഞ്ഞടിക്കാനൊരുങ്ങുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് യുപിയിലെ കര്‍ഷകരാണ് ലഖ്നൗവിലേക്ക് മാര്‍ച്ച് നടത്തുന്നത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് ‘ചലോ ലഖ്നൗ’ എന്നുപേരിട്ട മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപി അധികാരത്തിലുള്ള യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ഭരിക്കുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് യാതൊരു പരിഹാരവും സര്‍ക്കാര്‍ കണ്ടെത്തിയില്ല. ഇതേതുടര്‍ന്നാണ് മുംബൈയില്‍ വിജയം കണ്ട രീതിയില്‍ തന്നെ കര്‍ഷകപ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുന്നത്. ഇൗമാസം 15നാണ് ചലോ ലഖ്നൗ മാര്‍ച്ച് ആരംഭിക്കുന്നത്.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, കന്നുകാലികളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ചലോ ലഖ്നൗവിലൂടെ കര്‍ഷകര്‍ ഉന്നയിക്കുന്നത്.

yogi-adityanath

മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ 180 കിലോമീറ്റര്‍ ലോങ് മാര്‍ച്ച് സമരം ഇന്നലെ വിജയം കണ്ടിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് കര്‍ഷകര്‍ സമരം  അവസാനിപ്പിച്ചത്. ഇതിന്റെ വിജയത്തിന്റെ ചുവട്പിടിച്ചാണ് യുപിയെ കര്‍ഷകര്‍ ചലോ ലക്നൗ മാര്‍ച്ച് നടത്തുന്നത്. 

നഗരഹൃദയത്തില്‍ ചെങ്കൊടി പാറിച്ച കര്‍ഷകരുടെ സമരത്തില്‍ ആദിവാസി സമൂഹവും പങ്കെടുത്തിരുന്നു. ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കാമെന്നും വനാവകാശ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഇന്നലെ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

MORE IN INDIA
SHOW MORE