പിഎന്‍ബി തട്ടിപ്പ്; പൊതുമേഖലാ ബാങ്കുകളില്‍ പ്രത്യേക ഓഡിറ്റിങുമായി ആർ.ബി.ഐ

rbi-audit-t
SHARE

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെത്തുടര്‍ന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് പ്രത്യേക ഓഡിറ്റിങ് തുടങ്ങി. വ്യാവസായിക വായ്പ, പ്രത്യേകിച്ച് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്, സംബന്ധിച്ചാണ് പരിശോധന. അതിനിടെ അയ്യായിരത്തി ഇരുനൂറ് കോടി രൂപയുടെ വെട്ടിപ്പുനടത്തിയ വ്യാജ രസീതുകള്‍ ആദായനികുതി വകുപ്പ് കണ്ടെടുത്തു.  

പിഎന്‍ബി തട്ടിപ്പിനെത്തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് പൊതുമേഖലാ ബാങ്കുകള്‍ക്കായി ആര്‍ബിഐ പ്രത്യേക ഓഡിറ്റിങ്ങ് തുടങ്ങിയത്. വിവിധ ബാങ്കുകള്‍ നല്‍കിയിട്ടുള്ള ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്ങ്സിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചു. ഇനിയും തിരിച്ചുകിട്ടാനുള്ള വ്യാവസായിക വായ്പകള്‍, ഗ്യാരന്റി നല്‍കുന്നതിനുമുന്‍പ് ആവശ്യത്തിന് പണം കരുതിയിരുന്നോ തുടങ്ങിയ വിവരങ്ങളും ബാങ്കുകളോട് ആരാഞ്ഞിട്ടുണ്ട്. പിഎന്‍ബിക്കുപുറമെ ഓറിയെന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളിലും തട്ടിപ്പുകള്‍ നടന്നത് വ്യാവസായിക വായ്പകളുമായി ബന്ധപ്പെട്ടാണ്. രണ്ടാഴ്ചമുന്‍പ് മുംബൈയിലെ വജ്രവ്യാപാരികളുടെ കേന്ദ്രമായ ഭാരത് ഡയമണ്ട് ബൗസില്‍ ഉള്‍പ്പെട്ട ഒരു കമ്പനിയില്‍ നടത്തിയ റെയ്ഡിലാണ് ആദായനികുതി വകുപ്പ് വ്യാജ രസീതുകള്‍ പിടിച്ചെടുത്തത്. ഇത് പരിശോധിച്ചതിലൂടെ അയ്യായിരത്തി ഇരുനൂറ് കോടിയുടെ വെട്ടിപ്പിന് ഈ രസീതുകള്‍ ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. 

മെഹുള്‍ ചോക്സിയും നിരവ് മോഡിയും വിറ്റുവരവ് പെരുപ്പിച്ച് കാണിക്കുന്നതിന് ഈ രസീതുകള്‍ ഉപയോഗിച്ചതായി ആദായനികുതിവകുപ്പിന് തെളിവുലഭിച്ചു. തെറ്റായ വിറ്റുവരവ് കാണിച്ചാണ് ഇരുവരും ബാങ്കുകളില്‍ നിന്ന് അധിക വായ്പ തരപ്പെടുത്തിയത്. അതിനിടെ, ചോക്സിക്കും മോഡിക്കും പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്സ് സ്വീകരിച്ച് മുപ്പതോളം ബാങ്കുകള്‍ പണം നല്‍കിയതായി പാര്‍ലമെന്റററി സമിതി കണ്ടെത്തി. എസ്ബിഐ, യൂണിയന്‍ ബാങ്ക്, അലഹാബാദ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും ഇതിലുള്‍പ്പെട്ടതായി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ ബാങ്കുകള്‍ക്കുപുറമെ, ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളും ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളും റിസര്‍വ് ബാങ്കുകളുമായി ചര്‍ച്ച നടത്തും. 

MORE IN INDIA
SHOW MORE